ഔട്ട് വിളിച്ചാൽ മത്സരം ടൈ, നോട്ടൗട്ടെങ്കിൽ ഡൽഹിക്ക് ജയം; കഠിന പരീക്ഷയ്ക്കൊടുവിൽ ‘പച്ച തെളിച്ച്’ തേഡ് അംപയർ, വിവാദം– വിഡിയോ

Mail This Article
വഡോദര∙ വനിതാ പ്രിമിയർ ലീഗിൽ ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഡൽഹി ക്യാപിറ്റൽസ് തോൽപ്പിച്ചതിനു പിന്നാലെ, അവസാന പന്തിലെ റണ്ണൗട്ട് അപ്പീൽ ഉൾപ്പെടെ രണ്ട് റണ്ണൗട്ടുകളുമായി ബന്ധപ്പെട്ട് തേഡ് അംപയർ കൈക്കൊണ്ട തീരുമാനങ്ങളെച്ചൊല്ലി വിവാദം. മത്സരത്തിലെ അവസാന പന്തിൽ അരുദ്ധതി റെഡ്ഡിക്കെതിരായ റണ്ണൗട്ട് അപ്പീലുമായി ബന്ധപ്പെട്ടും, മറ്റൊരു ഡൽഹി താരം ശിഖ പാണ്ഡെയ്‌ക്കെതിരായ റണ്ണൗട്ട് അപ്പീലുമായി ബന്ധപ്പെട്ടുമാണ് തേഡ് അംപയറിന്റെ തീരുമാനങ്ങൾ വിവാദമായത്. രണ്ടു തവണയും തീരുമാനം ഡൽഹി ക്യാപിറ്റൽസിന് അനുകൂലമാവുകയും, ഒടുവിൽ അവസാന പന്തിലെ മുംബൈ ഇന്ത്യൻസിന്റെ റണ്ണൗട്ട് അപ്പീൽ തേഡ് അംപയർ തള്ളിയതോടെ ഡൽഹി വിജയിക്കുകയും ചെയ്തതോടെയാണ് വിവാദം ആളിക്കത്തിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 19.1 ഓവറിൽ 164 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഡൽഹി അവസാന പന്തിൽ അരുദ്ധതി റെഡ്ഡി നേടിയ ഡബിളിന്റെ കരുത്തിൽ വിജയത്തിലെത്തി. വനിതാ പ്രിമിയർ ലീഗിൽ ഡൽഹി വിജയകരമായി പിന്തുടരുന്ന ഉയർന്ന സ്കോറാണിത്. മാത്രമല്ല, മുംബൈയ്‌ക്കെതിരെ ഏതൊരു ടീമും പിന്തുടർന്നു ജയിക്കുന്ന ഉയർന്ന സ്കോറും ഇതുതന്നെ.
മലയാളി താരം സജന സജീവൻ എറിഞ്ഞ അവസാന ഓവറിൽ ഡൽഹിക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 10 റൺസാണ്. കൈവശം ശേഷിച്ചിരുന്നത് മൂന്നു വിക്കറ്റും ക്രീസിലുണ്ടായിരുന്നത് രാധാ യാദവ്, നികി പ്രസാദ് എന്നിവരും. ആദ്യ പന്തിൽ ഫോറടിച്ചു തുടങ്ങിയ നികി, അടുത്ത പന്തിൽ ഡബിളും മൂന്നാം പന്തിൽ സിംഗിളും നേടി. നാലാം പന്തിൽ രാധാ യാദവിന്റെ വക സിംഗിൾ. ഇതോടെ അവസാന രണ്ടു പന്തിൽ വിജയത്തിലേക്ക് രണ്ടു റൺസ് എന്ന നില വന്നു. അഞ്ചാം പന്തിൽ നികി പ്രസാദിന്റെ വിക്കറ്റെടുത്ത് മുംബൈയ്‌ക്കായി സജനയുടെ സ്ട്രൈക്ക്. എന്നാൽ അവസാന പന്തിൽ ഡബിളെടുത്ത് അരുദ്ധതി റെഡ്ഡി ഡൽഹിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. എന്നാൽ, അവസാന പന്തിൽ രണ്ടാം റണ്ണിനു ശ്രമിച്ച അരുദ്ധതി റണ്ണൗട്ടായിരുന്നുവെന്നാണ് മുംബൈ ആരാധകരുടെ വാദം.
അവസാന പന്ത് നേരിട്ട അരുദ്ധതി റെഡ്ഡി അത് ഓഫ്സൈഡിലേക്ക് തട്ടിയിട്ട് റണ്ണിനായി ഓടി. ആദ്യ റൺ പൂർത്തിയാക്കി രണ്ടാം റണ്ണിനായി ഓടുമ്പോഴേയ്ക്കും മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പന്ത് പിടിച്ചെടുത്ത് വിക്കറ്റ് കീപ്പറിന് എറിഞ്ഞു നൽകി. അരുദ്ധതി ക്രീസിലേക്ക് ഡൈവ് ചെയ്തതും വിക്കറ്റ് കീപ്പർ സ്റ്റംപിളക്കിയതും ഒരുമിച്ച്. ഒറ്റനോട്ടത്തിൽ ഔട്ടോ നോട്ടൗട്ടോ എന്ന് മനസ്സിലാക്കാനാകാത്ത അവസ്ഥ.
ഇതോടെ അന്തിമ തീരുമാനം തേഡ് അംപയറിന്റെ ചുമലിലായി. ഔട്ട് വിളിച്ചാൽ മത്സരം ടൈ ആകും, സൂപ്പർ ഓവറിലേക്ക് നീളും എന്ന സാഹചര്യം ഒരുവശത്ത്. നോട്ടൗട്ട് എങ്കിൽ ഡൽഹി ജയിക്കും എന്ന അവസ്ഥ മറുവശത്തും. നിർണായക തീരുമാനത്തിനായി വിഡിയോയുടെ വ്യത്യസ്ത ആംഗിളുകൾ അംപയർ പരിശോധിച്ചു. സ്റ്റംപിളക്കുമ്പോൾ അരുദ്ധതിയുടെ ബാറ്റ് ക്രീസിലെത്തിയില്ലെങ്കിലും, ലൈനിൽ സ്പർശിച്ചിരുന്നു എന്നായിരുന്നു തേഡ് അംപയറിന്റെ കണ്ടെത്തൽ. പരമ്പരാഗതമായി ബെയ്ൽസ് ഇളകിവീണാൽ മാത്രമേ ഔട്ട് അനുവദിക്കൂ എന്നതാണ് നിയമമെങ്കിലും, എൽഇഡ് സ്റ്റംപുകൾ ഉപയോഗിക്കുന്ന വനിതാ പ്രിമിയർ ലീഗിൽ ലൈറ്റ് കത്തുന്നതാണ് മാനദണ്ഡം. ഒടുവിൽ തേഡ് അംപയർ അരുദ്ധതി നോട്ടൗട്ടാണെന്ന് വിധിച്ചതോടെ ഡൽഹിക്ക് ജയം.
ഈ സംഭവത്തിനു തൊട്ടുമുൻപ് ഡൽഹിയുടെ തന്നെ ശിഖ പാണ്ഡെയുടെ കാര്യത്തിലുണ്ടായ ആശയക്കുഴപ്പത്തിലും തേഡ് അംപയർ നോട്ടൗട്ട് വിധിച്ചത് ഡൽഹിയുടെ വിജയത്തിൽ നിർണായകമായി. അരുദ്ധതി റെഡ്ഡിയുടെ കാര്യത്തിൽ സംഭവിച്ചതിനു സമാനമായിരുന്നു ശിഖയുടെ കാര്യത്തിലും. വിശദമായ പരിശോധനയ്‌ക്കൊടുവിൽ തീരുമാനം ശിഖയ്ക്കും അതുവഴി ഡൽഹിക്കും അനുകൂലമാവുകയും ചെയ്തു.
എന്നാൽ, മത്സരത്തിനു തൊട്ടുപിന്നാലെ തേഡ് അംപയറിന്റെ രണ്ട് നോട്ടൗട്ട് തീരുമാനങ്ങളും വലിയ തോതിൽ ചർച്ചാവിഷയമായി. മുൻ ഓസ്ട്രേലിയൻ താരം ലിസ സ്ഥലേക്കർ, പരിശീലകൻ മൈക്ക് ഹെസൻ തുടങ്ങിയവർ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. രണ്ടു തവണയും ഡൽഹി താരങ്ങൾ ഔട്ടായിരുന്നില്ലേ എന്നായിരുന്നു ലിസയുടെ സംശയം. അംപയറുടെ തീരുമാനത്തിൽ അദ്ഭുതം പ്രകടിപ്പിച്ച് മൈക്ക് ഹെസ്സനും എക്സിൽ കുറിപ്പ് പങ്കുവച്ചു.