ഒരു രാത്രി ജയിലില്‍ താമസിക്കണോ? ‘ഫീൽ ദ ജയിൽ’, 500 രൂപ നല്‍കിയാല്‍ മതി!

Mail This Article
ജയില്‍പ്പുള്ളികളുടെ ദൈനംദിന ജീവിതം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ആര്‍ക്കും ജയിലില്‍ ജീവിക്കണം എന്നൊന്നും ആഗ്രഹം കാണില്ല, എന്നാല്‍ അവരുടെ ഒരു ദിവസം എങ്ങനെ കടന്നുപോകുന്നു എന്നറിയാന്‍ പലര്‍ക്കും താല്പര്യം കാണും. വിനോദസഞ്ചാരികള്‍ക്ക് അക്കാര്യം അറിയാനായി അവസരം നല്‍കുന്ന ഒരിടം തെലങ്കാനയിലുണ്ട്. ഒരു ദിവസത്തിന് വെറും 500 രൂപ നല്‍കിയാല്‍ മതി.
തെലങ്കാനയിലെ മേഡക് ജില്ലയിലെ സംഗറെഡ്ഡി ജയിൽ ഇപ്പോൾ വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുന്നു. ദിവസത്തില്‍ 24 മണിക്കൂറും ഇവിടെ ചെലവഴിച്ചുകൊണ്ട്, ഒരു തടവുകാരനായിരിക്കുന്നതിന്‍റെ അനുഭവം എങ്ങനെയാണെന്ന് മനസ്സിലാക്കാം. "ഫീൽ ദ ജയിൽ" എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടത്തുന്നത്.
കേള്‍ക്കുമ്പോള്‍ എന്തെളുപ്പം എന്നു തോന്നാം, അല്ലെങ്കില്‍ വലിയ ആവേശമൊക്കെ തോന്നാനും സാധ്യതയുണ്ട്. എന്നാല്‍, ഒരു ജയില്‍പ്പുള്ളിയെപ്പോലെ തന്നെയായിരിക്കും ഇവിടെ നിങ്ങളോട് പെരുമാറുക. സ്മാര്‍ട്ട് ഫോണ്‍ അകത്തേക്ക് കൊണ്ടുപോകുന്ന കാര്യം ഓര്‍ക്കുകയേ വേണ്ട, പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഉപകരണങ്ങള്‍ വാങ്ങിവയ്ക്കും. ഒരു ജയിൽ യൂണിഫോം, അവശ്യം വേണ്ട പാത്രങ്ങള്‍, ടോയ്‌ലറ്ററികൾ, സംസ്ഥാന ജയിൽ മാനുവൽ പ്രകാരമുള്ള മറ്റ് സൗകര്യങ്ങൾ, ഒരു ഫാൻ എന്നിവ നൽകും.
ജയിലില്‍ കര്‍ശനമായ ദിനചര്യയുണ്ട്. രാവിലെ 6 മണിക്ക് ഉണർന്ന് ഒരു മാർച്ചിന് പോയി "ജയിൽ കാ ഖാന" ആസ്വദിക്കാം. ചായ, ചപ്പാത്തി, ചോറ്, രസം, തുവരപ്പരിപ്പ്, പരിപ്പ്, കറി, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുന്നു. സംഗ റെഡ്ഡി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള കണ്ടി ഗ്രാമത്തിനടുത്തുള്ള പുതിയ ജില്ലാ ജയിലിൽ നിന്നാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
അതിനുശേഷം, വലിയ ആയാസകരമായ ജോലികള്‍ ഒന്നും ഇല്ല. എങ്കിലും ബാരക്കുകൾ വൃത്തിയാക്കുക, തൈ നടുക മുതലായ ജോലികള്‍ ചെയ്യണം. ഒടുവിൽ, വൈകുന്നേരം 6 മണിക്ക് അത്താഴം വിളമ്പുന്നു, സിനിമയിലെന്നപോലെ 9 മണിയോടെ വിളക്കുകൾ അണയും!
ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ഇവിടെ ഒരു രാത്രി ചെലവഴിക്കുന്നത് ജയിലുകൾക്ക് പിന്നിലെ ജീവിതം എത്രത്തോളം ദുഷ്‌കരമാണെന്ന് ആളുകളെ ബോധവല്‍ക്കരിക്കാനും ഇതിലൂടെ പറ്റും. പലരും ആദ്യം വലിയ ആവേശത്തോടെയാണ് എത്തുന്നതെങ്കിലും, 30 ശതമാനം തടവുകാരും പെട്ടെന്നുള്ള ഭയം മൂലം പുറത്തിറങ്ങിപ്പോകുന്നത് പതിവാണ്. അങ്ങനെ ചെയ്യുന്നവരിൽ നിന്ന് ജയില്‍ അധികൃതര്‍ 500 രൂപ അധിക ചാർജ് ഈടാക്കുന്നു. എന്നാൽ 24 മണിക്കൂറും പൂർത്തിയാക്കുന്നവർ പുതിയൊരു സ്വാതന്ത്ര്യബോധത്തോടെയാണ് പുറത്തിറങ്ങുന്നതെന്ന് അധികൃതര്‍ പറയുന്നു.
പിഡബ്ല്യുഡി രേഖകൾ പ്രകാരം, ഹൈദരാബാദ് നാട്ടുരാജ്യത്തിലെ നിസാം ഭരണകാലത്ത്, എഡി 1796 ൽ സലാർ ജംഗ് ഒന്നാമന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ ജയിൽ നിർമ്മിച്ചത്. 90 പുരുഷ തടവുകാരെയും 5 സ്ത്രീ തടവുകാരെയും താമസിപ്പിക്കാൻ ഇവിടെ സൗകര്യമുണ്ട്. ഏകദേശം 220 വർഷക്കാലം തടവുപുള്ളികളെ പാര്‍പ്പിച്ച ശേഷം, 2012 ൽ ഇവിടുത്തെ തടവുകാരെ പുതിയ ജില്ലാ ജയിലിലേക്ക് മാറ്റി.
പിന്നീട്, ചരിത്രമുറങ്ങുന്ന ഈ കെട്ടിടം, 2016 ജൂണിൽ ഒരു മ്യൂസിയമാക്കി മാറ്റി. ജയിൽ ഡെപ്യൂട്ടി എസ്പി ആയിരുന്ന എം. ലക്ഷ്മി നരസിംഹയാണ് "ഫീൽ ദി ജയിൽ" സംരംഭം ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിലെ കുറ്റകൃത്യങ്ങളും ജയിൽ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റ് കരകൗശല വസ്തുക്കളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഹൈദരാബാദിൽ നിന്ന് 60-65 കിലോമീറ്റർ അകലെയാണ് സംഗറെഡ്ഡി സ്ഥിതി ചെയ്യുന്നത്.