എസ് ബി ഐ നിക്ഷേപ , വായ്പാ പലിശ നിരക്കുകൾ വെട്ടിക്കുറച്ചു, പുതിയ നിരക്കുകൾ ഇങ്ങനെയാണ്

Mail This Article
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വായ്പകളുടെ പലിശ നിരക്ക് ഇന്നു മുതൽ കുറയ്ക്കുന്നു. റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതിന്റെ ചുവടു പിടിച്ചാണ് എസ് ബിഐ നിരക്കു കുറയ്ക്കുന്നത്. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ബാങ്കിന്റെ റിപ്പോ ലിങ്ക്ഡ് വായ്പ നിരക്ക്( RLLR) അനുസരിച്ച് വായ്പകൾക്ക് പൊതുവെ 25 അടിസ്ഥാന പോയിന്റ് വീതമാണ് കുറച്ചിരിക്കുന്നത്. ബാങ്കിന്റെ RLLR 8.50 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി കുറച്ചിട്ടുണ്ട്. കാലങ്ങൾക്ക് ശേഷമാണ് വായ്പ നിരക്കിൽ ഇത്തരത്തിലൊരു കുറവ് ലഭിക്കുന്നത്. ഇത് ഭാവന, വാഹന വായ്പകളെടുത്തിട്ടുള്ളവർക്ക് ആശ്വാസമാകും.
അതേ സമയം ബാങ്ക് നിക്ഷേപങ്ങളുടെയും പലിശ നിരക്ക് കുറയുമെന്നത് ആശങ്കയാണ്. തിരഞ്ഞെടുത്ത എഫ് ഡി നിരക്കുകള്‍ 10 അടിസ്ഥാന പോയിന്റ് കുറയും. ഒരു വർഷം മുതൽ മൂന്ന് വർഷം വരെ കാലയളവുകളിലുള്ള നിക്ഷേപങ്ങൾക്കാണ് നിരക്കിലെ കുറവ് ഇപ്പോൾ ബാധകമാകുക. സാധാരണക്കാരുടെയും മുതിർന്ന പൗരന്മാരുടെയും നിക്ഷേപങ്ങളെ ഇത് ബാധിക്കും.
സാധാരണ നിക്ഷേപകരുടെ ഒരു വർഷത്തിനു മുകളിലും രണ്ട് വർഷത്തിൽ താഴെയുമുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.80 ശതമാനത്തിൽ നിന്ന് 6.70 ശതമാനമായി കുറച്ചിട്ടുണ്ട്. രണ്ട് മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പലിശ 7 ശതമാനത്തിൽ നിന്ന് 6.90 ശതമാനമാക്കി കുറച്ചു. മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തിനു മുകളിലും രണ്ട് വർഷത്തിൽ താഴെയും കാലയളവിലുള്ള നിക്ഷേപത്തിന് 7.30 ശതമാനത്തിൽ നിന്ന് 7.20 ശതമാനമായും , രണ്ട് മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.50 ശതമാനത്തിൽ നിന്ന് 7.40 ശതമാനമായും കുറവ് വരുത്തിയിട്ടുണ്ട്. സാധാരണ നിക്ഷേപകർക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്ന 441 ദിവസം കാലയളവുള്ള 'അമൃത വ്യഷ്ടി' നിക്ഷേപത്തിന്റെ പലിശ .20 ശതമാനം കുറച്ച് 7.05 ശതമാനമായി പുനരവതരിപ്പിച്ചു. 7.25 ശതമാനമായിരുന്നതാണ് 7.05 ആയി കുറച്ചത്. മുതിർന്ന പൗരന്മാർക്ക് പലിശ നിരക്ക് 7.75 ശതമാനത്തിൽ നിന്ന് 7.55 ശതമാനമായാണ് കുറച്ചിട്ടുള്ളത്.