മലയാളി താരം സജനയെറിഞ്ഞ അവസാന ഓവറിൽ 10 റൺസ്, അവസാന പന്തിലെ റണ്ണൗട്ടും അതിജീവിച്ചു; മുംബൈയെ വീഴ്ത്തി ഡൽഹി

Mail This Article
വഡോദര∙ വനിതാ പ്രിമിയർ ലീഗിൽ ആവേശം അവസാന പന്തുവരെ കൂട്ടിനെത്തിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. രണ്ടു വിക്കറ്റിനാണ് ഡൽഹി മുംബൈയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 19.1 ഓവറിൽ 164 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഡൽഹി അവസാന പന്തിൽ അരുദ്ധതി റെഡ്ഡി നേടിയ ഡബിളിന്റെ കരുത്തിൽ വിജയത്തിലെത്തി. വനിതാ പ്രിമിയർ ലീഗിൽ ഡൽഹി വിജയകരമായി പിന്തുടരുന്ന ഉയർന്ന സ്കോറാണിത്. മാത്രമല്ല, മുംബൈയ്‌ക്കെതിരെ ഏതൊരു ടീമും പിന്തുടർന്നു ജയിക്കുന്ന ഉയർന്ന സ്കോറും ഇതുതന്നെ.
മലയാളി താരം സജന സജീവൻ എറിഞ്ഞ അവസാന ഓവറിൽ ഡൽഹിക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 10 റൺസാണ്. കൈവശം ശേഷിച്ചിരുന്നത് മൂന്നു വിക്കറ്റും ക്രീസിലുണ്ടായിരുന്നത് രാധാ യാദവ് നികി പ്രസാദ് എന്നിവരും. ആദ്യ പന്തിൽ ഫോറടിച്ചു തുടങ്ങിയ നികി, അടുത്ത പന്തിൽ ഡബിളും മൂന്നാം പന്തിൽ സിംഗിളും നേടി. നാലാം പന്തിൽ രാധാ യാദവിന്റെ വക സിംഗിൾ. ഇതോടെ അവസാന രണ്ടു പന്തിൽ വിജയത്തിലേക്ക് രണ്ടു റൺസ് എന്ന നില വന്നു. അഞ്ചാം പന്തിൽ നികി പ്രസാദിന്റെ വിക്കറ്റെടുത്ത് സജനയുടെ സ്ട്രൈക്ക്. എന്നാൽ അവസാന പന്തിൽ ഡബിളെടുത്ത് അരുദ്ധതി റെഡ്ഡി ഡൽഹിക്ക് വിജയം സമ്മാനിച്ചു. എന്നാൽ, രണ്ടാം റണ്ണിനു ശ്രമിച്ച അരുദ്ധതി റണ്ണൗട്ടാണെന്ന വാദവും ഉയരുന്നുണ്ട്.
18 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 43 റൺസെടുത്ത ഓപ്പണർ ഷഫാലി വർമയാണ് ഡൽഹിയുടെ ടോപ് സ്കോറർ. നികി പ്രസീദ് (33 പന്തിൽ 35), സാറാ ബ്രൈസ് (10 പന്തിൽ 21), ക്യാപ്റ്റൻ മെഗ് ലാന്നിങ് (19 പന്തിൽ 15), ആലിസ് കാപ്സി (18 പന്തിൽ 16), അന്നബെൽ സുതർലൻഡ് (10 പന്തിൽ 13) എന്നിവരും ചേർന്നാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്. മുംബൈയ്‌ക്കായി ഹെയ്‌ലി മാത്യൂസ്, അമേലിയ കേർ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
∙ ബോളിങ്ങിൽ ‘തിരിച്ചടിച്ച്’ ഡൽഹി
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ്, 19.1 ഓവറിൽ 164 റൺസിന് എല്ലാവരും പുറത്തായി. 59 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്ന നാറ്റ് സീവർബ്രന്റാണ് അവരുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 42 റൺസെടുത്ത് പുറത്തായി. 10.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലായിരുന്ന മുംബൈയെ, രണ്ടാം പകുതിയിലെ അസാമാന്യ ബോളിങ് പ്രകടനത്തിലൂടെയാണ് ഡൽഹി തളച്ചത്.
അവസാന 8.3 ഓവറിനിടെ എട്ടു വിക്കറ്റ് നഷ്ടമാക്കിയ മുംബൈയ്‌ക്ക് നേടാനായത് 59 റൺസ് മാത്രമാണ്. മലയാളി താരം മിന്നു മണി നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മുംബൈ നിരയിലെ മലയാളി താരം സജന സജീവന് തിളങ്ങാനായില്ല. രണ്ടു പന്തിൽ ഒരു റണ്ണെടുത്ത് സജന പുറത്തായി.
59 പന്തിൽ 13 ഫോറുകൾ സഹിതമാണ് നാറ്റ് സീവർ 80 റൺസെടുത്തത്. മൂന്നാം വിക്കറ്റിൽ നാറ്റ് സീവർ – ഹർമൻപ്രീത് സഖ്യം പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്. 39 പന്തിൽ ഇരുവരും മുംബൈ സ്കോർബോർഡിൽ എത്തിച്ചത് 73 റൺസാണ്. എന്നാൽ 11–ാം ഓവറിൽ ഹർമൻപ്രീത് പുറത്തായതിനു ശേഷം മുംബൈയ്‌ക്ക് പിടിച്ചുനിൽക്കാനാകാതെ പോയത് തിരിച്ചടിയായി. ഇവർക്കു പുറമേ മുംബൈ നിരയിൽ രണ്ടക്കത്തിലെത്തിയത് ഓപ്പണർ യാസ്തിക ഭാട്യ മാത്രമാണ്. ഒൻപതു പന്തിൽ രണ്ടു ഫോറുകൾ സഹിതം നേടിയത് 11 റൺസ്.
ഹെയ്‌ലി മാത്യൂസ് (0), അമേലിയ കേർ (9), അമൻജോത് കൗർ (7), സംസ്കൃതി ഗുപ്ത (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. 3.1 ഓവറിൽ 34 റൺസ് വലങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അന്നബെൽ സുതർലൻഡ്, നാല് ഓവറിൽ 14 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ശിഖ പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ് ഡൽഹി ക്യാപിറ്റൽസ് മുംബൈയെ 164 റൺസിൽ ഒതുക്കിയത്.