‘കോലിയെയും മറ്റ് ഇന്ത്യൻ താരങ്ങളെയും ആലിംഗനം ചെയ്യരുത്, ഇന്ത്യ ബംഗ്ലദേശിനോടും തോൽക്കട്ടെ’: പാക്ക് ആരാധകന്റെ വിഡിയോ വൈറൽ

Mail This Article
ഇസ്‍ലാമാബാദ്∙ ചാംപ്യൻസ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്ന പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ച ഇന്ത്യൻ ടീമുമായി യാതൊരു സൗഹൃദവും വേണ്ടെന്ന ആവശ്യവുമായി രംഗത്തെത്തിയ പാക്കിസ്ഥാൻ ആരാധകന്റെ വിഡിയോ വൈറൽ. പാക്ക് മാധ്യമപ്രവർത്തകനും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫരീദ് ഖാനാണ് ഈ ആരാധകന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലദേശിനോട് തോൽക്കട്ടെ എന്ന ‘ആഗ്രഹ’വും ഈ ആരാധകൻ പങ്കുവയ്ക്കുന്നുണ്ട്.
ഇന്ത്യൻ താരങ്ങളുമായി ഒരു തരത്തിലും സൗഹൃദം വേണ്ടെന്ന് നിർദ്ദേശിക്കുന്ന ആരാധകൻ, മത്സരത്തിനു ശേഷം വിരാട് കോലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളെ ആലിംഗനം ചെയ്യരുതെന്നും പാക്കിസ്ഥാൻ ടീമംഗങ്ങളോട് ആവശ്യപ്പെടുന്നതാണ് വിഡിയോയിലുള്ളത്.
ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും മത്സരിക്കാനിരിക്കെയാണ്, ഇന്ത്യൻ താരങ്ങളുമായി യാതൊരു സൗഹൃദവും വേണ്ടെന്ന ആരാധകന്റെ ആവശ്യം. പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾക്കു മാത്രം ദുബായ് ആണ് വേദിയാകുക. ഫെബ്രുവരി 23ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ – പാക്കിസ്ഥാൻ മത്സരം.
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുമായി ഇതുവരെ നേർക്കുനേർ എത്തിയ അഞ്ച് മത്സരങ്ങളിൽ മൂന്നിലും ജയിച്ച പാക്കിസ്ഥാനാണ് നേരിയ മേൽക്കൈ ഉള്ളത്. ഏറ്റവും ഒടുവിൽ ചാംപ്യൻസ് ട്രോഫി നടന്ന 2017ൽ കലാശപ്പോരിൽ ഇന്ത്യയെ തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കിരീടം ചൂടിയത്.