ഉറപ്പിച്ച വിക്കറ്റ് ഡിആർഎസ് എടുക്കാതെ കളഞ്ഞു, ക്യാച്ച് പാഴാക്കി അഫ്രീദി; പാക്കിസ്ഥാൻ തോറ്റത് വെറുതെയല്ല!- വിഡിയോ

Mail This Article
കറാച്ചി∙ത്രിരാഷ്ട്രപരമ്പരയിൽ ന്യൂസീലൻഡിനെതിരായ ഫൈനലിൽ ക്യാച്ച് കൈവിട്ടും, ഉറപ്പുള്ള വിക്കറ്റ് ഡിആർഎസ് എടുക്കാതെയും പാഴാക്കി പാക്കിസ്ഥാൻ താരങ്ങൾ. ചാംപ്യൻസ് ട്രോഫിക്കു തൊട്ടുമുൻപ് ആതിഥേയരായ പാക്കിസ്ഥാന്റെ ആത്മവിശ്വാസമേറ്റാൻ നടത്തിയ പരമ്പരയുടെ ഫൈനലിൽ പാക്കിസ്ഥാൻ തോൽവി വഴങ്ങിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 49.3 ഓവറിൽ 242 റൺസെടുത്തു പുറത്തായിരുന്നു.
മറുപടി ബാറ്റിങ്ങിൽ 45.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് വിജയ റൺസ് കുറിച്ചു. മധ്യനിര താരങ്ങളായ ഡാരിൽ മിച്ചൽ (58 പന്തിൽ 57), ടോം ലാതം (64 പന്തിൽ 54) എന്നിവരുടെ അർധ സെഞ്ചറി പ്രകടനങ്ങളാണ് ന്യൂസീലൻഡ് വിജയത്തിൽ നിർണായകമായത്. ഓപ്പണർ ഡെവോൺ കോൺവെ (74 പന്തിൽ 48), കെയിൻ വില്യംസൻ (49 പന്തിൽ 34) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.
ടോം ലാതമിനെ പുറത്താക്കാനുള്ള രണ്ട് സുവർണാവസരങ്ങളാണ് പാക്കിസ്ഥാൻ ഫൈനൽ മത്സരത്തിൽ പാഴാക്കിയത്. ടോം ലാതം 13 റൺസെടുത്തു നിൽക്കെ അബ്രാര്‍ അഹമ്മദിനാണു താരത്തെ പുറത്താക്കാനുള്ള ആദ്യ അവസരം ലഭിച്ചത്. പാക്ക് താരങ്ങൾ എൽബിഡബ്ല്യു വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും അംപയര്‍ അനുകൂല തീരുമാനം എടുത്തില്ല. എന്നാൽ ഡിആർഎസ് എടുക്കാൻ അവസരമുണ്ടായിരുന്നു. ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാനോ, ബോളർ അബ്രാറോ അതിനുവേണ്ടി യാതൊരു നീക്കവും നടത്തിയില്ല. റീപ്ലേകളിൽ താരം ഔട്ടാണെന്നു വ്യക്തമായി.
ലാതം 15 റൺസെടുത്തു നിൽക്കെ ക്യാച്ചെടുത്തു പുറത്താക്കാനുള്ള അവസരം പേസർ ഷഹീൻ അഫ്രീദിയും പാഴാക്കി. ലാതത്തിന്റെ ബാറ്റിൽ തട്ടി കയ്യിലേക്കുവന്ന പന്ത് ഷഹീന് പിടിച്ചെടുക്കാൻ സാധിച്ചില്ല. പാക്കിസ്ഥാൻ പാഴാക്കിയ അവസരങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തില്‍ 16 വൈഡുകളാണ് പാക്ക് ബോളർമാർ എറിഞ്ഞത്. 19ന് നടക്കുന്ന ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ ന്യൂസീലൻഡാണ് ആതിഥേയരായ പാക്കിസ്ഥാന്റെ എതിരാളികൾ.