ലോട്ടറിയടിച്ച് കൃഷിക്കാരനായി; കൃഷിയിലും ബംപർ; കണ്ടു പഠിക്കേണ്ട ഫാം; ലക്ഷങ്ങൾ നേടി രവീന്ദ്രൻ നായർ

Mail This Article
ലോട്ടറിയുടെ ബംപർ സമ്മാനം നേടിയാൽ നിങ്ങൾ എന്തു ചെയ്യും? സമ്മാനത്തുക എവിടെ നിക്ഷേപിക്കും? ഓഹരി, മ്യൂച്വൽ ഫണ്ട്. ബാങ്ക് നിക്ഷേപം, റിയൽ എേസ്റ്ററ്റ്... മറുപടികൾ പലതുണ്ടാവും. പക്ഷേ, മുഴുവൻ തുകയ്ക്കും ഭൂമി വാങ്ങി വിപുലമായി കൃഷി ചെയ്യുമെന്നു പറയാൻ ആരുണ്ടാവും? ആരുമുണ്ടാവില്ലെന്നു പറയാന്‍ വരട്ടെ. അങ്ങനെയൊരാളുണ്ട്, വണ്ടന്മേട് പുറ്റടി രാജാക്കണ്ടം ചെമ്പകശേരി വീട്ടിൽ സി.ഡി.രവീന്ദ്രൻ നായര്‍.
കേരള ലോട്ടറി ക്രിസ്മസ് ബംപറിന്റെ ഒന്നാം സമ്മാനമായി 1993ല്‍ കിട്ടിയ 24 ലക്ഷം രൂപയും മുടക്കി കൃഷിഭൂമി വാങ്ങിയ രവീന്ദ്രന്‍ നായര്‍ അന്നത്തെ സമ്മാനത്തുകയുടെ അഞ്ചിരട്ടിയിലേറെയാണ് ഇന്നു വാര്‍ഷിക വരുമാനം നേടുന്നത്! ഏലത്തിനു വില കുത്തനെ ഉയർന്നതിനാൽ ഇക്കൊല്ലം നേടിയത് മെഗാ ബംപര്‍. ഏലം പിന്നോട്ടടിച്ചാല്‍ത്തന്നെ നെല്ലും പച്ചക്കറിയും വളർത്തുമൃഗങ്ങളുമുണ്ട് രവീന്ദ്രൻ നായര്‍ക്ക് തുണ നില്‍ക്കാന്‍. എംബിഎക്കാരനായ മകൻ പ്രണവ് ബെംഗളൂരുവിലെ ജോലി രാജിവച്ച് അച്ഛനോടൊപ്പം കൃഷിയിൽ പങ്കാളിയായതു കൃഷിയിലുള്ള വിശ്വാസം കൊണ്ടുതന്നെ. മാന്യമായ വരുമാനം ഉറപ്പെങ്കിൽ യുവാക്കൾ നാടു വിടില്ലെന്നതിനു മറ്റൊരു തെളിവ് കൂടി!
രാജാക്കണ്ടം പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ ജോലിക്കൊപ്പം ഒന്നോ രണ്ടോ ഏക്കറിൽ കൃഷി ചെയ്തു വരവേയാണ് രവീന്ദ്രന്‍ നായര്‍ക്കു ലോട്ടറിയടിയച്ചത്. പണത്തെക്കാള്‍ കൃഷിയെ സ്നേഹിച്ച അദ്ദേഹം കൂടുതൽ സ്ഥലം വാങ്ങി കൃഷി വിപുലമാക്കാനാണു തീരുമാനിച്ചത്. അങ്ങനെയാണ് പുറ്റടിയിൽത്തന്നെ 13 ഏക്കർ ഏലത്തോട്ടം വാങ്ങിയത്. സ്ഥലം വാങ്ങിയിട്ട ശേഷം മുതലാളി ചമഞ്ഞ് കസേരയിലിരിക്കുകയല്ല രവീന്ദ്രൻ ചെയ്തത്. ഒരു ഇഞ്ച് സ്ഥലം പോലും പാഴാക്കാതെ കൃഷിയിറക്കി, നന്നായി അധ്വാനിച്ചു. പുറ്റടിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ഏറക്കുറെ എല്ലാ വിളകളും ഇവിടെയുണ്ട്.
ഏലത്തിന് ഏറ്റവും യോജിച്ച ഈ കൃഷിയിടത്തിൽ അതുതന്നെ മുഖ്യവിള. ദിവസേന മുന്നൂറോളം ലീറ്റർ പാലുൽപാദനമുള്ള തൊഴുത്തും കോഴി, ആട് വളർത്തലും അഞ്ചരയേക്കർ നെൽകൃഷിയുമൊക്കെയായി ഒരു മാതൃകാ സമ്മിശ്രത്തോട്ടം. രവീന്ദ്രൻ നായരുടെ വരുമാനവഴികൾ ഓരോന്നായി പരിചയപ്പെടാം.

ഏലം
മുഖ്യവിളയും മുഖ്യവരുമാനവും ഏലം തന്നെ. ആകെ 13 ഏക്കറിലാണ് ഏലം. പരിസ്ഥിതിക്കു വലിയ ഹാനി വരുത്താത്ത ഗ്രീൻ ലേബൽ കീടനാശിനികൾ മാത്രമാണ് ഏലത്തിനു തളിക്കുന്നത്. കായ്കൾ വിഷപൂരിതമായാലും കുഴപ്പമില്ലാതിരുന്ന കാലമൊക്കെ കഴിഞ്ഞുപോയെന്ന് അദ്ദേഹം പറഞ്ഞു. ലോകവിപണിക്കു സ്വീകാര്യമായവിധം ഏലക്കാ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യകളും കാർഷികോപാധികളും ഇന്നു ലഭ്യമാണ്. അതുകൊണ്ടുതന്നെ കീടനാശിനിപ്രയോഗം പരമാവധി കുറച്ചാണ് ഇവിടെ കൃഷി. അതിന്റെ മെച്ചം ഏലക്കായ്കളുടെ നിലവാരത്തില്‍ പ്രകടം. ഏലക്കാ കയറ്റുമതി ചെയ്യുന്ന വണ്ടന്മേട്ടിലെ മാസ് എന്റർപ്രൈസസാണ് ചെമ്പകശേരിൽ പ്ലാന്റേഷന്റെ ഏലം വാങ്ങുന്നത്. വിശദമായ ലബോറട്ടറി പരിശോധനയ്ക്കു ശേഷം വിഷാംശമില്ലെന്ന് ഉറപ്പായതിനാലാണ് അവർ തന്റെ കായ്കൾ വാങ്ങുന്നതെന്ന് അദ്ദേഹം പറയുന്നു.
മരുന്നുതളി മിതമെങ്കിലും ഉൽപാദനക്ഷമതയ്ക്കു കുറവില്ല. ഏറ്റവും മികച്ച കാലാവസ്ഥ, വൃത്തിയായും ചിട്ടയായുമുള്ള പരിപാലനം, മുടങ്ങാതെ നനയും വളപ്രയോഗവും, സമൃദ്ധമായി ജൈവവളം– ഇവയാണ് ഉയർന്ന ഉൽപാദനത്തിനു പിന്നില്‍. സ്പൈസസ് ബോർഡിന്റെ കണക്കനുസരിച്ച് ഏക്കറിന് 150 കിലോയാണ് ഏലത്തിന്റെ ശരാശരി ഉൽപാദനക്ഷമതയെങ്കില്‍ ഇവിടെയത് 300 കിലോയാണ്. സ്വന്തം ഡ്രയറിൽ ഉണക്കി ലേലത്തിനു വയ്ക്കുന്ന ഏലത്തിനു പരമാവധി വില നേടിയെടുക്കാനും കഴിയുന്നുണ്ട്. പതിനഞ്ചാം വർഷം കൃത്യമായി ആവർത്തനക്കൃഷിയിലൂടെ ഉയര്‍ന്ന ഉൽപാദനക്ഷമത നിലനിര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.

പശുവളർത്തലും പുല്‍കൃഷിയും
അഞ്ച് തൊഴുത്തുകളിലായി മുപ്പതിലേറെ ഉരുക്കള്‍. ആധുനിക സംവിധാനമെന്നു പറയാൻ കറവയന്ത്രം മാത്രം. പക്ഷേ ഇവിടെയുള്ളത്ര ഉൽപാദനവും വരുമാനവും സ്വന്തമാക്കാൻ ആധുനിക സംവിധാനങ്ങളുള്ളവർപോലും വിയർക്കേണ്ടിവരും. പ്രതിദിനം 20–35 ലീറ്റർ തോതില്‍ പാലുള്ള 18 പശുക്കളാണ് ഇപ്പോൾ കറവയില്‍. ദിവസേന 250–300 ലീറ്റർ പാലളക്കുന്ന വിധത്തിൽ ഉൽപാദനം ക്രമീകരിച്ചിരിക്കുന്നു. സ്വന്തമായുള്ള രണ്ടേക്കറിലുൾപ്പെടെ നാലേക്കറിലെ തീറ്റപ്പുൽക്കൃഷിയാണ് ഈ സംരംഭത്തിന്റെ കരുത്ത്. സിഒ 3, 5, നേപ്പിയർ, റെഡ് നേപ്പിയർ ഇനങ്ങളൊക്കെ കൃഷി ചെയ്യുന്നു. സമൃദ്ധമായി തീറ്റപ്പുല്ല് നൽകുന്നതിനാൽ തീറ്റച്ചെലവ് നിയന്ത്രിക്കാനാകുന്നു. തൊട്ടടുത്ത നെറ്റിത്തൊഴു ക്ഷീരസംഘത്തിലാണ് പാൽ വിപണനം. ലീറ്ററിന് 45 രൂപ ശരാശരി വില കിട്ടുന്നുണ്ട്. തീറ്റയും കൂലിയുമുൾപ്പെടെ ദിവസം 7000 രൂപ ചെലവഴിക്കും. പ്രതിദിനം 4000 രൂപ അറ്റാദായം.

കശാപ്പുശാലയിൽനിന്നു രക്ഷിച്ചുകൊണ്ടുവന്ന കിടാരിയുമായാണ് 34 വർഷം മുൻപ് പശുവളർത്തൽ തുടങ്ങിയതെന്നു രവീന്ദ്രൻ നായർ. ക്രമേണ ഉരുക്കളുടെ എണ്ണം കൂടി. കെഎൽഡി ബോർഡിന്റെ പ്രീമിയം സെമനു പുറമേ സ്വകാര്യ കമ്പനികളുടെയും മറ്റും ഇറക്കുമതി ചെയ്ത ബീജവും പ്രജനനത്തിന് ഉപയോഗിക്കാറുണ്ട്. ഡെന്മാർക്കിൽനിന്നുള്ള എച്ച്എഫ് സെമൻ കുത്തിവച്ചുണ്ടായ ഇരട്ടപ്പശുക്കൾക്കാണ് ഇവിടെ ഏറ്റവുമധികം ഉൽപാദനം– 35 ലീറ്ററും 32 ലീറ്ററും. വിദേശത്തുനിന്നെത്തിച്ച ജഴ്സി ബീജം കുത്തിവച്ചുണ്ടായ പശുവും ഇവിടെയുണ്ട്. എന്നാൽ ലിംഗനിർണയം നടത്തിയ ബീജം ഉപയോഗിച്ചിട്ടില്ല. ആദ്യ കുത്തിവയ്പിൽത്തന്നെ ഗർഭധാരണത്തിനു സാധ്യത കുറവായതാണ് കാരണം. ഇവിടെ ജനിച്ച മികച്ച കിടാരികളെ മാത്രം വളർത്തിയാണ് മികച്ച ഉൽപാദനക്ഷമത നേടിയതെന്ന് അദ്ദേഹം പറഞ്ഞു. തൊഴുത്തുകളോടു ചേർന്ന് വലിയ ബയോഗ്യാസ് പ്ലാന്റ് ഉള്ളതിനാൽ പാചകാവശ്യത്തിനുള്ള എൽപിജി കണക്‌ഷൻ വേണ്ടെന്നു വച്ചു.

50 ആടുകള്‍
മലബാറി, ബീറ്റൽ, ജമുനാപ്യാരി ജനുസ്സുകളിലായി 50 ആടുകൾ. വർഷം തോറും 50 കുഞ്ഞുങ്ങളെ വിൽക്കാം. മലബാറി ഒഴികെയുള്ള ഇനങ്ങളുടെ ഒരു കുട്ടിക്ക് ആറാം മാസം 10,000 രൂപ വില കിട്ടും. മലബാറിക്ക് ശരാശരി 6000 രൂപയാണു വില. കഴിഞ്ഞ വർഷം കൂടുതൽ ആട്ടിൻകുട്ടികളെ വിറ്റതിനാല്‍ കൂട്ടിലെ അംഗസംഖ്യ വർധിപ്പിക്കാനായി ഈ വർഷം വിൽപന വേണ്ടെന്നുവച്ചു. ആട്ടിൻകുട്ടികളെ വിറ്റു കിട്ടുന്ന 5 ലക്ഷം രൂപ മാത്രമല്ല, ഏലത്തോട്ടത്തിലേക്കുള്ള ജൈവവളവും ഈ കൂട്ടിൽനിന്നുള്ള വരുമാനം.

400 മുട്ടക്കോഴികള്‍
നാനൂറോളം ബിവി 380 മുട്ടക്കോഴികളെ കൂട്ടിലടച്ചു വളർത്തുന്നു. ഉല്‍പാദനത്തിലുള്ള 350 കോഴികളിൽനിന്ന് പ്രതിദിനം ശരാശരി 300 മുട്ട കിട്ടുന്നുണ്ട്. പ്രാദേശികമായി 8 രൂപ നിരക്കിൽ മുട്ട വിൽക്കാൻ കഴിയുന്നു. പ്രതിദിനം 2,400 രൂപ മുട്ടയിലൂടെ വരുമാനം കിട്ടുമ്പോൾ 750 രൂപ തീറ്റച്ചെലവുണ്ട്. 45 ദിവസം പ്രായമായ ബിവി 380 കോഴി ഒന്നിന് 200 രൂപയാണ് വില. 75–80 ദിവസത്തിനകം അവ മുട്ടയിടും. ഒരു വർഷത്തെ ഉല്‍പാദനത്തിനുശേഷം വിൽക്കുമ്പോൾ ഒരു കോഴിക്ക് 280–300 രൂപ വില കിട്ടും.
നെല്ല് ‘പാല്‍തോണി’
മലഞ്ചെരുവിലെ ഏലത്തോട്ടത്തിനു താഴെയുള്ള പാടത്താണ് നെൽകൃഷി. ഇടുക്കിയുടെ നാടൻ ഇനമായ ‘പാൽത്തോണി’യാണ് കൃഷിയിറക്കുന്നത്. അമിതമായി പന്നിശല്യമുള്ള ഒരു ഭാഗത്ത് ത്രിവേണിയിനം.
പന്നി ചവിട്ടിനടന്നാലും ത്രിവേണി പടിച്ചുനില്‍ക്കും. ഇവിടെനിന്നു സർക്കാർ സംഭരണമില്ല. ഇതില്‍ ഇദ്ദേഹത്തിനു പരാതിയുമില്ല. കാരണം സര്‍ക്കാരിന്റെ സംഭരണവിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് ഇവിടെ വില്‍പന. കൊയ്തെടുത്ത നെല്ല് ഉണക്കി വൃത്തിയാക്കി ചാക്കുകളിൽ സൂക്ഷിക്കും. ഇടയ്ക്കിടെ 5 ക്വിന്റൽ വീതം എടുത്ത് കുത്തി അരിയാക്കി വീട്ടിൽ വയ്ക്കും. ആവശ്യക്കാർ വീട്ടിലെത്തി വാങ്ങും. കിലോയ്ക്കു വില 70 രൂപ. ഒരു കിലോ നെല്ലിൽനിന്ന് 700 ഗ്രാം വീതം അരി കിട്ടുമെന്നാണ് കണക്ക്. ഇതനുസരിച്ച് ഒരു കിലോ നെല്ലിന് 49 രൂപയോളം വില കിട്ടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏലത്തോട്ടത്തില്‍ പച്ചക്കറി
ഏലത്തോട്ടങ്ങളിൽ ആവര്‍ത്തനക്കൃഷി ചെയ്യുമ്പോള്‍ ആദ്യ വർഷം വിപുലമായി പച്ചക്കറിയും കൃഷി ചെയ്യും. പ്രധാനമായും കുറ്റി ബീൻസ്. ഇത്തവണ അരയേക്കർ സ്ഥലത്തുനിന്ന് 1500 കിലോ ബീൻസാണ് വിളവെടുത്തത്. കിലോയ്ക്ക് ശരാശരി 60 രൂപ വില കിട്ടി. ഒരു ചുവട്ടിൽനിന്ന് ഒന്നരക്കിലോയോളം ബീൻസ് കിട്ടുമെന്ന് രവീന്ദ്രൻ നായർ പറഞ്ഞു. ഏലം തിങ്ങുന്നതിനു മുൻപുള്ള ഇടയകലം പ്രയോജനപ്പെടുത്തിയാണ് ഈ കൃഷി. വീട്ടാവശ്യത്തിനു പച്ചക്കറികളും കാപ്പിയും മഞ്ഞളുമൊക്കെ കൃഷി ചെയ്യുന്നുണ്ട്. കാപ്പി ലംബരീതിയിൽ വളർത്തി കൂടുതൽ ഉൽപാദനം നേടാനുള്ള പരീക്ഷണത്തിലാണ് അദ്ദേഹം.
ഫോൺ: 9446222704