പൊടുന്നനെ സംഹാരമാടിയ ചുഴലിക്കാറ്റുകൾ; യുഎസിനെ തകർത്ത ‘എനിഗ്മ’ കാലം

Mail This Article
വർഷം 1884 ഫെബ്രുവരി 19...
യുഎസിന്റെ ചരിത്രത്തിൽ ടൊർണാഡോ ചുഴലിക്കാറ്റുകൾ സംഹാരമാടിയ ദിവസമായിരുന്നു അത്. അലബാമ, ജോർജിയ, നോർത്ത് കാരലൈന, സൗത്ത് കാരലൈന, ടെന്നസി, വെർജിനീയ എന്നീ സംസ്ഥാനങ്ങളിലായിരുന്നു കാറ്റുകൾ അടിച്ചത്. 20 മുതൽ 60 ചുഴലിക്കാറ്റുകൾ വരെ അന്ന് യുഎസിൽ ആഞ്ഞടിച്ചു. പട്ടണങ്ങൾ തകർന്നടിഞ്ഞു, വീടുകൾ നശിച്ചു, ഭൂമേഖലകൾ മാറ്റിമറിഞ്ഞു. എനിഗ്മ ടൊർണാഡോ ഔട്ബ്രേക്ക് എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. 800 മുതൽ 1200 വരെ ആളുകൾ ഈ സംഭവത്തിൽ മരിച്ചു. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റ് ദുരന്തങ്ങളിലൊന്നായിരുന്നു എനിഗ്മ.
സഞ്ചരിക്കുന്ന ദുരന്തവാഹിനികളാണു ടൊർണാഡോ ചുഴലിക്കാറ്റുകൾ. പോകുന്ന വഴിയെല്ലാം നാശം വിതയ്ക്കുന്ന ഇവ യുഎസിൽ വളരെ കൂടുതലാണ്. 2021ൽ മാത്രം യുഎസിൽ വിവിധ മേഖലകളിലായി 1079 ചുഴലിക്കാറ്റുകൾ വീശിയടിച്ചെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ പറയുന്നു. മറ്റുരാജ്യങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ടൊർണാഡോ ചുഴലിക്കാറ്റുകൾ എന്തുകൊണ്ടാണ് യുഎസിൽ മാത്രം കൂടുതൽ?
ലോകത്ത് മറ്റെല്ലായിടത്തും സംഭവിക്കുന്നതിന്റെ നാലുമടങ്ങു ചുഴലിക്കാറ്റുകൾ യുഎസിൽ പ്രതിവർഷം സംഭവിക്കുന്നു. തറനിരപ്പിൽ ചൂടുള്ള വായു, ഉയർന്ന അന്തരീക്ഷത്തിൽ തണുത്ത വായു, ഇതിനിടയിൽ വിവിധ വേഗത്തിൽ വീശുന്ന കാറ്റുകൾ... ചുഴലിക്കാറ്റുകൾ ഉണ്ടാകാനുള്ള ഏറ്റവും അനുയോജ്യ സാഹചര്യങ്ങൾ ഇവയെന്നു കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. ഈ സാഹചര്യങ്ങളെല്ലാം ഒത്തുചേർന്നയിടങ്ങളാണ് യുഎസിന്റെ ഗ്രേറ്റ് പ്ലെയിൻസ് എന്നറിയപ്പെടുന്ന സമതലങ്ങൾ. ടൊർണാഡോ ആലി എന്നാണ് ഇവ അറിയപ്പെടുന്നത്. ടെക്‌സസ് മുതൽ നോർത്ത് ഡക്കോട്ട വരെ ഇവ പരന്നു കിടക്കുന്നു. റോക്കി മൗണ്ടൻസ്, മെക്‌സിക്കൻ ഉൾക്കടൽ എന്നിവയും ടൊർണാഡോയുടെ പ്രഭവത്തിനും വ്യാപനത്തിനും സഹായകമാണ്.

തെക്കുനിന്നുള്ള ചൂടുകാറ്റും, പടിഞ്ഞാറു നിന്നുള്ള തണുത്തകാറ്റും ടൊർണാഡോചുഴലിക്ക് അനൂകൂല സാഹചര്യം സൃഷ്ടിക്കുന്നു. യുഎസിൽ ഓരോ വർഷവും ശരാശരി 1000 ടൊർണാഡോകൾ ഉണ്ടാകുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള കാനഡയിൽ പ്രതിവർഷം 100 എണ്ണമാണ് ഉണ്ടാകുന്നത്. യുഎസിലെ പല മേഖലകളിലും എപ്പോൾ വേണമെങ്കിലും ചുഴലിക്കാറ്റുകൾ ഉണ്ടാകാം. അവിടെയുള്ള ജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകളെ ഗൗരവമായി കാണുന്നവരാണ്.
1925ൽ യുഎസിൽ സംഭവിച്ച ട്രൈ സ്‌റ്റേറ്റ് ടൊർണാഡോ കനത്ത നാശനഷ്ടമാണ് വരുത്തിയത്. 747 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. 1932ൽ സംഭവിച്ച ഡീപ് സൗത്ത് ടൊർണാഡോ ഔട്ട്‌ബ്രേക്കിൽ 332 പേരാണ് മരിച്ചത്. ടെക്‌സസ് മുതൽ സൗത്ത് കാരലീന വരെയാണ് ഇത് വീശിയടിച്ചത്. അലബാമയിൽ മാത്രം 270 പേർക്ക് ജീവൻ നഷ്ടമായി. 1840ൽ ഗ്രേറ്റ് നാച്ചസ് ടൊർണാഡോയിൽപെട്ട് 317 പേരാണ് മരിച്ചത്.
സമീപകാലത്തുണ്ടായ ഏറ്റവും വലിയ ചുഴലിദുരന്തം 2011 ഏപ്രിലിൽ സംഭവിച്ച സൂപ്പർ ഔട്ട്‌ബ്രേക്ക് എന്ന ടൊർണാഡോ പരമ്പരയാണ്. ഒരാഴ്ചയ്ക്കുള്ളിൽ 300 ചുഴലിക്കാറ്റുകളാണ് നിലത്തിറങ്ങി ജീവനെടുത്തത്. 314 പേർ മരിച്ചു. അലബാമ, ടെന്നസി, മിസിസിപ്പി, ജോർജിയ, അർകൻസാസ്, വെർജീനിയ തുടങ്ങിയ മേഖലകളെയാണ് ഇത് കൂടുതൽ ബാധിച്ചത്. യുഎസിൽ മാത്രമല്ല ലോകത്ത് ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നത്. ലോകത്ത് ഒരേയൊരു ഭൂഖണ്ഡം ഒഴിച്ച് ബാക്കിയെല്ലായിടത്തും ടൊർണാഡോകൾ സംഭവിക്കുന്നുണ്ട്. ചുഴലിയില്ലാത്ത ഒരേയൊരു ഭൂഖണ്ഡം ഏതാണെന്നറിയാമോ? അന്റാർട്ടിക്ക.