ചാക്കുകെട്ട് തുറന്ന് പൊലീസ്; ഉള്ളിൽ ദേഹമാസകലം കുത്തുകളേറ്റ ഒരു മനുഷ്യൻ!

Mail This Article
അധ്യായം: മൂന്ന്
സബ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിലുള്ള കോൺസ്റ്റബിൾമാരും, സി. പി. ഓമാരുമടങ്ങുന്ന പൊലീസ് സംഘം ചാക്കുകെട്ട് തുറന്നു. തീർച്ചയായും അതിലൊരു മനുഷ്യനായിരുന്നു! ദേഹമാസകലം ആഴത്തിലുള്ള കുത്തുകളേറ്റ ഒരു മനുഷ്യൻ. നേർത്ത ഒരു പിടച്ചിൽ മാത്രമേ അപ്പോൾ ആ ശരീരത്തിൽ അവശേഷിച്ചിരുന്നുള്ളൂ. സമയം പാഴാക്കാതെ പോലീസുകാരും ആംബുലൻസ് ഡ്രൈവറും ചേർന്ന് ആ മനുഷ്യനെ ആംബുലൻസിലേക്ക് കയറ്റി. ആംബുലൻസിലെ നേഴ്‌സ് അയാൾക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകാൻ ആരംഭിച്ചു. ഉച്ചത്തിൽ സൈറൺ മുഴക്കിക്കൊണ്ട് ആംബുലൻസ് 'തേലേപ്പാട്ട് കോംപ്ലക്‌സി'ന്റെ പുറത്തേക്ക് പാഞ്ഞു. കോൺസ്റ്റബിൾ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസുകാർ ആംബുലൻസിനെ അനുഗമിച്ചു. സബ് ഇൻസ്‌പെക്ടർ ഹരിലാൽ ഉൾപ്പെട്ട സംഘം 'തേലേപ്പാട്ട് കോംപ്ലക്സി'ൽ തന്നെ നിലയുറപ്പിച്ചു. അൻവർ, ബാബുരാജ്, നേഹ എന്നിവരോട് അവിടം വിടരുതെന്ന് ഹരിലാൽ നിർദേശം നൽകി. അവരുടെ മൂന്നു പേരുടേയും ഫോണുകൾ ഹരിലാൽ വാങ്ങിയെടുത്തു.
അൻവർ വല്ലാതെ അസ്വസ്ഥനായി. സംശയ ദൃഷ്ടിയോടെയാണ് പോലീസുകാർ നോക്കുന്നത്. കുറ്റവാളിയോടെന്ന പോലെയാണ് പെരുമാറുന്നത്. അന്നോളം അപരിചിതമായ കുറേ അവസ്ഥകളിലേക്ക് ജീവിതം കൂപ്പുകുത്തുകയാണെന്ന് അയാൾ സങ്കടത്തോടെ ചിന്തിച്ചു. ലുബാബയുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. അവളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ മനസ്സിന് അൽപ്പം ആശ്വാസം കിട്ടുമായിരുന്നു. എന്നാൽ മൊബൈൽ ഫോൺ പോലീസ് പിടിച്ചുവെച്ചിരിക്കുകയാണല്ലോ!
ഒട്ടും വൈകാതെ വിവരമറിഞ്ഞ് 'സിംഫണി'ഗ്രൂപ്പിന്റെ എം.ഡി ജമാലുദ്ദീൻ ഹൈദറും,അയാളുടെ പേഴ്സണൽ സെക്രട്ടറി വേണുഗോപാലും അവിടേക്കെത്തി. അതേ സമയത്ത് തന്നെ എ.സി.പി രവിശങ്കർ, ഡി.വൈ.എസ്.പി പ്രതാപ്,സബ് ഇൻസ്‌പെക്ടർമാരായ ഇന്ദ്രജ, രാജേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ ഉസ്മാൻ തുടങ്ങിയവരും നിരവധി കോൺസ്റ്റബിൾമാരും സി.പി.ഓമാരുമടങ്ങുന്ന വലിയൊരു പൊലീസ് സംഘം പല വാഹനങ്ങളിലായി 'തേലേപ്പാട്ട് കോംപ്ലക്‌സി'ന്റെ പടി കടന്നെത്തി. 'സിംഫണി' ഗ്രൂപ്പിന്റെ ജനറൽ മാനേജർ നാരായണൻ നമ്പിയും സ്ഥലത്തെത്തി. തൊട്ടു പിന്നാലെ ഫോറൻസിക് ഉദ്യോഗസ്ഥരും, ഡോഗ് സ്‌ക്വാഡും, മീഡിയാക്കാരുമെത്തി. അവിടെ പൊതുജനം തടിച്ചു കൂടാൻ തുടങ്ങി.
"ഈ കെട്ടിടം മുഴുവൻ അരിച്ചു പെറുക്കണം. സംഭവ സമയത്ത് ഇവിടെ ഉണ്ടായിരുന്ന എല്ലാവരേയും വിശദമായി ചോദ്യം ചെയ്യണം. ഈ കെട്ടിടത്തിലേയും പരിസരത്തേയും കിട്ടാവുന്നിടത്തോളം സി.സി.ടി.വി ഫൂട്ടേജുകൾ ശേഖരിക്കണം. അക്രമികൾ അധികം ദൂരം പോയിരിക്കാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ പതിനഞ്ചു കിലോമീറ്റർ ചുറ്റളവിൽ പഴുതടച്ച അന്വേഷണം നടത്തണം. പൊലീസിന്റെ കണ്ണെത്താത്ത ഒരിടവും ബാക്കിയുണ്ടാകരുത്. ഒരു വാഹനവും പരിശോധിക്കാതെ വിടരുത്. ഓട്ടോ ഡ്രൈവർമാർ, യൂബർ ടാക്സിക്കാർ, പീടികക്കാർ മറ്റ് ഇൻഫോമേഴ്‌സ്... ആരുടെ സഹായം വേണമെങ്കിലും തേടാവുന്നതാണ്. പക്ഷേ എനിക്കിത് ചെയ്തവരെ എത്രയും വേഗം കിട്ടണം." എ.സി.പി രവിശങ്കർ ഉറച്ച ശബ്ദത്തിൽ, കർക്കശ്യത്തോടെ തന്റെ കീഴുദ്യോഗസ്ഥരോട് പറഞ്ഞു.
പോലീസുകാർ പല സംഘങ്ങളായി തിരിഞ്ഞു. സബ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം ആ കെട്ടിടമാകെ പരിശോധിക്കാൻ ആരംഭിച്ചു. ഫോറൻസിക്കുകാരും, ഡോഗ് സ്‌ക്വാഡും ഈ സംഘത്തോടൊപ്പം ചേർന്നു. സബ് ഇൻസ്‌പെക്ടർ ഇന്ദ്രജയുടെ കീഴിലുള്ള സംഘം സി.സി.ടി.വി ഫൂട്ടേജുകൾ ശേഖരിക്കാനുള്ള ശ്രമം തുടങ്ങി. സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ ഉസ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ നഗരത്തിലെ പരിശോധനകൾക്കായി ഫീൽഡിലിറങ്ങി. ഈ നീക്കങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത് ഡി.വൈ.എസ്.പി പ്രതാപായിരുന്നു.
"വിവരങ്ങൾ അപ്പപ്പോൾ എന്നെ അറിയിക്കണം." സംഘത്തലവന്മാർക്ക് പ്രതാപ് നിർദേശം നൽകി. എ.സി.പി രവിശങ്കറും, ഡി.വൈ.എസ്.പി പ്രതാപും മാധ്യമങ്ങളെ കണ്ടു.
"ഞങ്ങൾ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അടുത്ത ഏതാനും മണിക്കൂറുകൾ നിർണായകമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന ആളെ തിരിച്ചറിയേണ്ടതുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അയാളുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നു വരുന്നു.
മോഷണമടക്കമുള്ള എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. അക്രമികളെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ. അതിനായി മാധ്യമങ്ങളുടെയും ജനങ്ങളുടെയും സഹകരണവും പിന്തുണയും ഞങ്ങൾ ആവശ്യപ്പെടുകയാണ്." രവിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.

വൈകാതെ ഡി.വൈ.എസ്.പി പ്രതാപും ഏതാനും പോലീസുകാരും അൻവറിനെയും ബാബുരാജിനെയും നേഹയെയും ഒന്നാം നിലയിലെ ഓഫീസ് മുറിയിലേക്ക് ചോദ്യം ചെയ്യാനായി വിളിച്ചു കൊണ്ടു പോയി.
“നിങ്ങൾ രണ്ടു പേരും റിസപ്‌ഷനിൽ തന്നെ കാത്തിരിക്കൂ. ഇവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം ഞങ്ങൾക്ക് നിങ്ങളെയും ചോദ്യം ചെയ്യണം." പ്രതാപ്, നാരായണൻ നമ്പിയോടും വേണുഗോപാലിനോടുമായി പറഞ്ഞു. ഇരുവരും ശരി എന്ന അർത്ഥത്തിൽ തലയാട്ടി.
"വരൂ സർ... നമുക്ക് അകത്തേക്കിരിക്കാം." എം.ഡി ജമാലുദ്ധീൻ ഹൈദർ, എ.സി.പി രവിശങ്കറിനോട് പറഞ്ഞു.
"ശരി." രവിശങ്കർ തലകുലുക്കി.
(തുടരും)