മോദിയോ മുകേഷ് അംബാനിയോ? ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് നിത അംബാനിയുടെ മറുപടി

Mail This Article
ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ കുടുംബത്തിലെ അംഗമെന്നതിലുപരി വലിയൊരു വിഭാഗം ജനങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്തിക്കൊണ്ടാണ് നിത അംബാനിയുടെ ജീവിതം. തന്റെ പ്രവർത്തനങ്ങളിലൂടെ മുകേഷ് അംബാനിക്കൊപ്പം ലോകശ്രദ്ധ നേടാൻ നിത അംബാനിക്ക് സാധിച്ചിട്ടുമുണ്ട്. ഇപ്പോൾ ഹാർവഡിൽ വച്ചു നടന്ന ഇന്ത്യ കോൺഫറൻസിൽ തനിക്ക് നേരെ ഉയർന്ന വേറിട്ട ഒരു ചോദ്യത്തിന് നിത അംബാനി നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. പ്രധാന ആഗോള ശക്തി എന്ന നിലയിൽ ഇന്ത്യയുടെ ഉയർച്ച ആഘോഷമാക്കുകയും ലോകത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ ഇന്ത്യയുടെ കാഴ്ചപ്പാടുകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്ന ഇന്ത്യാ കോൺഫറൻസിൽ പങ്കെടുത്ത പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു നിത അംബാനി.
സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ശേഷം റാപ്പിഡ് ഫയർ അഭിമുഖത്തിലും നിത അംബാനി പങ്കെടുത്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായ ഒരു ചോദ്യം നിതയ്ക്ക് നേരെ ഉയർന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭർത്താവ് മുകേഷ് അംബാനി എന്നിവരിൽ ആരെ നിത തിരഞ്ഞെടുക്കും എന്നതായിരുന്നു ചോദ്യം. എന്നാൽ ഇങ്ങനെ ഒരു ചോദ്യത്തിൽ പ്രകോപിതയാവാതെ നർമം കലർന്ന രീതിയിൽ നിത അംബാനി നൽകിയ മറുപടിയാണ് ഇപ്പോൾ കയ്യടി നേടുന്നത്.
പ്രധാനമന്ത്രി മോദി രാജ്യത്തിനാവശ്യമായ വ്യക്തിത്വമാണ്. എന്നാൽ തന്റെ ഭർത്താവ് മുകേഷ് അംബാനി വീടിനു ആവശ്യമായ വ്യക്തിത്വമാണ് എന്നായിരുന്നു നിതയുടെ മറുപടി. നിറ കയ്യടികളോടെയാണ് നിതയുടെ മറുപടി സദസ്സ് സ്വീകരിച്ചത്. ചോദ്യം ഉന്നയിക്കുന്നതിന്റെയും നിത അതിനു മറുപടി നൽകുന്നതിന്റെയും വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. ഇത്തരമൊരു ചോദ്യത്തിൽ പതറാതെ വളരെ വേഗത്തിൽ യുക്തിസഹമായ ഉത്തരം നൽകാൻ നിത അംബാനിക്കുണ്ടായ മനഃസാന്നിധ്യത്തെ പുകഴ്ത്തിക്കൊണ്ടാണ് ആളുകൾ പ്രതികരണം അറിയിക്കുന്നത്.
ഫെബ്രുവരി 15,16 തീയതികളിലാണ് ഹാർവഡിലെ വിദ്യാർഥികൾ നയിച്ച ഇന്ത്യ കോൺഫറൻസ് നടന്നത്. ഗ്രാമീണ പരിവർത്തനം, ആരോഗ്യം, വിദ്യാഭ്യാസ രംഗം, കായിക രംഗം, സ്ത്രീ ശാക്തീകരണം, ദുരന്തനിവാരണം, കല, നഗരനവീകരണം എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങളിലൂടെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തെ സ്വാധീനിച്ച വ്യക്തിത്വം എന്ന വിശേഷണത്തോടെയായിരുന്നു നിത അംബാനിയെ കോൺഫറൻസിലേയ്ക്ക് ക്ഷണിച്ചത്. ഇന്ത്യയുടെ വ്യാപാരം, സംസ്കാരം, നയങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ മുഖ്യപ്രഭാഷണത്തിൽ നിതാ അംബാനി പങ്കുവച്ചിരുന്നു.
ആധുനിക ലോകത്ത് ഇന്ത്യൻ കലകളുടെയും സംസ്കാരത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും ആഗോള കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ അവയുടെ പങ്കിനെക്കുറിച്ചും നിത അംബാനി തന്റെ പ്രസംഗത്തിൽ ഊന്നി പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്തതിനു പുറമേ യുഎസ് സന്ദർശന വേളയിൽ പ്രത്യേക പുരസ്കാരവും നിത അംബാനിയെ തേടിയെത്തി. റിലയൻസ് ഫൗണ്ടേഷനിലൂടെ നടത്തുന്ന ജീവകാരുണ്യ-സാമൂഹിക സേവനങ്ങൾ കണക്കിലെടുത്തുകൊണ്ട് മസാച്യുസിറ്റ്സ് ഭരണകൂടമാണ് ഗവർണേഴ്സ് സൈറ്റേഷൻ പുരസ്കാരം നിതയ്ക്ക് നൽകിയത്. ബോസ്റ്റണിൽ വച്ചു നടന്ന ചടങ്ങിൽ മസാച്യുസിറ്റ്സ് ഗവർണർ മൗറ ഹീലി പുരസ്കാരം സമ്മാനിച്ചു.