പ്രണയത്തിനെന്ത് പ്രായം? ആശുപത്രി വരാന്തയിലിരുന്ന് ഭാര്യയുടെ മുടി ചീകുന്ന ഭർത്താവ്– വിഡിയോ

Mail This Article
പ്രണയത്തിനെന്ത് പ്രായവും സാഹചര്യവും. വാക്കു കൊണ്ടും നോട്ടം കൊണ്ടും നിനക്കു തുണയായിടാമെന്ന് പങ്കാളിയോട് പറയാത്ത ആരാണുള്ളത്? ഒരു ആശുപത്രി വാർഡിൽ നിന്നുള്ള പ്രണയ നിർഭരമായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. ഒരു മുത്തച്ഛനും മുത്തശ്ശിയുമാണ് ഈ വിഡിയോയിലെ താരങ്ങൾ.
ആശുപത്രി വരാന്തയിൽ നിലത്തിരുന്ന് രോഗിയായ ഭാര്യയുടെ മുടി ചീകുകയും കെട്ടുകയും ചെയ്യുകയാണ് അദ്ദേഹം. പ്രണയദിനത്തോടനുബന്ധിച്ച് തെലങ്കാന മെഹ്ബൂബ്നഗർ സർക്കാർ മെഡിക്കൽ കോളജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായ അഭിനവ് സന്ദുലയാണ് വിഡിയോ പങ്കുവച്ചത്.
‘യഥാർഥ പ്രേമം വാക്കുകളിൽ അല്ല, ആശുപത്രി വാർഡിൽ, വേദനയിലും കൈകൾ പിടിച്ച്, ഏറ്റവും ബുദ്ധിമുട്ടുള്ള സമയത്തും തുടരുന്നതിലാണ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. സമൂഹമാധ്യമത്തിൽ നിമിഷങ്ങൾക്കകം തന്നെ വിഡിയോ നിരവധിപേർ കണ്ടു. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ഹൃദയസ്പർശിയായ ദൃശ്യങ്ങൾ എന്നാണ് പലരും കമന്റ് ചെയ്തത്.