സഖ്യകക്ഷികൾക്ക് മാത്രം നൽകുന്ന എഫ്-35 ഇന്ത്യയ്ക്കു നൽകാമെന്ന് അമേരിക്ക; റഷ്യയുടെ സു57നും ബെംഗളൂരുവില്‍ ഉണ്ട്

Mail This Article
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടൻ ഡിസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വ്യോമ, കര, കടൽ, ബഹിരാകാശ, സൈബർസ്‌പേസ് മേഖലകളിൽ സൈനിക സഹകരണം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും പ്രതിജ്ഞയെടുത്തു.
പക്ഷേ രാജ്യാന്തര മാധ്യമങ്ങളുള്‍പ്പെടെ ആഘോഷിച്ചത് എഫ്–35 ലൈറ്റ്നിങ് വിമാനം ഇന്ത്യയ്ക്ക് നൽകുമെന്ന ട്രംപിന്റെ വാഗ്ദാനമാണ്. നൂതനമായ സ്റ്റെൽത്ത് സാങ്കേതികവിദ്യയാണ് ഈ വിമാനത്തെ എതിരാളികളുടെ പേടിസ്വപ്നമാക്കി മാറ്റുന്നത്.
ഇന്ത്യയ്ക്ക് സു 57 സ്റ്റെൽത്ത് ഫൈറ്ററുകൾ നൽകാമെന്നു റഷ്യ താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് എഫ് 35 വാഗ്ദാനമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തായിരിക്കും പ്രതിരോധവിഭാഗം തീരുമാനമെടുക്കുന്നതെന്നും കാത്തിരുന്നു കാണണം.എഫ്-35 സമാനതകളില്ലാത്ത സ്റ്റെൽത്തും നൂതന പോരാട്ട ശേഷികളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അതിന്റെ ഉയർന്ന പ്രവർത്തന ചെലവുകളും പരിശീലനവുമെല്ലാം കണക്കിലെടുത്താകും തീരുമാനത്തിലേക്കെത്തുക.
ബെംഗളൂരുവിലുണ്ട് ഇരുവിമാനങ്ങളും
രാജ്യാന്തരതലത്തിൽ വിമാന നയതന്ത്രം കൊടുമ്പിരി കൊള്ളുമ്പോൾ എയ്റോ ഇന്ത്യ പ്രദർശനവേദിയായ യെലഹങ്ക വ്യോമതാവളത്തിൽ ഇരുവിമാനങ്ങളും കാണാമായിരുന്നു.അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനമായ, വെളുപ്പിൽ നീല ഡിസൈനുള്ള റഷ്യയുടെ സു–57 നും അഞ്ചാം തലമുറ വിമാനമായ യുഎസ് എഫ്–35 ലൈറ്റ്നിങ് 2 വിമാനവും കാണികളെ ആവേശത്തിലാഴ്ത്തി ബെംഗളൂരുവിലെത്തി.
ലോക്ക്ഹീഡ് മാർട്ടിൻ F-35 ലൈറ്റ്നിങ് II
വ്യോമ ആക്രമണ ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന, സിംഗിൾ സീറ്റ്, സിംഗിൾ എൻജിൻ, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന, സ്റ്റെൽത്ത് മൾട്ടിറോൾ കോംബാറ്റ് വിമാനമാണ് എഫ്-35. ഇലക്ട്രോണിക് വാർഫെയർ, ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണ ശേഷി എന്നിവയും ഇതിനുണ്ട്.
വില ഏകദേശം:
∙എഫ്-35എ (സ്റ്റാൻഡേർഡ് പതിപ്പ്)ന് 80 മില്യൺ ഡോളർ.
∙എഫ്-35ബിയ്ക്ക് (ഷോർട്ട് ടേക്ക് ഓഫ്/വെർട്ടിക്കൽ ലാൻഡിങ്) 115 മില്യൺ ഡോളർ.
∙വിമാനവാഹിനിക്കപ്പലുകൾക്കായി രൂപകൽപ്പന ചെയ്ത എഫ്-35C ക്ക് 110 മില്യൺ ഡോളർ.
∙എഫ് 35 പറക്കലില്‍ ഓരോ മണിക്കൂറിനും ഏകദേശം 36,000 ഡോളർ ചെലവാകും.
∙ എഫ്-35 ഫൈറ്റ് ജെറ്റുകളുടെ കോക്ക്പിറ്റ്. മറ്റ് വിമാനങ്ങളെപ്പോലെ ഗേജുകളോ സ്‌ക്രീനുകളോ ഇതിൽ ഇല്ല. വലിയ ടച്ച്‌സ്‌ക്രീനുകളും പൈലറ്റിന് തത്സമയ വിവരങ്ങൾ കാണാൻ അനുവദിക്കുന്ന ഹെൽമെറ്റിൽ ഘടിപ്പിച്ച ഡിസ്‌പ്ലേ സിസ്റ്റമാണുള്ളത്.
∙ വിമാനത്തിന് ചുറ്റും തന്ത്രപരമായി ഘടിപ്പിച്ചിരിക്കുന്ന ആറ് ഇൻഫ്രാറെഡ് ക്യാമറകളുടെ സ്യൂട്ടിലെ ദൃശ്യങ്ങൾ ഹെൽമെറ്റ് ഡിസ്പ്ലേയിലെത്തുമ്പോൾ വിമാനത്തിനുള്ളിലൂടെ നോക്കുന്നതുപോലെ ദൃശ്യങ്ങള്‍ കാണാനാകും.
∙ആയുധങ്ങളും ഇന്ധനവുടക്കം 27,216 കിലോ ഭാരം വഹിക്കാന്‍ ഇതിന് സാധിക്കും. എയര്‍ ടു എയര്‍ മിസൈലുകള്‍ ബോംബുകള്‍ എന്നിവയാണ് പ്രധാന ആയുധങ്ങള്‍.
∙റഷ്യയുടെ സു57
∙സുഖോയ് Su-57 റഷ്യയുടെ ഏറ്റവും പുതിയ ഫിഫ്ത് ജനറേഷൻ പോർവിമാനമാണ്.
∙ഇതിൽ രണ്ട് എൻജിനുകളും ഒരു പൈലറ്റ് സീറ്റുമാണുള്ളത്
∙ശത്രുക്കളുടെ റഡാറിൽ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത സ്റ്റെൽത്ത് ടെക്നോളജി ഇതിൽ ഉപയോഗിച്ചിരിക്കുന്നു.
∙ആയുധങ്ങൾ സൂക്ഷിക്കാനായി രണ്ട് അറകളുണ്ട്.
∙റൺവേ ചെറുതായാലും കുത്തനെ പറന്നുയരാനും ലാൻഡ് ചെയ്യാനും ഇതിന് സാധിക്കും.
∙ശബ്ദത്തിന്റെ ഇരട്ടി വേഗത്തിൽ പറക്കാൻ ഇതിന് സാധിക്കും.
∙1900 കിലോമീറ്റർ പരിധിയിൽ(Range) വരെ പറക്കാൻ ഇതിന് സാധിക്കും.
∙37,000 കിലോ വരെ ഭാരം വഹിക്കാൻ ഇതിന് സാധിക്കും.
∙10,000 കിലോ വരെ ആയുധങ്ങൾ കൊണ്ടുപോകാൻ ഇതിന് ശേഷിയുണ്ട്.