കൊളസ്ട്രോൾ കുറയ്ക്കാൻ മത്തിയും പുഴമീനും; ഇനി ഇവ ധൈര്യമായി കഴിക്കാം!

Mail This Article
കോശങ്ങളിൽ കാണപ്പെടുന്ന കൊഴുപ്പുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ. വൈറ്റമിൻ ഡി യെ പ്രോസസ് ചെയ്യാനും ഭക്ഷണം വിഘടിപ്പിക്കാനും ഹോർമോണുകളുടെ ഉൽപാദനത്തിനുമെല്ലാം ഇത് സഹായിക്കുന്നു. പ്രധാനമായും രണ്ടിനം കൊളസ്ട്രോള്‍ ആണുള്ളത്. എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോളും എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോളും. അനാരോഗ്യകരമായ ജീവിതശൈലിയും തെറ്റായ ഭക്ഷണശീലങ്ങളും മൂലം ഇന്ന് മിക്കവർക്കും കൊളസ്ട്രോൾ കൂടുതൽ ആയ അവസ്ഥയാണുള്ളത്.
കൊളസ്ട്രോൾ കൂടുന്നത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാകും. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യതയും ഇത് കൂട്ടും. ഇത് ഒഴിവാക്കാൻ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കണം. വ്യായാമത്തിലൂടെയും സമീകൃത ഭക്ഷണത്തിലൂടെയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളിലൂടെയും സ്വാഭാവികമായി കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും. ചില മത്സ്യങ്ങൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
1. ചൂര
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ചൂര (Tuna) മീൻ എൽഡിഎൽ അഥവാ ചീത്തകൊളസ്ട്രോൾ കുറയ്ക്കും.
2. പുഴമീൻ
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ പുഴമീൻ അഥവാ ആറ്റുമീൻ നല്ല കൊളസ്ട്രോളിന്റെ അളവ് നിലനിർത്താൻ സഹായിക്കും.
3. അയല
അയലയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
4. ഹെറിങ്ങ് ഫിഷ്
കാഴ്ചയില്‍ മത്തി പോലെ തോന്നിക്കുന്ന ഒരു മത്സ്യമാണ് ഹെറിങ്ങ് ഫിഷ്. ഇതില്‍ രണ്ടിനം പ്രധാനപ്പെട്ട ഫാറ്റി ആസിഡുകൾ ഉണ്ട്, ഇപിഎ യും ഡിഎച്ച്എയും. ഇവ ഇൻഫ്ലമേഷൻ കുറയ്ക്കുന്നതോടൊപ്പം ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. ഹെറിങ്ങ് ഫിഷ് വൈറ്റമിൻ ഡിയുടെയും ഉറവിടമാണ്.
5. മത്തി
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്തി കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഫോസ്ഫറസ്, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ പ്രധാന ധാതുക്കളും അയൺ സെലെനിയം എന്നിവയും മത്തിയിൽ ഉണ്ട്. ചെറിയ അളവിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.
6. കൊമ്പൻ സ്രാവ്
കൊമ്പൻ സ്രാവ് അഥവാ വാൾ മീനിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട്. ഇത് രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കും.