അഞ്ച് റൺസിനിടെ രഹാനെ (18), സൂര്യ (0), ദുബെ (0), മുലാനി (5) പുറത്ത്; മുംബൈയെ ‘വരിഞ്ഞുമുറുക്കി’ വിദർഭയുടെ തിരിച്ചടി

Mail This Article
നാഗ്പുർ∙ ഒരിക്കൽക്കൂടി മുംബൈയുടെ രക്ഷക വേഷം അണിയാനുള്ള ഷാർദുൽ താക്കൂറിന്റെ ശ്രമങ്ങൾക്ക് വിദർഭയുടെ ‘കടുംവെട്ട്’. രഞ്ജി ട്രോഫി സെമിയിൽ ആറിന് 118 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയെ, ഏഴാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുമായി രക്ഷപ്പെടുത്താനുള്ള താക്കൂറിന്റെ ശ്രമം വിദർഭ തകർത്തതോടെ, രണ്ടാം ദിനം കളി നിർത്തുമ്പോൾ മുംബൈ 59 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിൽ. മൂന്നു വിക്കറ്റ് മാത്രം കയ്യിലിരിക്കെ, 383 റൺസെടുത്ത വിദർഭയേക്കാൾ ഇപ്പോഴും 195 റൺസ് പിന്നിലാണ് മുംബൈ. ഓപ്പണർ ആകാശ് ആനന്ദ് 67 റൺസോടെയും തനുഷ് കൊട്ടിയൻ അഞ്ച് റൺസോടെയും ക്രീസിൽ.
ആക്രമണം വിദർഭ ക്യാംപിലേക്ക് നയിച്ച ഷാർദുൽ താക്കൂർ 41 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത് പുറത്തായി. ആറിന് 118 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയെ, ഏഴാം വിക്കറ്റിൽ ആകാശ് ആനന്ദിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ച താക്കൂറിനെ വിദർഭ നിരയിലെ മറ്റൊരു താക്കൂർ (യഷ്) പുറത്താക്കി.
നേരത്തെ, കൂറ്റൻ സ്കോറിലേക്ക് നീങ്ങിയ വിദർഭയെ തകർപ്പൻ ബോളിങ് പ്രകടനവുമായി 383 റൺസിൽ ഒതുക്കിയ മുംബൈ തൊട്ടുപിന്നാലെ വൻ ബാറ്റിങ് തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 118 റൺസ് എടുക്കുന്നതിനിടെ മുംബൈയ്‌ക്ക് നഷ്ടമയാത് ആറു വിക്കറ്റുകൾ. ഒരു ഘട്ടത്തിൽ രണ്ടിന് 113 റൺസ് എന്ന നിലയിൽ നിന്ന മുംബൈയാണ്, വെറും അഞ്ച് റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ കൂടി നഷ്ടമാക്കി തകർച്ചയിലേക്ക് വീണത്. ഇന്ത്യൻ ടീമംഗങ്ങളായ അജിൻക്യ രഹാനെ (24 പന്തിൽ 18), ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (രണ്ടു പന്തിൽ പൂജ്യം), ബോളിങ്ങിൽ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ശിവം ദുബെ (രണ്ടു പന്തിൽ പൂജ്യം) തുടങ്ങിയവർ നിരാശപ്പെടുത്തിയതോടെയാണ് മുംബൈ വൻ ബാറ്റിങ് തകർച്ചയെ അഭിമുഖീകരിച്ചത്.
മുംബൈ നിരയിൽ സിദ്ധേഷ് ലാഡ് 92 പന്തിൽ നാലു ഫോറുകൾ സഹിതം 35 റൺസെടുത്ത് പുറത്തായി. ഓപ്പണർ ആയുഷ് മാത്രെ (16 പന്തിൽ ഒൻപത്) ആണ് പുറത്തായ മറ്റൊരു താരം. സ്കോർ ബോർഡിൽ 18 റൺസ് മാത്രമുള്ളപ്പോൾ മാത്രെയെ നഷ്ടമായ മുംബൈയ്ക്കായി രണ്ടാം വിക്കറ്റിൽ ആനന്ദ് – ലാഡ് സഖ്യം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് രക്ഷകരായത്. എന്നാൽ, സ്കോർ 113ൽ നിൽക്കെ വെറും 5 റൺസിന്റെ ഇടവേളയിൽ നാലു വിക്കറ്റ് നഷ്ടമാക്കി മുംബൈ വീണ്ടും തകർന്നു. വിദർഭയ്ക്കായി പാർഥ് രേഘാഡെ 11 ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ദർശൻ നാൽകണ്ഡെ, യഷ് താക്കൂർ, ഹർഷ് ദുബെ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
∙ തകർപ്പൻ തിരിച്ചുവരവുമായി മുംബൈ
നേരത്തെ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 308 റൺസുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച വിദർഭയുടെ അവസാന അഞ്ച് വിക്കറ്റുകൾ വെറും 59 റൺസിനിടെ എറിഞ്ഞുവീഴ്ത്തിയാണ് മുംബൈ അവരെ തളച്ചത്. അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ ഓള്‍റൗണ്ടർ ശിവം ദുബെയുടെ പ്രകടനമാണ് മുംബൈയ്‌ക്ക് കരുത്തായത്. 11.5 ഓവറിൽ 49 റൺസ് വഴങ്ങിയാണ് ദുബെ അഞ്ച് വിക്കറ്റെടുത്തത്. റോയ്സ്റ്റൺ ഡയസ്, ഷംസ് മുലാനി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
യഷ് റാത്തോഡ് (54), അക്ഷയ് വാഡ്കർ (34), ഹർഷ് ദുബെ (18), നചികേത് ഭൂട്ടെ (11), യഷ് താക്കൂർ (മൂന്ന്) എന്നിവരാണ് രണ്ടാം ദിനം പുറത്തായ വിദർഭ ബാറ്റർമാർ. ദർശൻ നാൽകണ്ഡെ 18 പന്തിൽ രണ്ടു ഫോറുകൾ സഹിതം 12 റൺസുമായി പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 324 റൺസുമായി ശക്തമായ നിലയിലായിരുന്ന വിദർഭ, പിന്നീട് 59 റൺസിനിടെ 5 വിക്കറ്റും നഷ്ടമാക്കി തകരുകയായിരുന്നു.
113 പന്തിൽ ഏഴു ഫോറുകളോടെയാണ് യഷ് റാത്തോഡ് 54 റൺസെടുത്തത്. വിദർഭ ഇന്നിങ്സിൽ പിറന്ന മൂന്നാം അർധസെഞ്ചറിയായിരുന്ന റാത്തോഡിന്റേത്. ഡാനിഷ് മാലേവാർ (79), ഓപ്പണർ ധ്രുവ് ഷോറെ (74) എന്നിവർ ആദ്യ ദിനം അർധസെഞ്ചറി നേടിയിരുന്നു. അക്ഷയ് വാഡ്കർ 62 പന്തിൽ നാലു ഫോറുകളോടെ 34 റൺസെടുത്തു. ഹർഷ് ദുബെ 27 പന്തിൽ മൂന്നു ഫോറുകളോടെയാണ് 18 റൺസെടുത്തത്. നചികേത് ഭൂട്ടെ 18 പന്തിൽ രണ്ടു ഫോറുകളോടെ 11 റൺസുമെടുത്തു.
∙ ടോസ് ജയിച്ച് വിദർഭ
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിദർഭ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ദിനത്തിലെ കളി അവസാനിപ്പിക്കുമ്പോൾ 88 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിലായിരുന്നു വിദർഭ. യാഷ് റാത്തോഡ് 47 റൺസോടെയും അക്ഷയ് വാധ്കർ 13 റൺസോടെയും ക്രീസിൽ. അർധസെഞ്ചറി നേടിയ ഓപ്പണർ ധ്രുവ് ഷോറെ (74), ഡാനിഷ് മാലേവാർ (79) എന്നിവരാണ് വിദർഭയെ മികച്ച നിലയിലെത്തിച്ചത്.
109 പന്തുകൾ നേരിട്ട ഷോറെ, ഒൻപതു ഫോറുകളോടെയാണ് 74 റൺസെടുത്തത്. 157 പന്തുകൾ നേരിട്ട ഡാനിഷ് മാലേവാറാകട്ടെ, ഏഴു ഫോറും ഒരു സിക്സും സഹിതം 79 റൺസുമെടുത്തു. കരുൺ നായർ (70 പന്തിൽ ആറു ഫോറുകളോടെ 45), പാർഥ് രെഘാഡെ (64 പന്തിൽ രണ്ടു ഫോറുകളോടെ 23) എന്നിവരും മികച്ച സംഭാവന നൽകി. ആദ്യ ദിനം നിരാശപ്പെടുത്തിയത് 20 പന്തിൽ നാലു റൺസെടുത്ത് പുറത്തായ ഓപ്പണർ അഥർവ തായ്ഡെ മാത്രം.