ദോശ മുതൽ കമ്പം കോള് വരെ; കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ട് കഴിക്കും; ആരും കൊതിക്കുന്ന മില്ലറ്റ് വിഭവങ്ങളുമായി സോഫിയ

Mail This Article
‘രാവിലെ റാഗിദോശ, രാത്രി ചാമക്കഞ്ഞി എന്നൊക്കെ തീരുമാനിക്കും, പക്ഷേ കഴിക്കാനൊരു രസമില്ല’, എന്നു പറയുന്ന മില്ലറ്റ് സ്നേഹികൾ പലരുണ്ട്. ചെറുധാന്യങ്ങളുടെ ആരോഗ്യമേന്മകളെക്കുറിച്ചൊക്കെ അവർക്കറിയാം. ജീവിതശൈലീരോഗങ്ങളെ നിയന്ത്രിച്ചു നിർത്താൻ ചെറുധാന്യങ്ങൾക്കുള്ള കഴിവിനെക്കുറിച്ചും ബോധ്യമുണ്ട്. പക്ഷേ, രുചിയാണു പ്രശ്നമെന്ന് സോഫിയയും കാർത്തികും പറയുന്നു. അരിഭക്ഷണം കഴിച്ചു ശീലിച്ചവർക്ക്, ചെറുധാന്യങ്ങളിലേക്കു വഴിമാറുക എളുപ്പമല്ലെന്നു തന്നെയാണ് ഡോ. ഫഹീം നജീബിന്റെയും അഭിപ്രായം. പിന്നെ എന്തു ചെയ്യും? അതിന് സോഫിയയും കാർത്തികും ഡോ. ഫഹീമും നൽകുന്ന ഉത്തരം ഇതാണ്: ‘കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ട് കഴിക്കാം.’
ഇത്രയേറെ പോഷകമൂല്യമുണ്ടായിട്ടും ചെറുധാന്യങ്ങളിൽനിന്ന് ആളുകളെ അകറ്റുന്നത് അതിന്റെ രുചിയില്ലായ്മയാണെങ്കിൽ ആ പ്രശ്നം പരിഹരിച്ചിട്ടുതന്നെ ബാക്കി കാര്യം എന്നു സോഫിയ ബഷീർ തീരുമാനിച്ചപ്പോൾ പിറന്നത് രുചികരമായ ഒട്ടേറെ മില്ലറ്റ് വിഭവങ്ങൾ. അരിവിഭവങ്ങളുടെ അതേ രുചിയും മണവും നിറവുമുള്ള മില്ലറ്റ് ദോശയും ഇഡ്ഡലിയും പുട്ടും ഉപ്പുമാവുമെല്ലാം അക്കൂട്ടത്തിലുണ്ട്. അങ്ങനെയെങ്കിൽ ചെറുധാന്യപ്പൊടിക്കൊപ്പം അരിപ്പൊടിയോ ഗോതമ്പോ മൈദയോ ചേർത്തു കാണും എന്നു സംശയിക്കുന്നവരോട്, തരിപോലും ചേർത്തിട്ടില്ല എന്നു ധൈര്യത്തോടെ പറയുന്നു സോഫിയ. നിരന്തരമായ പാചക പരീക്ഷണങ്ങളിലൂടെ സോഫിയയും സഹസംരംഭകനായ കാർത്തികും ചേർന്നു രൂപപ്പെടുത്തിയതാണ് ഈ രുചിക്കൂട്ടുകളെല്ലാം.
എല്ലാവരും ‘ഫാം ടു ഫോർക്’ എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ തങ്ങളുടേത് ‘സീഡ് ടു ഫോർക്’ എന്നാണെന്നു കാർത്തിക് പറയുന്നു. കൃഷിക്കുള്ള ചെറുധാന്യ വിത്തുകൾ തിരഞ്ഞെടുക്കുന്നതു മുതൽ അവ തീൻമേശയിലെത്തുന്നതുവരെ പുലർത്തുന്ന നിഷ്കർഷയാണ് വിഭവങ്ങളുടെ രുചിരഹസ്യം. അട്ടപ്പാടിയിലും കോയമ്പത്തൂരും മാണ്ഡ്യയിലുമെല്ലാമുള്ള പാരമ്പര്യ ഗോത്രവർഗ കൃഷിക്കാരിൽനിന്നാണ് ചെറുധാന്യങ്ങൾ സംഭരിക്കുന്നത്. തമിഴ്നാട് അഗ്രികൾചർ യൂണിവേഴ്സിറ്റി പുറത്തിറക്കിയ ഉൽപാദന മികവേറിയ വിത്തുകൾ കൃഷിക്കാർക്കു നൽകി വിളവ് തിരിച്ചു വാങ്ങുകയാണു ചെയ്യുന്നത്. അതുവഴി ചെറുധാന്യങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ കഴിയുന്നു.

വൺ–ലി മില്ലറ്റ്
ചെറുധാന്യക്കൃഷിയും അവ കൊണ്ടുള്ള വിഭവങ്ങളും ചെറുപ്പത്തിൽത്തന്നെ പരിചയമുണ്ടെന്നു സോഫിയ. പാലക്കാടിന്റെ തമിഴ് അതിർത്തിപ്രദേശത്താണ് മാതാപിതാക്കളുടെ നാട്. ഈ ഭാഗങ്ങളിൽ ചെറുധാന്യക്കൃഷി പണ്ടേയുണ്ട്. അതുകൊണ്ടുതന്നെ, വളർന്നത് എറണാകുളത്തെങ്കിലും, ബാല്യത്തിൽത്തന്നെ ചെറുധാന്യ വിഭവങ്ങൾ കഴിക്കാൻ അവസരമുണ്ടായെന്നു സോഫിയ. ഉമ്മയ്ക്കും ഉമ്മയുടെ ഉമ്മയ്ക്കുമെല്ലാം പാരമ്പര്യ ചെറുധാന്യവിഭവങ്ങൾ തയാറാക്കാന്‍ അറിയാമായിരുന്നു. കോയമ്പത്തൂർ സ്വദേശിയും എൻജിനീയറുമായ കാർത്തിക്കിനും മണിച്ചോളവും കമ്പുമെല്ലാം ചെറുപ്പത്തിലേ പരിചയം. എൻജീനിയറിങ് വിട്ട് മില്ലറ്റ് സംരംഭവുമായി ഇറങ്ങിത്തിരിച്ച കാർത്തിക്കും അതേ ലക്ഷ്യമുള്ള സോഫിയയും അങ്ങനെ ഒരേ താൽപര്യത്തിൽ തുടങ്ങിയ സംരംഭമാണ് വൺ–ലി മില്ലറ്റ്. പിന്നാലെ, കോഴിക്കോടുള്ള മർക്കസ് നോളജ് സിറ്റിയിൽ അലോപ്പതി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. ഫഹീം നജീബും സംരംഭത്തിന്റെ ഭാഗമായി.
‘‘പ്രമേഹം ഉൾപ്പെടെ ജീവിതശൈലീരോഗങ്ങളുമായി എത്തുന്നവരോട് അരിഭക്ഷണം കുറച്ച്, ലോ–കാർബ് ഡയറ്റിലേക്കു മാറണമെന്നു പറയാറുണ്ട്. എന്നാൽ, മുൻപ് അങ്ങനെ പറയുമ്പോൾ അതിനു പകരം നിർദേശിക്കാൻ മറ്റൊന്നുമില്ലെന്ന പ്രശ്നമുണ്ടായിരുന്നു. മില്ലറ്റ് വിഭവങ്ങൾ പ്രചാരത്തിലെത്തിയതോടെ അരിക്കു പകരം അതിനെക്കാൾ മേന്മയുള്ള മറ്റൊരു ധാന്യം നിർദേശിക്കാൻ കഴിയുന്നു എന്നതാണ് നേ ട്ടം’’, ഡോ. ഫഹീം നജീബ് പറയുന്നു. അരിഭക്ഷണം അപ്പാടെ ഉപേക്ഷിച്ചു മില്ലറ്റിലേക്കു മാറണം എന്ന വാദമൊന്നും ഡോക്ടർക്കില്ല. ശീലിച്ച ഭക്ഷണം പെട്ടെന്നു മാറുന്നത് പലർക്കും മാനസിക സമ്മർദവും ഉണ്ടാക്കാം. എന്നാൽ, ഓരോരുത്തരുടെയും ശാരീരികശേഷിക്കും രോഗങ്ങൾക്കും അനുസൃതമായി ഒരു നേരമെങ്കിലും ഭക്ഷണം ചെറുധാന്യ വിഭവങ്ങളാക്കുന്നത് വലിയ ഗുണം ചെയ്യുമെന്നു ഡോക്ടർ.

ക്ലൗഡ് കിച്ചൺ
പാലക്കാട്, എറണാകുളം നഗരങ്ങളിലുള്ള ക്ലൗഡ് കിച്ചണുകളാണ് സംരംഭത്തിന്റെ പ്രധാന സവിശേഷത. ഈ രണ്ട് നഗരങ്ങളിലും ആവശ്യക്കാർക്ക് ഓൺലൈൻ വഴി ചൂടൻ മില്ലറ്റ് വിഭവങ്ങൾ ഓർഡർ ചെയ്ത് ആസ്വദിക്കാമെന്നു കാർത്തിക്. പ്രാതലിനെങ്കിൽ, ആദ്യവിഭവമായി തമിഴ്നാട്ടുകാരുടെ തനതു പാനീയമായ ‘കമ്പം കോള്’ കഴിക്കാം. വയറിനുള്ളിൽ, ദഹനത്തിനു സഹായകമായ നല്ല ബാക്ടീരിയകളെ വളർത്തുന്ന പ്രോബയോട്ടിക് ഡ്രിങ്ക് ആണിത്. വേനൽക്കാലത്ത് ശരീരം തണുക്കാനും ഉത്തമം. കമ്പം കോള് കഴിച്ചാൽ അടുത്തതായി വെജിറ്റബിൾ സാലഡ്, പിന്നെ മില്ലറ്റ് ഇഡ്ഡലിയോ ദോശയോ ആകാം. അതു കഴിച്ചു കഴിയുമ്പോൾ മേമ്പൊടിയായി ഒരു മില്ലറ്റ് മധുര വിഭവം.

കുട്ടികളെ മുന്നിൽ കണ്ടാണ് ഓരോ പുതിയ വിഭവവും ഒരുക്കുന്നതെന്നു കാർത്തിക്. ‘കുട്ടികൾക്ക് ഇഷ്ടപ്പെട്ടാൽ എല്ലാവർക്കും ഇഷ്ടപ്പെടും. മാത്രമല്ല, ബാല്യത്തിൽതന്നെ മില്ലറ്റ് വിഭവങ്ങൾ പരിചയപ്പെടുന്നത് അവരിൽ ആരോഗ്യകരമായ ഭക്ഷ്യശീലങ്ങൾ വളർത്തുമെന്നും കാർത്തിക് പറയുന്നു. കുട്ടികൾക്കും മുതി ർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന മില്ലറ്റ് ഹൽവയും കേക്കും പേൾ മില്ലറ്റ് ഡ്രിങ്കുമെല്ലാം ഇവരുടെ അടുക്കളയിൽനിന്ന് ആവശ്യക്കാരിലേക്ക് എത്തുന്നുണ്ട്.
സംരംഭം എന്നതിനപ്പുറം മില്ലറ്റിന്റെ മേന്മ ആളുകളെ ബോധ്യപ്പെടുത്തുക തന്നെയാണ് പ്രധാന ലക്ഷ്യമെ ന്ന് കാർത്തികും സോഫിയയും പറയുന്നു. ക്ലൗഡ് കിച്ചണൊപ്പം മില്ലറ്റ് പുട്ട്–ദോശ–ഇഡ്ഡലിപ്പൊടികളും വൺ–ലി മില്ലറ്റ് വിപണിയിലെത്തിക്കുന്നുണ്ട്. സോഫിയയുടെ മകൾ ഫുഡ് സയൻസ് ബിരുദധാരിയാണ്. മകൻ ഹോർട്ടികൾച്ചർ ബിരുദധാരി. ഇരുവരുടെയും അറിവുകളും സംരംഭത്തിനു മുതൽക്കൂട്ടാണെന്ന് സോഫിയ പറയുന്നു.
ഫോൺ: 9446404944