കോസ്റ്റൽ സൈക്ലോത്തോണ്‍: സിഐഎസ്എഫിന്റെ സൈക്കിൾ റാലിക്ക് കൊച്ചിയിൽ സ്വീകരണം

Mail This Article
കൊച്ചി ∙ ‘സുരക്ഷിതവും സമൃദ്ധവുമായ ഇന്ത്യ’ എന്ന ആശയത്തിലൂന്നി കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ തീരമേഖലകളിലൂടെ നടത്തുന്ന ‘കോസ്റ്റൽ സൈക്ലോത്തോണി’ന് കൊച്ചിയിൽ ആവേശകരമായ സ്വീകരണം. ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യർ, സൗബിൻ ഷാഹിർ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, സിഐഎസ്എഫ് ഡിഐജി ആർ.പൊന്നി, കായിക താരങ്ങളായ മുരളി കുമാർ, ടോം ജോസഫ്, സോജ സിയ, ജോയി ആന്റണി, ജോർജ് തോമസ് എന്നിവർ സൈക്ലോത്തോണിനെ വരവേറ്റു. സിഐഎസ്എഫിന്റെ 56–ാം സ്ഥാപകദിനത്തോട് അനുബന്ധിച്ചാണ് രജ്യത്തെ തീരദേശ പ്രദേശങ്ങളിലൂടെ സൈക്ലോത്തോണ്‍ നടത്തുന്നത്. മാർച്ച് ഏഴിന് ഗുജറാത്തിലെ ലാഖ്പത് ഫോർട്ടിൽ നിന്നും പശ്ചിമബംഗാളിലെ ബഖാലിയിൽ നിന്നും പുറപ്പെട്ട സൈക്ലോത്തോൺ ഈ മാസം 31ന് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ സമാപിക്കും. പുരുഷൻമാരും സ്ത്രീകളുമുൾപ്പെടെ 125 സിഐഎസ്എഫ് ജവാൻമാരാണ് സൈക്കിൾ റാലിയിലുള്ളത്.
രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ, മെട്രോ സ്റ്റേഷനുകൾ, ആണവനിലയങ്ങൾ തുടങ്ങിയവയ്ക്ക് സംരക്ഷണം നൽകുന്നത് സിഐഎസ്എഫാണ്. ദേശസുരക്ഷ, തീരസുരക്ഷ, മയക്കുമരുന്ന്, ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് തുടങ്ങിയവ തടയുന്നതിന് ആവശ്യമായ ബോധവത്കരണം നൽകുക എന്നത് സൈക്കിൾ യാത്രയുടെ ലക്ഷ്യമാണ്. യാത്രക്കിടെ സ്വാതന്ത്ര്യസമരസേനാനികളെയും രക്തസാക്ഷികളുടെ കുടുംബങ്ങളെയും ആദരിക്കുന്നുമുണ്ട്.
മംഗലാപുരത്തുനിന്നു കാസർകോട്ടെ ബേക്കലിലെത്തിയ റാലിക്ക് അവിടെ സ്വീകരണം നൽകിയിരുന്നു. അതിനുശേഷമാണ് കണ്ണൂർ കൂത്തുപറമ്പ് കടന്ന് തിരൂര്‍, കോഴിക്കോട് വഴി ഇന്ന് കൊച്ചിയിലെത്തിയത്. നഗരത്തിലെ വിവിധ കോളജുകളിൽ നിന്നും സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാർഥികൾ അവകതരിപ്പിച്ച കലാപരിപാടികളും രാജേന്ദ്ര മൈതാനിയിൽ സംഘടിപ്പിച്ച സ്വീകരണത്തിന് മിഴിവേകി.