യുകെയിൽ വെള്ളസാരിയും സ്ലിപ്പർ ചെരിപ്പുകളും ധരിച്ച് മമത ബാനർജിയുടെ ജോഗിങ്; വൈറലായി ചിത്രങ്ങൾ

Mail This Article
ലണ്ടൻ∙ യുകെയിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചും പാർക്കിൽ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ജോഗിങ് ചെയ്തും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ യുകെ സന്ദർശനം. സന്ദർശനത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാവുകയാണ്. മമത ബാനർജി എക്‌സ് പ്ലാറ്റ്‌ഫോം ഉൾപ്പടെയുള്ള സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം നിരവധി പേരാണ് ചിത്രങ്ങളും വിഡിയോകളും ഷെയർ ചെയ്തിട്ടുള്ളത്. ലണ്ടനിലെ ഹൈഡ് പാർക്കിൽ സുരക്ഷാ സംഘത്തോടൊപ്പം ജോഗിങ് ചെയ്യുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ദൃശ്യങ്ങളാണ് ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ടിട്ടുള്ളത്.
പാർക്കിൽ വെള്ളസാരിയും സ്ലിപ്പർ ചെരിപ്പുകളും ജാക്കറ്റും അണിഞ്ഞാണ് മമത ബാനർജി ജോഗിങ് നടത്തിയത്. 2023ൽ സ്‌പെയിനിലെ സന്ദർശനത്തിനിടെ മമത ബാനർജി വെള്ള സാരിയും സ്ലിപ്പർ ചെരിപ്പുകളും അണിഞ്ഞ് ജോഗിങ് നടത്തുന്ന ദൃശ്യങ്ങളും മുൻപ് വൈറലായിരുന്നു. ബംഗാളും ബ്രിട്ടനും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക സന്ദർശനത്തിനായി ബംഗാൾ മുഖ്യമന്ത്രി ഞായറാഴ്ചയാണ് ലണ്ടനിലെത്തിയത്. ലണ്ടനിലെത്തിയപ്പോൾ കൊൽക്കത്ത പോലെയുള്ള ഒരു നഗരം കണ്ടുവെന്നും വർത്തമാനകാലത്തെ ആലിംഗനം ചെയ്തുകൊണ്ട് പഴയകാല ചരിത്രത്തെ വഹിക്കുന്ന നഗരമാണ് ലണ്ടനെന്നും മമത ബാനർജി പറഞ്ഞു.
യുകെ സന്ദർശനത്തോടനുബന്ധിച്ച് ലണ്ടനിൽ പാർലമെൻ്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ മമത ബാനർജി പുഷ്പാർച്ചന നടത്തി. തുടർന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫിസ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നിവ സന്ദർശിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ കെല്ലോഗ് കോളജിലെ വിദ്യാർഥികൾ എന്നിവരുമായും മമത ബാനർജി കൂടിക്കാഴ്ച നടത്തി.