മരണസംഖ്യ 1000 കടന്നു: കണ്ണീരണിഞ്ഞ് മ്യാൻമറും തായ്ലൻഡും; ‘ഓപ്പറേഷൻ ബ്രഹ്മ’യുമായി ഇന്ത്യ

Mail This Article
യാങ്കോൺ∙ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ തകർന്നടിഞ്ഞ മ്യാൻമറിനും തായ്‌ലൻഡിനും സഹായഹസ്തവുമായി ഇന്ത്യ. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മണ്ഡലിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആയിരത്തിലധികം പേർ മരിച്ചതായി മ്യാൻമറിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ വൻതോതിൽ ഉയരുന്നതിന് സാധ്യതയുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ശക്തമായ ഭൂചലനത്തിന്റെ പ്രതിഫലനം 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലും പ്രതിഫലിച്ചു. ചരിത്രപ്രസിദ്ധമായ കെട്ടിടങ്ങളും പാലങ്ങളും ഭൂചലനത്തെ തുടർന്ന് ബാങ്കോക്കിൽ തകർന്നു. ഇന്ത്യയിലെ മേഘാലയ, മണിപ്പൂർ, ബംഗ്ലാദേശിലെ ധാക്ക, ചാറ്റോഗ്രാം, ചൈന എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രതിഫലനമുണ്ടായി. മ്യാൻമറിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു. മ്യാൻമറിലെ സൈനിക നിയന്ത്രണത്തിലുള്ള ഗവൺമെന്റ് തലവനായ മിൻ ഓങ് ഹ്ലായിങ്ങിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.
എല്ലാവിധ സഹായ സഹകരണങ്ങളും മോദി വാഗ്ദാനം ചെയ്തു. തൊട്ടുപിന്നാലെ മ്യാൻമറിന് സഹായവുമായി ‘ഓപ്പറേഷൻ ബ്രഹ്മ’ ഇന്ത്യ പ്രഖ്യാപിച്ചു. ‘ഓപ്പറേഷൻ ബ്രഹ്മ’യുടെ ഭാഗമായി സോളാർ വിളക്കുകൾ, ഭക്ഷണ പാക്കറ്റുകൾ, അടുക്കള സെറ്റുകൾ എന്നിവ ഉൾപ്പെടെ 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ മ്യാൻമറിലേക്ക് അയച്ചു.

പ്രത്യേക ഉപകരണങ്ങളും തിരച്ചിൽ നായ്ക്കളുമായി 80 എൻഡിആർഎഫ് രക്ഷാപ്രവർത്തകരുടെ സംഘം നയ്പിഡാവിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. കൂടാതെ, 40 ടൺ മാനുഷിക സഹായങ്ങളുമായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകളായ ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും യാങ്കോൺ തുറമുഖത്തേക്ക് യാത്രതിരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.