റോഡ് കീഴടക്കി എലികൾ; യുകെയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരത്തിൽ മാലിന്യം പെരുകി, സമരപ്രതിസന്ധിയിൽ വലഞ്ഞ് ജനം

Mail This Article
ബർമിങ്ങാം∙ റോഡിന്റെ വശങ്ങളിലും മാലിന്യങ്ങൾ നിറഞ്ഞ ബാഗുകൾ കെട്ടിക്കിടക്കുന്നു. ഇവയ്ക്ക് ചുറ്റും ഓടിക്കളിച്ച് നടക്കുന്ന എലികൾ റോഡിലും പരിസര പ്രദേശങ്ങളിലും ശല്യമായി മാറിയിരിക്കുന്നു. പറഞ്ഞു വരുന്നത് ലോകത്തെ ഏറ്റവും പ്രശസ്തമായ ഒരു നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ്. യുകെയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ബർമിങ്ങാമാണ് ആ നഗരം.
ഏകദേശം 17,000 ടൺ മാലിന്യമാണ് നഗരത്തിലെ റോഡിന്റെ വശങ്ങളിൽ കെട്ടിക്കിടക്കുന്നത്. ഇവ എത്രയും പെട്ടെന്ന് നീക്കം ചെയ്ത് നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന് നടപടിയെടുക്കണമെന്നാണ് ബർമിങ്ങാം നിവാസികളുടെ പ്രധാന ആവശ്യം. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ മാസം അവസാനത്തോടെ സമരം തുടങ്ങിയതാണ് ഈ പ്രതിസന്ധിക്ക് കാരണം.
മാലിന്യം കുന്നുകൂടിയതോടെ എലികൾ പെരുകി റോഡിലും പരിസരത്തും ശല്യമുണ്ടാക്കുന്നു. എലികളെ കൂടാതെ പൂച്ചകളും കുറുക്കന്മാരും മാലിന്യം തേടിയെത്തുന്നുണ്ട്. പുഴുക്കളും കീടങ്ങളും നിറഞ്ഞതോടെ നഗരവാസികളുടെ ആരോഗ്യം അപകടത്തിലായി. പകൽ വെളിച്ചത്തിൽ പോലും എലികൾ ഓടിനടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനമാണ് മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ആരംഭിച്ചത്. ഇത് നഗരത്തിലെ മാലിന്യ നീക്കത്തെ കാര്യമായി ബാധിച്ചു. പകുതിയിൽ താഴെ മാത്രം മാലിന്യ വണ്ടികളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
കൗൺസിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുനഃസംഘടനയുടെ ഭാഗമായി ചില ജീവനക്കാർക്ക് പ്രതിവർഷം 8,000 യൂറോ വരെ നഷ്ടപ്പെടുമെന്ന് യൂണിറ്റ് യൂണിയൻ പ്രതിനിധികൾ ആരോപിക്കുന്നു. 59 വയസ്സുകാരനായ ഡ്രൈവറും യൂണിയൻ അംഗവുമായ വെയ്ൻ ബിഷപ് തനിക്ക് ജോലി നഷ്ടപ്പെടുമെന്ന് പറഞ്ഞു.
എന്നാൽ, ബർമിങ്ങാം സിറ്റി കൗൺസിൽ യൂണിയൻ വാദങ്ങളെ നിഷേധിച്ച് തൊഴിലാളികൾക്ക് ന്യായമായ വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും മാലിന്യ ശേഖരണ സേവനം നവീകരിക്കുന്നതിനും ജീവനക്കാരുടെ മാറ്റം അനിവാര്യമാണെന്നും കൗൺസിൽ വ്യക്തമാക്കി.
നഗരത്തിലെ മോശം അവസ്ഥയിൽ തനിക്ക് ആശങ്കയുണ്ടെന്ന് സിറ്റി കൗൺസിലർ മുഹമ്മദ് ഇദ്രീസ് പറഞ്ഞു. വ്യാവസായിക പൈതൃകത്തിനും വിവിധ സംസ്കാരങ്ങളുടെ സംഗമത്തിനും പേരുകേട്ട ബർമിങ്ങാമിന്റെ പ്രതിച്ഛായയെ സമരം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലിന്യം നിറഞ്ഞ തെരുവുകൾ നഗരത്തിൽ ആരോഗ്യപരമായ അപകടങ്ങളും സൃഷ്ടിക്കുന്നുണ്ട്. കുട്ടികളെ പുറത്തേക്ക് വിടാൻ ഭയമാണെന്ന് താമസക്കാർ പറയുന്നു. ദുർഗന്ധം കാരണം മൂന്ന് വയസ്സുള്ള മകൻ ഛർദ്ദിക്കാറുണ്ടെന്ന് ഏബൽ മിഹായ് എന്ന 23 വയസ്സുകാരൻ പറഞ്ഞു.
മാലിന്യ പ്രശ്നം ഇപ്പോൾ പ്രധാനമന്ത്രി കിയേർ സ്റ്റാമെറിനും രാഷ്ട്രീയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പാർലമെന്റിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോൾ, ബർമിങ്ങാമിലെ സ്ഥിതി അംഗീകരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം സമ്മതിച്ചു.