ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ഞായറാഴ്ച; ഒമാനിൽ തിങ്കളാഴ്ച

Mail This Article
ദോഹ / റിയാദ് / അബുദാബി/ കുവൈത്ത് സിറ്റി/മസ്കത്ത് ∙ ശവ്വാൽ ചന്ദ്രക്കല ദർശിച്ചതിനാൽ ഒമാൻ ഒഴികെ ഗൾഫിൽ എല്ലായിടത്തും നാളെ(ഞായർ) പെരുന്നാളാ(ഈദുൽ ഫിത്ർ)ഘോഷിക്കും. ഒമാനിൽ റമസാൻ 30 പൂർത്തീകരിച്ച് തിങ്കളാഴ്ചയാണ് പെരുന്നാൾ. പെരുന്നാൾ നാളെ ആയതുവഴി യുഎഇ നിവാസികൾക്ക് ആഘോഷത്തിന് നാല് ദിവസത്തെ അവധി ലഭിക്കും. ശവ്വാൽ 1 മുതൽ 3 വരെയാണ് യുഎഇയിൽ പെരുന്നാളവധി.
∙ഖത്തർ
മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ഖത്തറിൽ പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷിക്കുമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം അറിയിച്ചു. റമസാൻ 29 പൂർത്തിയായ ഇന്ന് സൂര്യാസ്തമയത്തിനുശേഷം ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് നാളെ ശവ്വാൽ ഒന്നായി മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി കമ്മിറ്റി പ്രഖ്യാപിച്ചത്. ഇതോടെ വിശുദ്ധമായ റമസാൻ മാസത്തിന് പരിസമാപ്തിയാവുകയും രാജ്യം പെരുന്നാൾ ആഘോഷത്തിലേക്ക് നീങ്ങുകയും ചെയ്തു.
നാളെ രാവിലെ 5.43 നാണ് ഖത്തറിൽ പെരുന്നാൾ നമസ്കാരം നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 700 ഓളം കേന്ദ്രങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പെരുന്നാൾ നമസ്കാരത്തിന് മതകാര്യ മന്ത്രാലയം സൗകര്യം ഒരുക്കിയിട്ടുണ്ട്.
∙ സൗദി അറേബ്യ
സൗദി അറേബ്യയിലെ തുമൈർ, ഹോത്ത സുദൈർ എന്നിവിടങ്ങളിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ സൗദി അറേബ്യയിൽ നാളെ പെരുന്നാൾ ആഘോഷിക്കും. ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിലും നാളെ ആയിരിക്കും ഈദുൽ ഫിത്ർ. വൈകാതെ സൗദി സുപ്രീം കോടതി ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കും. ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ.
നാളെ രാവിലെ സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞാണ് സൗദിയിൽ ഈദുൽ ഫിത്ർ നമസ്കാരം നടക്കുക. മഴയുടെ സാഹചര്യമുണ്ടെങ്കിൽ ഈദുഗാഹുകളിലെ നമസ്കാരം മസ്ജിദുകളിലേക്ക് മാറ്റും.
ഈദുൽ ഫിത്ർ നമസ്‌കാരത്തിനായി സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലെ പള്ളികളിലും ഈദ് ഗാഹുകളിലുമുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ പൂർത്തിയാക്കിയതായി മതകാര്യ വകുപ്പ് അറിയിച്ചു.
വിവിധ പ്രദേശങ്ങളിലായി 15,948 പള്ളികളും 3,939 ഈദ് ഗാഹുകളും ഒരുക്കിയിട്ടുണ്ട്. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷമായിരിക്കും ഈദ് നമസ്‌കാരം നടക്കുക. പള്ളികളിലെയും ഈദ് ഗാഹുകളിലെയും ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനായി 6,000-ൽ അധികം നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള അശ്രദ്ധയോ അലംഭാവമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1933 എന്ന ഗുണഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെടാൻ മതകാര്യ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
സൗദിയിലെ വിവിധയിടങ്ങളിലെ ഈദ് നമസ്കാര സമയം
മക്ക - 6.31
മദീന - 6.31
റിയാദ് - 6.03
ജിദ്ദ - 6.33
ബുറൈദ - 6.13
ദമാം- 5.48
അബ്ഹ - 6.21
തബൂക്ക് - 6.42
ഹായിൽ - 6.23
അറാർ - 6.22
ജിസാൻ - 6.23
നജ്റാൻ - 6.15
സകാക്ക - 6.27
∙കുവൈത്ത്
കുവൈത്തിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് സുപ്രീം ജുഡീഷ്യൽ കൗൺസിൽ കൂടിയാണ് നാളെ ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് തീരുമാനം പ്രഖ്യാപിച്ചത്. മാർച്ച് 30 ഞായറാഴ്ചയാണ് ഈദുൽ ഫിത്ർ വരുന്നതെങ്കിൽ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തെ അവധി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് 30, 31, 1 തീയതികളാണ് അവധി.
ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഈദ് ഗാഹുകൾ
ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് പിൻവശത്തെ ഗ്രൗണ്ടിലെ ഈദ് ഗാഹിന് അബ്ദുൽ നാസർ മുട്ടിലും സാൽമിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് അൽവുഹൈബിന് മുൻവശത്തെ ഗ്രൗണ്ടിലെ ഈദ് ഗാഹിന് അൽ അമീൻ സുല്ലമിയും നേതൃത്വം നൽകും. മങ്കഫിലെ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് ഫാത്വിമ അൽ അജ്മിയിൽ മുർഷിദ് അരീക്കാടും മെഹബൂല ഓൾഡ് എൻ.എസ്.സി കാമ്പ് മസ്ജിദിൽ ശാനിബ് പേരാമ്പ്രയും പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകും. നമസ്‌കാര സമയം 5.56 നാണ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ഈദ് ഗാഹുകളിലേക്ക് വരുന്നവർ വുളു എടുത്ത് മുസല്ലയുമായി വരണമെന്ന് സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9977 6124, 6582 9673, 6640 5706.
∙ഒമാൻ
ഒമാനിൽ ശവ്വാൽ പിറ ദൃശ്യമായില്ല. റമസാൻ 30 പൂർത്തിയാക്കി മാർച്ച് 31 തിങ്കളാഴ്ചയായിരിക്കും പെരുന്നാൾ എന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.