മൂത്രമൊഴിക്കാൻ തോന്നുമ്പോൾ പിടിച്ചു നിർത്താൻ കഴിയുന്നില്ലേ? ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്തണം!

Mail This Article
മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരുന്ന അവസ്ഥയാണ് ഓവറാക്ടീവ് ബ്ലാഡര്‍. പെട്ടെന്ന് മൂത്രമൊഴിക്കണമെന്ന തോന്നല്‍, പകലും രാത്രിയും കൂടുതല്‍ തവണ മൂത്രമൊഴിക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
സ്ത്രീകളില്‍ കൂടുതല്‍
സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം മൂലമാണ് മൂത്രസഞ്ചിയുടെ മാംസപേശികള്‍ യഥാസമയം സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത്. നാഡീസംബന്ധമായ തകരാറുകള്‍ ഈ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നത് രോഗത്തിനു കാരണമാകുന്നു. പ്രായമായവരില്‍ ഈ രോഗസാധ്യത കൂടുതലാണ്. പുരുഷന്മാരില് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലമുള്ള മൂത്രതടസ്സം ഈ രോഗത്തിനു കാരണമാകാം. മെറ്റബോളിക് സിന്‍ഡ്രം, ഫൈബ്രോമയാല്‍ജിയ, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവ മൂലവും ഈ രോഗമുണ്ടാകാം.
ഭക്ഷണം, വ്യായാമം
ജീവിതരീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ട് ഈ രോഗം ഒരു പരിധിവരെ നിയന്ത്രിക്കാം. ഭക്ഷണത്തില്‍ ദ്രവരൂപത്തിലുള്ള പദാര്‍ഥങ്ങളുടെ അളവ് കുറയ്ക്കുക, എരിവുള്ളതും എണ്ണയില്‍ വറുത്തതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക തുടങ്ങിയ വഴി രോഗത്തിന്റ തീവ്രത കുറയ്ക്കാം. അടിവയറിന്റെയും നാഭിയുടെയും മാംസപേശികള്‍ക്കുള്ള വ്യായാമം രോഗം നിയന്ത്രിക്കാന്‍ സഹായിക്കും. ഇത്തരം മാര്‍ഗങ്ങള്‍ കൊണ്ട് രോഗം നിയന്ത്രണവിധേയമായില്ലെങ്കില്‍ മരുന്നുചികിത്സ ആവശ്യമായി വരാം.
(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.എന്‍.ഗോപകുമാര്‍ യൂറോളജിസ്റ്റ് & ആന്‍ഡ്രോളജിസ്റ്റ്, യൂറോകെയര്‍, തിരുവനന്തപുരം)