ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദുബായ്∙ കഴിഞ്ഞ ദിവസം അജ്മാനിൽ അന്തരിച്ച പ്രവാസി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ തൊടുപുഴ സ്വദേശി ബിജു ജോസഫ് (52) വലിയ സൗഹൃദവലയമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു. സൗമ്യനും ലളിതമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നയാളുമായ അക്ഷരസ്നേഹിയായ അദ്ദേഹം നാല് പുസ്തകങ്ങളുടെ രചയിതാവാണ്. മാനുഷികതയിലൂന്നി ജീവിച്ച ബിജു തന്റെ മരണശേഷം അവയവദാനത്തിന്  നേരത്തെ സമ്മതപത്രം തയ്യാറാക്കിവച്ചിരുന്നു. 

ബിജുവിന്റെ വിയോഗം അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ വല്ലാതെ ഉലച്ചുകളഞ്ഞു. അറിയപ്പെടുന്ന എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും വാഗ്മിയുമായ ബഷീർ തിക്കോടി തനിക്ക് ബിജു ജോസഫുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കുന്നു:

ബിജു ജോസഫ് എടുത്ത സെൽഫി.  ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്
ബിജു ജോസഫ് എടുത്ത സെൽഫി. ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്

പ്രകാശവലയം ഉപേക്ഷിച്ച വലിയ മനുഷ്യനായിരുന്നു ബിജു ജോസഫ് കുന്നുംപുറം. ഈ മാസം 6ന് മസ്തിഷ്കാഘാതം സംഭവിച്ച്  അജ്മാനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജുവിന്റെ മസ്തിഷ്ക മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. പ്രവാസലോകത്തെ ഏറ്റവും സജീവ സാന്നിധ്യമായിരുന്ന അക്ഷരസ്നേഹിയായിരുന്നു ബിജു. മികച്ച സംഘാടകനും എഴുത്തുകാരനും സർവോപരി മാനവികപക്ഷത്ത് നിലയുറപ്പിക്കുകയും തന്നാലാവും വിധം കർമ്മമേഖലയ്ക്ക് സാത്വികഭാവം നൽകുന്നതിൽ വിജയിക്കുകയും ചെയ്തൊരാൾ. നാലോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ജീവിതത്തെയും എഴുത്തിനെയും ആത്മീയ മനസ്സിനോട് ബിജു ബന്ധിപ്പിച്ചിരുന്നു.

ബിജു ജോസഫ്.  ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്
ബിജു ജോസഫ്. ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്

വന്യവും നാഗരിക വിഭ്രമാത്മകത കൊണ്ടും എഴുത്തിനെ അസഹ്യമായ അനുഭവമാക്കിയില്ലെന്ന് മാത്രമല്ല, ദേശാനുഭവത്തിന്റെ ആഖ്യാന നിറവിനാൽ എഴുതിയതൊക്കെയും വർണാഭമാക്കാനും ബിജുവിനു കഴിഞ്ഞു. പൊതുമണ്ഡലത്തിൽ തന്റെ  സ്ഥാനം അടയാളപ്പെടുത്താൻ ഒരു തിടുക്കവും കാണിക്കാതെ കെട്ടുപാടുകളിൽ നിന്ന് വിടുതൽ നേടി ജീവിതത്തിന് മാനുഷികതയുടെ മുഖശ്രീ തീർത്തു ഈ സാംസ്കാരിക പ്രവർത്തകൻ. അസാധാരണ ലാളിത്യമായിരുന്നു ബിജുവിനെ വേറിട്ടു നിർത്തിയത്. തന്റെ ആത്യന്തിക നിയോഗം ജീവിതത്തിന് മഹത്വമേകുക മാത്രമെന്ന് തീരുമാനിച്ചറപ്പിച്ച ജീവിത വഴിയിലൂടെ മാത്രം സഞ്ചരിച്ചൊരാൾ. 

ഏകപക്ഷീയമായ ദോഷാനുദർശനത്തിന്റെ വക്താവായിരുന്നില്ലെന്ന് മാത്രമല്ല, നല്ല മനുഷ്യരുമായി ചേർന്ന് നിന്ന് കളങ്കരഹിതമായ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിലും വിജയിച്ചു. മൗനത്തിന്റെ മുഴക്കം കൊണ്ട് പക്വതയുടെ നേർവഴി നയിക്കാനും ബിജുവിന് കഴിഞ്ഞു. പ്രദർശന പരതകൾക്കും പൊങ്ങച്ചങ്ങൾക്കുമപ്പുറം ജീവിതം കൊണ്ട് മനുഷ്യപ്പറ്റിന്റെ പ്രകാശം തീർത്താണ് ബിജു ജീവിതത്തിൽ നിന്ന് മരണത്തിലേക്ക് വെള്ളപുതച്ച് പോകുന്നത്. മരിച്ച് മണ്ണടിയുമ്പോഴും ഉദയാസ്തമനങ്ങൾക്കിടയിൽ നിലനിൽക്കുന്ന മൂല്യങ്ങളെ പോലെ  അവയവങ്ങളിൽ ചിലത് ദാനമായി നൽകിയാണ് ബിജു അവസാന യാത്രയ്ക്കൊരുങ്ങുന്നത്. 

സങ്കുചിതത്വങ്ങൾക്കപ്പുറം കടന്ന് മനുഷ്യത്വം തന്നെയായി മാറിയ ബിജുവിന്റെ ജീവിതം പോലെ മരണവും മാതൃകാപരമായി തീരുന്നു. ഇരുട്ടിന്റെ ആഴങ്ങളിൽ ജീവിതത്തെ ശപിച്ചൊരാളിൽ ബിജു കാഴ്ചയായി പുലരും. മഴയും മഴവില്ലും കണ്ടാനന്ദിക്കും. വീണുടഞ്ഞ ഒരു ഹൃദയമിപ്പോൾ പ്രാർഥനയോടെ മിടിച്ച് തുടങ്ങും. തഴുകി തലോടിപ്പോയ ഒരു കുളിർകാറ്റ് പോലെ ബിജു ജോസഫ് ഓർമയുടെ ശിഖരങ്ങളിലെന്നുമുണ്ടാവും .

നിരവധി സംഘടനകൾക്കും സുഹൃദ് സംഘങ്ങൾക്കും അടുത്ത് നിന്ന് തൊടാനാവുന്ന ആത്മ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കളങ്കമില്ലാത്ത സ്നേഹം അളവില്ലാതെ നൽകിയ പ്രിയ സ്നേഹിതൻ  തീവ്ര വേദന സമ്മാനിച്ചാണ് ജീവിതത്തിന്റെ പടികളിറങ്ങിപ്പോകുന്നത്. ആ ഓർമകൾക്ക് മുൻപിൽ ഒരുപിടി കണ്ണീർപ്പൂക്കൾ.

English Summary:

Thodupuzha native and prominent expatriate writer and cultural activist Biju Joseph (52) passed away in Ajman. The author of four books, known for his large social circle and gentle nature, was a strong advocate for humanitarian causes and had pledged his organs for donation. His death has deeply affected friends and colleagues. Writer, cultural figure, and orator Basheer Thikkodi shared his memories of Biju with Manorama Online.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com