ADVERTISEMENT

അജ്മാൻ ∙ എഴുത്തുകാരനും യുഎഇയിലെ കലാസാംസ്കാരിക ആത്മീയ രംഗങ്ങളിലെ സജീവസാന്നിധ്യവുമായിരുന്ന തൊടുപുഴ മലങ്കര എസ്‌റ്റേറ്റിലെ അശുപത്രി കവലയിലുള്ള മാമൂട്ടിൽ പാടിയിൽ ബിജു ജോസഫ് കുന്നുംപുറം (52) അന്തരിച്ചു. ഈ മാസം 6ന് മസ്തിഷ്കാഘാതത്തെ തുടർന്ന് അജ്മാനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി വെന്റിലേറ്ററിലായിരുന്നു. മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന ബിജുവിന്റെ ആഗ്രഹപ്രകാരം  അതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ബന്ധുക്കൾ പറഞ്ഞു.

ഭാര്യയും മകനും മകളുമടങ്ങുന്ന കുടുംബം വർഷങ്ങളായി അജ്മാനിലായിരുന്നു താമസിച്ചിരുന്നത്. ഷാർജ സെന്റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ വിവിധ ആത്മീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എംബിഎ  ബിരുദധാരിയും, ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ബിജു ജീസസ് യൂത്ത് (മുൻ യുഎഇ നാഷനൽ ഫാമിലി കോർ ടീം), പാലാ പ്രവാസി അപ്പസ്തൊലേറ്റ്, പാലാ സെന്റ് തോമസ് -  അൽഫോൻസാ കോളജ് അലുമ്നി (സ്റ്റാക്ക്), എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു.

കൂടാതെ പ്രവാസ ലോകത്തിലെ കലാ സാഹിത്യ രംഗങ്ങളിലെ  നേതൃത്വ നിരയിൽ സജീവമായി പ്രവർത്തിക്കുകയും നോവലുകളടക്കം നാല് പുസ്തകങ്ങൾ രചിക്കുകയും ചെയ്തു.  ഷാർജാ രാജ്യാന്തര  പുസ്തകമേളയിലെ  നിറസാന്നിധ്യമായിരുന്ന അദ്ദേഹം വാദ്യമേളത്തിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.  അക്കൗണ്ട്സ് മാനേജരായി  ഷാർജ ഹംരിയ്യ ഫ്രീ സോണിലുള്ള പ്രമുഖ സ്വകാര്യസ്ഥാപനത്തിലായിരുന്നു ജോലി.

പരേതനായ കുന്നുംപുറം പാപ്പനാണ് പിതാവ്. മാതാവ്:  അന്നക്കുട്ടി. ഭാര്യ-ബിജി ജോസഫ്. മക്കൾ: ആഷിഖ് ബിജു (കാനഡ),  അനേന ബിജു. സഹോദരങ്ങൾ:  ജേക്കബ്, ജോയി. അബുദാബി ക്ലെവ് ലാൻഡ് ആശുപത്രിയിലുള്ള മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

English Summary:

Writer Biju Joseph passed away in Ajman

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com