അയൽവീട്ടിലെ കോഴി രാത്രി കൂവി ഉറക്കം തടസ്സപ്പെടുത്തുന്നു: കോഴി, പശു ഒക്കെ വളർത്താൻ ചട്ടങ്ങളുണ്ട്

Mail This Article
കഴിഞ്ഞ ദിവസമാണ് അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ കൗതുകകരമായ വിധിന്യായം വന്നത്. അയൽവീട്ടിൽ വളർത്തുന്ന പൂവൻ കോഴി രാത്രി കൂവുന്നതിനാൽ ഉറക്കം കിട്ടുന്നില്ല എന്ന പരാതിയിലെ പരിഹാര നിർദ്ദേശമാണ് കൗതുകകരമായത്. ഇത്തരമൊരു ഉത്തരവ് ആദ്യമായിട്ടാണ് കാണുന്നതെങ്കിലും കോഴി വളർത്തലും കാലിവളർത്തലുമൊക്കെ പരാതികൾക്ക് ഇട നൽകുന്നത് ഇതാദ്യമായല്ല. പരാതി പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥർക്ക് പലപ്പോഴും ചട്ടവിരുദ്ധപ്രവൃത്തിയായി കണക്കാക്കേണ്ടിയും വരും. കോഴി വളർത്താനും പശുവളർത്താനുമൊക്കെ ചട്ടങ്ങളോ എന്ന് ചോദിക്കാൻ വരട്ടെ. ചട്ടങ്ങളുണ്ട്.
പണ്ടൊക്കെ വീട്ടുമുറ്റത്ത് പത്തോ ഇരുപതോ കോഴി അല്ലെങ്കിൽ താറാവ് , ഒന്നോ രണ്ടോ പശു , എരുമ, ആട് , എന്തിന് പന്നിയെ വരെ വളർത്തുന്നത് സാധാരണ സംഗതിയായിരുന്നു. പിന്നീട് ഇത്തരത്തിലുള്ള പക്ഷി, കാലി വളർത്തൽ ലാഭകരമല്ലാതെയായി മാറുകയും എന്നാൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ വരെ വ്യവസായികാടിസ്ഥാനത്തിൽ ഇത്തരം കൃഷിയിലേക്കിറങ്ങുകയും കൂടുതൽ പേരും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വീടുകൾ തമ്മിലുള്ള അകലം കുറയുകയും സ്ഥലലഭ്യത ചുരുങ്ങുകയും ചെയ്തപ്പോൾ ഇത്തരം ഫാമുകളിൽ പലതിലും മാലിന്യ പ്രശ്നങ്ങൾ ഉന്നയിച്ച് തദ്ദേശസ്ഥാപനങ്ങളിൽ പരാതി എത്തുന്ന സ്ഥിതി വന്നു.
പലപ്പോഴും ഉടമ ചെറിയ തോതിൽ ആരംഭിച്ച് പിന്നീട് ക്രമേണ വലിയ തോതിൽ ആയപ്പോൾ നിയമപരമായ നടപടികൾ സ്വീകരിക്കാത്തതിനാൽ സ്ഥാപനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകേണ്ട അവസ്ഥയിലെത്തും.2019 -ലെ KPBR / KMBR എന്നീ ചട്ടങ്ങളിൽ കാലി വളർത്തൽ , കോഴി വളർത്തൽ എന്നിവയ്ക്കുള്ള കെട്ടിടങ്ങളെ വ്യവസായ ഗണത്തിലുള്ള കെട്ടിടങ്ങളായാണ് തരം തിരിച്ചിട്ടുള്ളത്. എന്നാൽ ഇത്തരം കെട്ടിടങ്ങളുടെ ഉയരം, അഗ്നിശമന നിയന്ത്രണ സംവിധാനങ്ങൾ എന്നിവയെ സംബന്ധിച്ച അവ്യക്തതകൾ മൂലം നടത്തിപ്പുകാരും തദ്ദേശസ്ഥാപന അധികാരികളും ഒരേ പോലെ ത്രിശങ്കു സ്വർഗ്ഗത്തിലായിരുന്നു.
20 പശുക്കളോ 50 ആടുകളോ അല്ലെങ്കിൽ 1000 പക്ഷികളെയോ വളർത്തുന്ന കെട്ടിടങ്ങൾക്ക് പെർമിറ്റ് വേണ്ടതില്ല എന്ന് 2020 ൽ രണ്ട് കെട്ടിട നിർമാണ ചട്ടങ്ങളിലും ഭേദഗതി കൊണ്ടു വന്നെങ്കിലും അവ്യക്തതയ്ക്ക് ശമനമുണ്ടായിരുന്നില്ല . 1000 പക്ഷികൾ എന്നതിൽ 1000 കാടയും 1000 ഒട്ടകപ്പക്ഷിയും ഒരു പോലെ കണക്കാക്കുന്ന വിധത്തിലായി . പ്രധാന പ്രശ്നം ഇത്തരം കെട്ടിടങ്ങളുടെ ഉയരം , ടോയ്‌ലറ്റ് സൗകര്യങ്ങൾ , അഗ്നിശമന നിയന്ത്രണം, ആവശ്യമായ വഴിയുടെ വീതി എന്നിവയൊക്കെ സംബന്ധിച്ചായിരുന്നു .
എന്നാൽ 2024 ആഗസ്റ്റ് 13-ാം തീയതി GO (P) No. 43/2024/ LSGD ആയി വരുത്തിയ ചട്ട ഭേദഗതിയിൽ സർക്കാർ ഈ വിഷയത്തിൽ കൂടുതൽ കൃത്യത വരുത്തിയിട്ടുണ്ട്. ഈ മേഖലയിലേക്ക് സ്വയംതൊഴിൽ കണ്ടത്താൻ ശ്രമിക്കുന്നവർക്ക് വളരെ ആശ്വാസം നൽകുന്ന സംഗതിയാണിത്.
എന്താണ് പ്രധാന മാറ്റങ്ങൾ എന്ന് നോക്കാം.
പുതിയ ഭേദഗതിയിൽ 10 കാലികൾ , 50 ആടുകൾ , 50 മുയലുകൾ , 5 പന്നികൾ എന്നിവയ്ക്കും 1000 കാടകൾ, 500 കോഴി / താറാവ് , 50 ടർക്കി , 15 എമു , 2 ഒട്ടകപ്പക്ഷി എന്നിവയ്ക്കും ഉള്ള കൂടുകൾക്ക് പെർമിറ്റ് വേണ്ട. എന്നാൽ ഇത്തരം കൂടുകളുടെ വശത്ത് കുറഞ്ഞത് 1.50 മീ തുറന്ന സ്ഥലം ഉണ്ടായിരിക്കണം, കൂട് നിർമിച്ചിരിക്കുന്ന പ്ലോട്ടിലേക്ക് 1.80 മീ വീതിയുള്ള വഴി ഉണ്ടായിരുന്നാൽ മതി. സുരക്ഷിതമായ മാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റ് വേണം.
ഇനി ലൈസൻസ്, സബ്സിഡി ആവശ്യങ്ങൾക്കായി പെർമിറ്റ് ആവശ്യമുണ്ടെങ്കിൽ അതിനും വ്യവസ്ഥയുണ്ട്. 750 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ളവയെ കാറ്റഗറി 1 എന്നും 750 ചതുരശ്ര മീറ്ററിന് മുകളിലുള്ളവ കാറ്റഗറി 2 എന്നും തരം തിരിച്ചിരിക്കുന്നു . കാറ്റഗറി 1 ൽ ഉൾപ്പെടുന്നവയ്ക്ക് മുൻവശത്ത് 3 മീ , മറ്റ് മൂന്ന് വശത്തും 2 മീ. വീതവും തുറന്ന മുറ്റം ഉണ്ടായിരിക്കണം കാറ്റഗറി 2 ൽ ഉൾപ്പെട്ട കെട്ടിടങ്ങൾക്ക് മുൻവശത്തും പിൻവശത്തും 5 മീ വീതിയിലും മറ്റ് വശങ്ങളിൽ 3 മീ വീതിയിലും തുറന്ന മുറ്റം വേണം.
- കാറ്റഗറി 1 ഫാമുകൾക്ക് 75 % കാറ്റഗറി 2 ഫാമുകൾക്ക് 70% കവറേജ് ആകാം.
- കാറ്റഗറി 1 ഫാമുകൾക്ക് 3 മീ. വഴിയും കാറ്റഗറി 2 ഫാമുകൾക്ക് 5 മീ വഴിയും നിർബന്ധമാണ്.
- കാറ്റഗറി 1 ഫാമിൽ ഒരെണ്ണവും കാറ്റഗറി 2 ഫാമിൽ 2 എണ്ണവും കുറയാതെ ടോയ്‌ലറ്റ് (വാട്ടർ ക്ലോസ്റ്റ് ) വേണം
2012 ലെ പഞ്ചായത്തിരാജ് (കാലിഫാമുകൾക്ക് ലൈസൻസ് അനുവദിക്കൽ ) ചട്ടങ്ങളിൽ പറയുന്ന ഖര മാലിന്യ സംസ്കരണ സംവിധാനങ്ങൾ വേണം. കാറ്റഗറി 1 ഉം 2 ഉം കെട്ടിടങ്ങൾക്ക് പാർക്കിങ് വേണ്ട , മുറിയുടെ ഉയരത്തിലോ ടോയ്‌ലറ്റിന്റെ അളവിലോ ഒന്നും പ്രത്യേകിച്ച് നിബന്ധനകളില്ല. ഒറ്റനില കെട്ടിടങ്ങളാണെങ്കിൽ അഗ്നിശമന നിയന്ത്രണ സംവിധാനങ്ങളും വേണ്ട. അപ്പോൾ നിയമങ്ങൾ അറിഞ്ഞ് തന്നെ ഫാമുകൾ ആരംഭിച്ചോളൂ, വ്യവസായ അടിസ്ഥാനത്തിൽ തന്നെ.
**
ലേഖകൻ തദ്ദേശ സ്വയംഭരണ എൻജിനീയറിംഗ് വിഭാഗത്തിൽ ഓവർസിയറാണ്
jubeeshmv@gmail.com