ADVERTISEMENT

ഷൂസിൽ ഫോർമുല വൺ കാറിന്റെ എൻജിൻ പിടിപ്പിച്ച്, ട്രാക്കിൽ ചീറിപ്പായുന്ന പുള്ളിപ്പുലികൾ. ഓരോ ഒളിംപിക്സിലെയും ചീറ്റപ്പുലികളാണു പുരുഷ 100 മീറ്റർ ഓട്ടത്തിലെ ജേതാക്കൾ. കാൾ ലൂയിസും ഉസൈൻ ബോൾട്ടുമൊക്കെ മിന്നൽപ്പിണരായി കടന്നുപോയ ട്രാക്കിൽ ഇത്തവണ ആരാകും ജേതാവ്?

ഒരേയൊരു ബോൾട്ട്

ഒളിംപിക് ട്രാക്കിൽ തുടരെ 3 തവണ 100 മീറ്ററിൽ ചാംപ്യനായ ഒരേയൊരാളേയുള്ളൂ: സാക്ഷാൽ ഉസൈൻ സെന്റ് ലിയോ ബോൾട്ട്. 2008ൽ ബെയ്ജിങ്ങിലും 2012ൽ ലണ്ടനിലും 2016ൽ റിയോയിലും ജമൈക്കൻ താരം ട്രാക്കിൽ തീക്കാറ്റായി. 9.63 സെക്കൻഡിന്റെ ഒളിംപിക് റെക്കോർഡും ബോൾട്ടിന്റെ പേരിൽ ഭദ്രം. പുരുഷ 100 മീറ്ററിൽ കാൾ ലൂയിസ് തുടരെ 2 തവണ ജേതാവായിട്ടുണ്ട്. 1984ൽ ലൊസാഞ്ചലസിലും 1988ൽ സോളിലും കാൾ ലൂയിസ് ഭൂഗോളത്തിലെ വേഗരാജനായി.

സീനിയർ, ജൂനിയർ

32–ാം വയസ്സിൽ 1992ലെ ബാർസിലോന ഒളിംപിക്സിൽ 100 മീറ്റർ സ്വർണം നേടിയ ബ്രിട്ടന്റെ ലിൻഫോഡ് ക്രിസ്റ്റിയാണു ഒളിംപിക്സ് വേഗപ്പോരിലെ ഏറ്റവും പ്രായം കൂടിയ സ്വർണജേതാവ് (സമയം: 9.96 സെക്കൻ‍ഡ്). 100 മീറ്ററിലെ ഏറ്റവും പ്രായംകുറഞ്ഞ ജേതാവ് 1908ൽ സ്വർണം നേടിയ ദക്ഷിണാഫ്രിക്കയുടെ റെജിനാൾഡ് വോക്കറാണ്. 19–ാം വയസ്സിൽ 10.70 സെക്കൻഡിലായിരുന്നു അന്നു വോക്കറുടെ ഫിനിഷ്.

ഉത്തേജകം 

1988ൽ സോൾ ഒളിംപിക്സിൽ 100 മീറ്ററിൽ ഒന്നാമനായത് കാനഡയുടെ ബെൻ ജോൺസൻ ആയിരുന്നു. പക്ഷേ, ഉത്തേജക പരിശോധനയിൽ ബെൻ ജോൺസൻ പിടിക്കപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മെഡൽ തിരിച്ചെടുത്തു. അതോടെ, രണ്ടാമതെത്തിയ കാൾ ലൂയിസിന് സ്വർണം കിട്ടി. മൂന്നാമതെത്തിയ ലിൻഫോഡ് ക്രിസ്റ്റി വെള്ളിയിലേക്കും നാലാമതെത്തിയ കാൽവിൻ സ്മിത്ത് (യുഎസ്) വെങ്കലത്തിലേക്കും കയറി.

∙ ഒളിംപിക്സിൽ പുരുഷ 100 മീറ്ററിൽ ഏറ്റവും കൂടുതൽ തവണ സ്വർണം നേടിയതു യുഎസ് താരങ്ങളാണ്. യുഎസിന്റെ പേരിൽ ഈയിനത്തിൽ 16 സ്വർണമുണ്ട്.

English Summary:

Tough competition in Olympics 100 meters race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com