ഇന്ത്യയെത്തി : ഇന്ത്യയുടെ ആർച്ചറി, റോവിങ് സംഘം ഒളിംപിക് വില്ലേജിൽ
Mail This Article
പാരിസ് ∙ ഇന്ത്യയുടെ ആർച്ചറി, റോവിങ് താരങ്ങൾ പാരിസിലെ ഒളിംപിക് വില്ലേജിലെത്തി. ഒളിംപിക്സിന്റെ ഭാഗമായി പാരിസിലെത്തുന്ന ആദ്യ ഇന്ത്യൻ സംഘമാണ് ഇവരെന്ന് ഒളിംപിക്സ് സംഘത്തിന്റെ തലവനായ (ചെഫ് ഡി മിഷൻ) ഗഗൻ നാരംഗ് അറിയിച്ചു.
വെള്ളി രാത്രിയാണ് ആർച്ചറി, റോവിങ് ടീമുകൾ ഒളിംപിക് വില്ലേജിൽ എത്തിയത്. 6 പേർ അടങ്ങുന്ന സംഘമാണ് ആർച്ചറിയിൽ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. റോവിങ്ങിൽ ബൽരാജ് പൻവാറിനു മാത്രമാണ് ഒളിംപിക്സ് യോഗ്യത നേടാനായത്. നെതർലൻഡ്സിൽ പരിശീലനം നടത്തുന്ന ഇന്ത്യയുടെ ഹോക്കി ടീമും ഇന്നു പുലർച്ചയോടെ പാരിസിൽ എത്തും.
‘താരങ്ങളെല്ലാം ആവേശത്തിലാണ്. ആർച്ചറി, റോവിങ് ടീമുകൾക്കു പിന്നാലെ ഹോക്കി ടീമും പാരിസിലേക്ക് പുറപ്പെട്ടു. ഒളിംപിക്സ് ആരംഭിക്കുന്നതിനു മുൻപ് പാരിസിൽ അവസാന ഘട്ട പരിശീലനം നടത്താനുള്ള ഒരുക്കത്തിലാണ് അവർ. അത്‌ലീറ്റുകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തും’– ഷൂട്ടിങ്ങിൽ 2012 ലണ്ടൻ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ ഗഗൻ നാരംഗ് പറഞ്ഞു. 20 വിഭാഗങ്ങളിലായി 117 ഇന്ത്യൻ അത്‌ലീറ്റുകളാണ് ഇത്തവണ പാരിസിൽ മത്സരിക്കുന്നത്.