ADVERTISEMENT

എവിടെ നോക്കിയാലും സുരക്ഷാസൈനികർ. തിരക്കേറിയ റോഡുകളിൽപോലും കനത്ത പരിശോധന. പ്രധാന റോഡുകളിലെല്ലാം വശങ്ങളിൽ ബാരിക്കേഡുകൾ. മെട്രോ, റെയിൽവേ സ്റ്റേഷനുകളിലും കർശന പരിശോധന. ഒളിംപിക്സ് 3 ദിനം മാത്രം അകലെ നിൽക്കെ സുരക്ഷാവലയത്തിലാണു പാരിസ് നഗരവും പരിസരപ്രദേശങ്ങളും.

വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻതന്നെ പാരിസിലെ സുരക്ഷയുടെ ചൂടറിഞ്ഞു. ട്രെയിനിൽ താമസസ്ഥലത്തേക്കു പോകാനായി വൊളന്റിയർക്കൊപ്പം ബാഗേജുമായി വിമാനത്താവളത്തിനു തൊട്ടുതാഴെയുള്ള റെയിൽവേ സ്റ്റേഷനിലേക്ക് ഇറങ്ങിയതായിരുന്നു. പെട്ടെന്നാണു തോക്കേന്തിയ സുരക്ഷാഭടൻമാർ ഇരച്ചെത്തിയത്. മുഴുവൻ യാത്രക്കാരെയും സ്റ്റേഷനിൽനിന്ന് പുറത്താക്കി അവർ സ്ഥലം ഒഴിപ്പിച്ചു. വലിയ ലഗേജുമായി കഷ്ടപ്പെട്ടു വന്നവർ ശബ്ദമുയർത്തിയപ്പോൾ സൈനികരുടെയും പൊലീസുകാരുടെയും ശബ്ദം അതിനും മുകളിൽ: ഇവാക്വേറ്റ് (വേഗം സ്ഥലംവിട്ടോളൂ...) സ്റ്റേഷനിൽ ഉടമയില്ലാത്ത ഒരു ബാഗ് കണ്ടെത്തിയെന്നും അതിൽ ബോംബ് ഉണ്ടോയെന്ന ആശങ്കയുടെ പുറത്താണു നടപടിയെന്നും വിശദീകരിച്ച് ഒരു ഓഫിസർ എത്തിയതോടെ യാത്രക്കാർ അതിവേഗം സ്ഥലത്തുനിന്നു മാറി.

LISTEN ON

 പ്രധാനവീഥികളിലെല്ലാം പൊലീസുണ്ട്. ഉദ്ഘാടനച്ചടങ്ങ് സമാപിക്കുന്ന ത്രൊക്കാദ്രോ ഗാർഡനു സമീപം പൊലീസിന്റെ റൂട്ട് മാർച്ച്.  നഗരത്തിൽ മാത്രം 45,000 പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ടെന്നാണു കണക്ക്. ഇതിനു പുറമേ ഫ്രാൻസിന്റെ കരസേനയിൽനിന്നുള്ള 15,000 സൈനികരും ഡ്യൂട്ടിയിലുണ്ടാകും. ആശങ്കകളെ വേലിക്കെട്ടിനു പുറത്തുനിർത്തി ഒളിംപിക്സിനു കൊടി ഉയരുന്നതു കാണാൻ ഈ നഗരവും ലോകവും കാത്തിരിക്കുന്നു.... എല്ലാം സുരക്ഷിതമാകട്ടെ..!

English Summary:

Heavy security for Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com