രാജ്യത്തിന്റെ യശസ്സുയർത്താൻ കേരളത്തിൽനിന്ന് 7 ഒളിംപ്യൻമാർ; മലയാളത്തിൻറെ മെഡൽ ആശംസകൾ!
Mail This Article
പാരിസ് ഒളിംപിക്സിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകളായി കേരളത്തിൽ നിന്നുള്ളത് ഏഴു പേരാണ്. ഹോക്കി താരം പി.ആർ. ശ്രീജേഷ്, ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ് തുടങ്ങി ഏഴ് മലയാളി ഒളിംപ്യൻമാരാണ് പാരിസിൽ എത്തിയത്. ഇത്തവണ കേരളത്തിൽനിന്ന് ഒരു വനിതാ താരം പോലും ഒളിംപിക്സിന് യോഗ്യത നേടിയില്ല എന്ന പ്രത്യേകതയുമുണ്ട്. പാരിസിൽ മെഡൽ പ്രതീക്ഷകളായ മലയാളി ഒളിംപ്യൻമാരെ പരിചയപ്പെടാം:
രണ്ടാം മെഡലിന് ശ്രീജേഷ്
പി.ആർ.ശ്രീജേഷ് ഹോക്കി (കിഴക്കമ്പലം, കൊച്ചി)
ആദ്യ മത്സരം: ജൂലൈ 27ന് രാത്രി 9
2021ലെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി പി.ആർ.ശ്രീജേഷും സംഘവും ഹോക്കി വെങ്കലം നേടിയപ്പോൾ രണ്ടു വയസ്സേ ആയിരുന്നുള്ളൂ മകൻ ശ്രീആൻഷിന്. ഇന്ത്യയുടെ അഭിമാനശ്രീയായ അച്ഛൻ പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾവലയം കാക്കുമ്പോൾ അവനറിയാം, അച്ഛൻ എന്തോ വലിയ കാര്യം ചെയ്യുകയാണെന്ന്.
2012 ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി കളിച്ചു തുടങ്ങിയ കൊച്ചി കിഴക്കമ്പലം സ്വദേശി പി.ആർ.ശ്രീജേഷ് ടീമിനൊപ്പം പാരിസിലെത്തിക്കഴിഞ്ഞു. ഇവിടെ കിഴക്കമ്പലം പള്ളിക്കര പറാട്ട് വീട്ടിൽ പ്രാർഥനയും പ്രതീക്ഷയുമായി മറ്റൊരു മെഡൽ നേട്ടത്തിനു കാത്തിരിക്കുകയാണു മാതാപിതാക്കളായ പി.വി.രവീന്ദ്രനും ഉഷാകുമാരിയും ഭാര്യ ഡോ.പി.കെ.അനീഷ്യയും മക്കളായ അനുശ്രീയും ശ്രീആൻഷും.
പ്രണോയിയുടെ ഗോൾഡൻ സ്മാഷ്
എച്ച്.എസ്.പ്രണോയ് ബാഡ്മിന്റൻ (ആക്കുളം, തിരുവനന്തപുരം)
ആദ്യ മത്സരം: ജൂലൈ 28ന് രാത്രി 8
‘ഒളിംപിക്സിൽ മെഡൽ നേടുക. അതിലും വലിയൊരു സ്വപ്നമുണ്ടോ ? അവൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഞങ്ങളും പ്രാർഥിക്കുന്നു’– ആദ്യ ഒളിംപിക്സ് മത്സരത്തിനായി തയാറെടുക്കുന്ന എച്ച്.എസ്.പ്രണോയിയുടെ അച്ഛനും മുൻ പരിശീലകനുമായ പി.സുനിൽകുമാർ പറയുന്നു. സുനിൽകുമാറും പ്രണോയിയുടെ അമ്മ ഹസീനയും ഭാര്യ ശ്വേതയും അടക്കമുള്ളവർ കാത്തിരിപ്പിലാണ്. 20 ദിവസം മുൻപുവരെ ചിക്കുൻ ഗുനിയയെ തുടർന്നു വിശ്രമത്തിലായിരുന്നു പ്രണോയ്.
അതിനാൽ ഒരാഴ്ചത്തെ പരിശീലനത്തിനു മാത്രമേ സമയം ലഭിച്ചിട്ടുള്ളൂ. പുരുഷ സിംഗിൾസിൽ ഗ്രൂപ്പ് കെയിലാണ് പ്രണോയ് മത്സരിക്കുന്നത്.
പ്രതീക്ഷച്ചിറകിൽ അജ്മൽ
വി.മുഹമ്മദ് അജ്മൽ 4 x 400 മീറ്റർ റിലേ (ചെർപ്പുളശ്ശേരി, പാലക്കാട്)
ആദ്യ മത്സരം: ഓഗസ്റ്റ് 9 ഉച്ചകഴിഞ്ഞ് 2.35
പാരിസിൽ 4 x 400 മീറ്റർ റിലേ മത്സരത്തിൽ ഇന്ത്യ മെഡൽ നേടുമെന്ന പ്രതീക്ഷയിലാണു മാരായമംഗലം തച്ചങ്ങാട് വാരിയത്തൊടി വി.മുഹമ്മദ് അജ്മലിന്റെ കുടുംബം. അജ്മൽ സ്വർണമെഡൽ കൊണ്ടുവരുമെന്നു തന്നെയാണു പ്രതീക്ഷയെന്നും അതിനായി പ്രാർഥിക്കുകയാണെന്നും മാതാവ് ആസ്യ പറഞ്ഞു.
ഏഷ്യൻ ഗെയിംസിൽ അജ്മൽ ഉൾപ്പെട്ട ഇന്ത്യൻ ടീം 4 x 400 മീറ്റർ റിലേയിൽ സ്വർണവും 4 x 400 മീറ്റർ മിക്സ്ഡ് റിലേയിൽ വെള്ളിയും നേടിയിരുന്നു. ഏഷ്യൻ ഗെയിംസിലും ഹരിയാനയിൽ നടന്ന ദേശീയ മീറ്റിലും സ്വർണമെഡൽ നേടിയതിന്റെ ആത്മവിശ്വാസം അജ്മലിനു കരുത്തു പകർന്നിട്ടുണ്ടെന്നും മെഡൽ പ്രതീക്ഷയുണ്ടെന്നും പിതാവ് കുഞ്ഞാലി ഹാജി, സഹോദരൻ മിദ്‌ലാജ് എന്നിവർ പറഞ്ഞു.
സ്വപ്നം നേടാൻ മിജോ
മിജോ ചാക്കോ കുര്യൻ 4x 400 മീറ്റർ റിലേ, 4x400 മീറ്റർ മിക്സ്ഡ് റിലേ (പനമ്പൂർ, കർണാടക)
ആദ്യ മത്സരം: ഓഗസ്റ്റ് 9 ഉച്ചകഴിഞ്ഞ് 2.35
‘അവന്റെ കഠിനാധ്വാനത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും എല്ലാവരുടെയും പ്രാർഥനയുടെയും ഫലമാണ് ഈ ഒളിംപ്യൻ പട്ടം’ – മകൻ മിജോ ചാക്കോ കുര്യൻ ഒളിംപ്യനായതിന്റെ സന്തോഷം അച്ഛൻ എം.സി.കുര്യനും അമ്മ മിനി കുര്യനും സഹോദരി അഞ്ജു കുര്യനും പങ്കുവച്ചു. 4x 400 മീറ്റർ റിലേ, 4x400 മീറ്റർ മിക്സ്ഡ് റിലേ എന്നിവയിലാണ് മിജോ പങ്കെടുക്കുന്നത്.
കണ്ണൂർ ചെറുപുഴ സ്വദേശി മിനിയുടെയും ആലപ്പുഴ മരിയാപുരം മുണ്ടുകാട്ടുചിറയിൽ എം.സി.കുര്യന്റെയും മകനായ മിജോ ജനിച്ചത് കേരളത്തിലാണെങ്കിലും വളർന്നതും പഠിച്ചതും കർണാടകയിലെ പനമ്പൂരിലാണ്.
ആവേശച്ചിറകേറി അബ്ദുല്ല
അബ്ദുല്ല അബൂബക്കർ ട്രിപ്പിൾ ജംപ് (ജാതിയേരി, നാദാപുരം)
ആദ്യ മത്സരം: ഓഗസ്റ്റ് 7 രാത്രി 10.45
പാരിസിലെ ട്രിപ്പിൾ ജംപ് ട്രാക്കിൽ ഇറങ്ങുന്നത് അബ്ദുല്ല അബൂബക്കറാണെങ്കിലും ചങ്കിടിപ്പ് കോഴിക്കോട് നാദാപുരം വളയത്തെ ജാതിയേരി ഗ്രാമത്തിലുള്ളവർക്കാണ്. ‘ഞങ്ങളൊക്കെ പ്രതീക്ഷയിലാണ്. അത്രയേറെ അധ്വാനിച്ചാണ് അവൻ ഇവിടെ വരെ എത്തിയത്. ’– അബ്ദുല്ലയുടെ പിതാവ് അബൂബക്കറും ഭാര്യ സാറയും പറയുന്നു. പാലക്കാട് കുമരംപുത്തൂർ എച്ച്എസ്എസിൽ 9–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് അബ്ദുല്ല ട്രിപ്പിൾ ജംപിൽ മത്സരിച്ചുതുടങ്ങിയത്.
ഒരു വർഷത്തിനുള്ളിൽ സംസ്ഥാന, ദേശീയ സ്കൂൾ കായികമേളകളിൽ സ്വർണം നേടി. 2015ൽ ജൂനിയർ വിഭാഗത്തിൽ ദേശീയ ചാംപ്യനായതിനു ശേഷം അബ്ദുല്ലയ്ക്കു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
പൊൻതാരമാകാൻ അമോജ്
അമോജ് ജേക്കബ് 4x400 മീറ്റർ റിലേ (ന്യൂഡൽഹി)
ആദ്യ മത്സരം: ഓഗസ്റ്റ് 9 ഉച്ചകഴിഞ്ഞ് 2.35
ഫുട്ബോളറായിരുന്ന അമോജ് ജേക്കബ് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ട്രാക്കിലിറങ്ങിയത്. ഇക്കുറി രണ്ടാം ഒളിംപിക്സിനിറങ്ങുന്ന ഈ ഇരുപത്തിയാറുകാരൻ 4x400 മീറ്റർ റിലേയിൽ മത്സരിക്കുന്ന ഇന്ത്യൻ പുരുഷ ടീമിലെ സൂപ്പർ താരമാണ്. ഡൽഹി സർവകലാശാലയിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കിയ അമോജ് 2017 മുതൽ ഇന്ത്യൻ റിലേ ടീമിലുണ്ട്. പാലാ രാമപുരം വെള്ളിലാപ്പിള്ളിയിലെ പാലക്കുഴയിൽ പി.എ.ജേക്കബ്- മേരിക്കുട്ടി ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ ഓഗസ്റ്റിൽ ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചരിത്ര പ്രകടനം കുറിച്ച, ഒക്ടോബറിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം സ്വന്തമാക്കിയ ടീമിന് ഇക്കുറി പാരിസിൽ തിളങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു കുടുംബാംഗങ്ങൾ. ഇളയ സഹോദരി അൻസു സ്പോർട്സ് മാനേജ്മെന്റിൽ ഉപരിപഠനം നടത്താനുള്ള തയാറെടുപ്പിലാണ്.
മെഡൽ പ്രതീക്ഷയിൽ അനസ്
വൈ.മുഹമ്മദ് അനസ് 4 x 400 മീറ്റർ റിലേ (നിലമേൽ, കൊല്ലം)
ആദ്യ മത്സരം: ഓഗസ്റ്റ് 9 ഉച്ചകഴിഞ്ഞ് 2.35
കാര്യവട്ടം ഇന്ദിരാ നഗർ അനസ് മൻസിലിലെ ഷീനയ്ക്ക് ഒറ്റ പ്രാർഥനയേ ഉള്ളൂ– പാരിസ് ഒളിംപിക്സിൽ മകൻ വൈ.മുഹമ്മദ് അനസിന് ഒരു മെഡൽ വേണം. ‘അനസ് പങ്കെടുക്കുന്ന മൂന്നാം ഒളിംപിക്സാണ്. ഒരു മെഡലാണ് അവന്റെ സ്വപ്നം, അതിനു വേണ്ടിയാണ് എന്റെ പ്രാർഥനയും’– ലോങ്ജംപ് താരമായ ഇളയ മകൻ മുഹമ്മദ് അനീസിന് ഒളിംപിക്സ് യോഗ്യത നേടാൻ കഴിയാത്തതിന്റെ നിരാശയ്ക്കിടയിലും ഷീന പറഞ്ഞു. 2016 റിയോ, 2021ടോക്കിയോ ഒളിംപിക്സുകളിൽ മുഹമ്മദ് അനസ് പങ്കെടുത്തിരുന്നു.
‘ചെറിയ പ്രായം മുതലുള്ള കഠിനാധ്വാനമാണ് ഉയരങ്ങളിലേക്ക് അവനെ എത്തിച്ചത്. അവന്റെ സ്വപ്നം സഫലമാകണമെന്നാണ് ഞങ്ങളുടെ എല്ലാവരുടെയും പ്രാർഥന’ – ഷീന പറയുന്നു. ഗൾഫിലായിരുന്ന അനസിന്റെ പിതാവ് യഹിയ 2010ൽ അന്തരിച്ചു.