ആയോധന കലയിലെ ദേശീയ ചാംപ്യൻ, ഷൂട്ടിങ് ‘കാര്യമാക്കിയത്’ 14-ാം വയസ്സിൽ; മാസാണ് മനു
Mail This Article
പാരിസ്∙ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായാണ് 22 വയസ്സുകാരി മനു ഭാകർ പാരിസിൽ വിമാനമിറങ്ങിയത്. അതു ശരിവയ്ക്കും വിധം 10 മീറ്റർ എയർ പിസ്റ്റലിൽ വെങ്കലം വെടിവച്ചിട്ട്, ഇന്ത്യയുടെ മെഡൽ വേട്ടയ്ക്കും മനു തുടക്കമിട്ടു. പാരിസിലെ ആദ്യ മെഡലോടെ ചരിത്രനേട്ടത്തിലേക്കാണ് ഈ ഹരിയാനക്കാരി നടന്നുകയറിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അഞ്ചാം ഒളിംപിക് മെഡല്‍.
യോഗ്യതാ റൗണ്ടിൽ 580 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഫൈനൽ ഉറപ്പാക്കിയത്. ഞായറാഴ്ച നടന്ന ഫൈനൽ പോരാട്ടത്തിൽ ആദ്യ ഷോട്ടിൽ തന്നെ രണ്ടാം സ്ഥാനത്തെത്താൻ മനുവിനു സാധിച്ചിരുന്നു. നാലു താരങ്ങള്‍ പുറത്തായി മത്സരത്തിൽ നാലു പേർ മാത്രം ബാക്കിയായപ്പോൾ ഒന്നാം സ്ഥാനത്തെത്താൻ മനുവിന് 1.3 പോയിന്റുകൾ കൂടി മതിയായിരുന്നു. എന്നാൽ അവസാന അവസരങ്ങളിൽ താരം വെങ്കല മെഡലിലേക്കെത്തി. 0.1 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യൻ താരത്തിനു വെള്ളി നഷ്ടമായത്.
ടോക്യോ ഒളിംപിക്സിൽ പിസ്റ്റൽ തകരാറിലായതിനെ തുടർന്ന് മനു ഭാകറിനു മത്സരിക്കാൻ സാധിച്ചിരുന്നില്ല. സ്വപ്ന നഗരമായ പാരിസിലെ സ്വപ്നനേട്ടവുമായി ടോക്യോയിലെ നിരാശ മനുവിന് ഇനി മറക്കാം. 2022 ഏഷ്യൻ ഗെയിംസിൽ മനു ഭാകർ 25 മീറ്റർ പിസ്റ്റൽ ടീമിനത്തിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക ചാംപ്യൻഷിപ്പിലും 25 മീറ്റർ പിസ്റ്റൽ ഇനത്തിൽ സ്വർണം സ്വന്തമാക്കി. ഇതോടെയാണ് പാരിസിലെ മെഡൽ പ്രതീക്ഷകളിലൊന്നായി മനു മാറിയത്.
തുടക്കത്തിൽ ടെന്നിസ്, സ്കേറ്റിങ്, ബോക്സിങ്
ഹരിയാനയിലെ ജജ്ജറിലാണ് മനു ഭാകറിന്റെ ജനനം. ഗുസ്തിക്കാരുടേയും ബോക്സർമാരുടേയും നാട്. സ്കൂൾ പഠനകാലത്ത് ടെന്നിസ്, സ്കേറ്റിങ്, ബോക്സിങ് എന്നിവയിലായിരുന്നു മനുവിന്റെ പരിശീലനം. ആയോധന കലയായ താങ് റ്റയിൽ പങ്കെടുത്ത് ദേശീയ തലത്തിൽ മെഡലുകൾ നേടിയിട്ടുണ്ട്. 14–ാം വയസ്സിലാണ് മനു ഷൂട്ടിങ്ങിനായി പരിശീലനം തുടങ്ങുന്നത്. 2016ലായിരുന്നു ഇത്.
2017 ലെ ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ഒളിംപ്യൻ ഹീന സിദ്ധുവിനെ തോൽപിച്ച് തുടക്കം. അവിടെ വിവിധ വിഭാഗങ്ങളിലായി 9 സ്വര്‍ണ മെഡലുകളാണ് മനു ഭാകർ വാരിക്കൂട്ടിയത്. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം വെടിവച്ചിടുമ്പോൾ മനുവിന് പ്രായം 16 വയസ്സ്. ഇതേവർഷം തന്നെ മെക്സിക്കോയിൽ നടന്ന ഷൂട്ടിങ് ലോകകപ്പിലും താരം സ്വർണം നേടി. രണ്ടു തവണ സ്വർണം നേടിയ മെക്സിക്കോ താരം ആലെക്സാണ്ട്ര സവാലയെയാണ് മനു ഇവിടെ പിന്തള്ളിയത്.
ടോക്യോ ഒളിംപിക്സിനു യോഗ്യത നേടാനായെങ്കിലും മത്സരിക്കാൻ സാധിച്ചില്ല. 2022 ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ലോകചാംപ്യന്‍ഷിപ്പിൽ 25 മീറ്റർ പിസ്റ്റൽ ഇനത്തിൽ മനു വെള്ളി സ്വന്തമാക്കി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണം വെടിവച്ചിട്ടതോടെ രാജ്യത്തെ ഷൂട്ടിങ് പ്രതീക്ഷകളിലൊരാളായി മനു വളർന്നു.