ബാഡ്മിന്റനിൽ ചരിത്രമെഴുതി സാത്വിക്–ചിരാഗ് സഖ്യം ക്വാർട്ടറിൽ, സിംഗിൾസിൽ ലക്ഷ്യയ്ക്കും ജയം; ബൊപ്പണ്ണ വിരമിച്ചു
Mail This Article
പാരിസ്∙ ഒളിംപിക്സിന്റെ മൂന്നാം ദിനം ഇന്ത്യ മെഡൽ പ്രതീക്ഷിച്ചിരുന്ന മൂന്നാമത്തെ ഇനത്തിലും നിരാശ. പുരുഷ വിഭാഗം അമ്പെയ്ത്തിന്റെ ടീമിനത്തിൽ തുർക്കിയോടു തോറ്റ് ഇന്ത്യ ക്വാർട്ടറിൽ പുറത്തായി. 6–2 എന്ന സ്കോറിനാണ് ഇന്ത്യയുടെ തോൽവി. അതേസമയം, പുരുഷ വിഭാഗം ഹോക്കിയിൽ തോൽവിയുടെ വക്കിലായിരുന്ന ഇന്ത്യ കരുത്തരായ അർജന്റീനയ്‍ക്കെതിരെ അവസാന നിമിഷം സമനില നേടിയപ്പോൾ, പുരുഷ വിഭാഗം ബാഡ്മിന്റൻ സിംഗിൾസിൽ ലക്ഷ്യ സെൻ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയിച്ചു കയറി. ബൽജിയം താരം ജൂലിയൻ കരാഗിയെ വീഴ്ത്തിയാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്കോർ: 21-19, 21-14. ബാഡ്മിന്റൻ പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്– ചിരാഗ് സഖ്യം ക്വാർട്ടർ ഫൈനലിൽ കടന്നു. ഇവരുടെ ഇന്നത്തെ മത്സരം റദ്ദാക്കിയിരുന്നെങ്കിലും, മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് താരങ്ങളായ ലൂക്കാസ് കോർവീ–റോനൻ ലാബർ സഖ്യം ഇന്തൊനീഷ്യയുടെ മുഹമ്മദ് റിയാൻ അർഡിയാന്റോ – ഫജാർ അൽഫിയാൻ സഖ്യത്തോടു തോറ്റതോടെയാണ് ഇന്ത്യൻ സഖ്യം ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിച്ച് ക്വാർട്ടറിൽ കടന്നത്. ഇതോടെ, ചൊവ്വാഴ്ച നടക്കുന്ന ഇന്തൊനേഷ്യൻ ജോടിക്കെതിരായ മത്സരം, ഒന്നാം സ്ഥാനം ഉറപ്പിക്കാൻ വേണ്ടി മാത്രമുള്ളതായി. ഇതോടെ, ബാഡ്മിന്റനിൽ ഒളിംപിക്സ് ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ ജോടികളായി ഇവർ മാറി.
10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യൻ വനിതാ താരം റമിതാ ജിൻഡാലിനു മെഡൽ നേടാനാകാതെ പോയത് നിരാശയായി. ഫൈനലിൽ ഏഴാമതായാണ് റമിത ഫിനിഷ് ചെയ്തത്. ആദ്യ റൗണ്ടിലെ അഞ്ച് ഷോട്ടുകൾ പിന്നിട്ടപ്പോൾ രമിത നാലാം സ്ഥാനത്തായിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളിൽ താരം പിന്നോട്ടുപോകുകയായിരുന്നു. 2022 ലെ ഏഷ്യൻ ഗെയിംസിൽ റമിത ടീം ഇനത്തിൽ സ്വർണവും വ്യക്തിഗത ഇനത്തിൽ വെങ്കലവും നേടിയിട്ടുണ്ട്. വനിതാ ഡബിൾസ് ബാഡ്മിന്റനിൽ ഇന്ത്യൻ താരങ്ങളായ അശ്വിനി പൊന്നപ്പയും ടാനിഷ ക്രാസ്റ്റോയും തോറ്റു. ജാപ്പനീസ് താരങ്ങളായ മത്‍സ്യൂമ, ഷിദ എന്നിവർ 11–21, 12–21 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യത്തെ പരാജയപ്പെടുത്തിയത്. ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയൻ സഖ്യമാണ് ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ.