ഇടിക്കൂട്ടിൽ ലിംഗനീതി വിവാദം, ഇറ്റാലിയൻ വനിതാ താരം പിൻവാങ്ങി
Mail This Article
പാരിസ് ∙ ഒളിംപിക് ബോക്സിങ് റിങ്ങിൽ ലിംഗനീതിയുടെ പേരിൽ വിവാദം. വനിതകളുടെ വെൽറ്റർവെയ്റ്റ് മത്സരത്തിൽ 46 സെക്കൻഡ് പിന്നിട്ടപ്പോൾ ഇറ്റാലിയൻ ബോക്സർ ആൻജല കരീനി പിൻവാങ്ങിയതോടെയാണ് വിവാദം കത്തിയത്. എതിരാളി അൽജീരിയയുടെ ഇമാൻ ഖലീഫിൽ നിന്ന് മൂക്കിന് ഇടിയേറ്റതിനു പിന്നാലെയാണ് ആൻജല പിൻവാങ്ങിയത്. കഴിഞ്ഞവർഷം രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ (ഐബിഎ) ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇമാൻ ഖലീഫ് ലിംഗനിർണയ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു.
പുരുഷൻമാർക്കുള്ള എക്സ്, വൈ ക്രോമസോമുകൾ ശരീരത്തിലുള്ളതിനാലാണ് ഇത്. എന്നാൽ, ഐബിഎയെ അംഗീകരിക്കാത്ത രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇമാൻ ഖലീഫിന് ഒളിംപിക്സിൽ മത്സരിക്കാൻ അനുമതി നൽകി. മത്സരശേഷം റിങ്ങിൽ മുട്ടുകുത്തി കരഞ്ഞ ആൻജല എതിരാളിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചു.
താൻ മത്സരത്തിൽ തോറ്റതല്ലെന്നും ആൻജല പറഞ്ഞു. സംഭവത്തിൽ ആൻജലയുടെ പക്ഷം ചേർന്ന് എഴുത്തുകാരി ജെ.കെ.റൗളിങ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.