ADVERTISEMENT

പാരിസ്∙ ബോക്‌സ് റിങ്ങിൽ ഇന്ത്യയുടെ മെഡൽ സ്വപ്‌നങ്ങൾക്കു കനത്ത ആഘാതമായി നിഖാത് സരീൻ പുറത്ത്. വനിതകളുടെ 50 കിലോഗ്രാമിൽ ചൈനയുടെ ഏഷ്യൻ ഗെയിംസ് സ്വർണജേതാവ് വു യുവിനെതിരെയാണ് ഇരുവട്ടം ലോകചാംപ്യനായിരുന്ന നിഖാത്തിന്റെ ഞെട്ടിക്കുന്ന തോൽവി (0-5). തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ എതിരാളിക്കു കാര്യമായ വെല്ലുവിളി ഉയർത്താതെയാണ് നിഖാത് കീഴടങ്ങിയത്.

ഒളിംപിക്സിൽ നിഖാത്തിന് സീഡിങ് ലഭിച്ചിരുന്നില്ല. ബോക്സിങ്ങിലെ ലോകചാംപ്യൻഷിപ് സംഘടിപ്പിക്കുന്ന രാജ്യാന്തര ബോക്സിങ് അസോസിയേഷന് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ അംഗീകാരമില്ലാത്തതിനാലാണ് ഇത്. സീഡിങ്ങില്ലാത്തതിനാൽ ബുദ്ധിമുട്ടേറിയ മത്സരക്രമമാണ് നിഖാത്തിനു ലഭിച്ചത്. 

ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ നിലവിലുള്ള ലോകചാംപ്യനും ടോപ് സീഡുമായ വുവിനെതിരെ നിഖാത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ആദ്യ റൗണ്ടിൽത്തന്നെ സമ്മർദത്തിലായ ഇന്ത്യൻ താരത്തിനു പിന്നീട് തിരിച്ചുവരാനായില്ല.

അത‌്‌ലറ്റിക്സിന്റെ ആദ്യ ദിനത്തിൽ ഇന്ത്യയ്ക്കു നിരാശാജനകമായ തുടക്കം. വനിതകളുടെ 20 കിലോമീറ്റർ റേസ്‌വോക്കിൽ ദേശീയ റെക്കോർഡ് ജേതാവ് പ്രിയങ്ക ഗോസ്വാമി ഒരു മണിക്കൂർ 39 മിനിറ്റ് 55 സെക്കൻഡിൽ ഫിനിഷ് ചെയ്ത് 41–ാം സ്ഥാനത്തായി. പുരുഷ വിഭാഗത്തിൽ വികാസ് സിങ് 30–ാം സ്ഥാനത്തും (1 മണിക്കൂർ 22.36 മിനിറ്റ്) പരംജീത് സിങ് 37–ാം സ്ഥാനത്തും (1 മണിക്കൂർ 23.48 മിനിറ്റ്) ഫിനിഷ് ചെയ്തു. പുരുഷ വിഭാഗത്തിലെ ദേശീയ റെക്കോർഡ് ജേതാവായ അക്ഷദീപ് സിങ് 6 കിലോമീറ്റർ പിന്നിട്ടപ്പോൾ പരുക്കുമൂലം മത്സരത്തിൽനിന്നു പിൻവാങ്ങി. 

ഷൂട്ടിങ്ങിൽ വനിതാ വിഭാഗം 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് യോഗ്യതാ മത്സരത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവ് സിഫ്റ്റ് കൗർ സമ്രയുടെ അൻജും മുദ്ഗില്ലും പുറത്തായി. സിഫ്റ്റ് കൗർ 31–ാം സ്ഥാനത്തും അൻജും 18–ാം സ്ഥാനത്തുമാണു ഫിനിഷ് ചെയ്തത്. 

ആർച്ചറി പുരുഷ വിഭാഗം പ്രീക്വാർട്ടറിൽ പ്രവീൺ ജാദവ്  6–0ന്  ചൈനയുടെ കയ് വെൻചാവോയോടു പരാജയപ്പെട്ടു. ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ മനിക ബത്രയ്ക്കു പിന്നാലെ ശ്രീജ അകുലയും പ്രീ ക്വാർട്ടറിൽ പുറത്തായി. ചൈനയുടെ യിങ്ഷ സണ്ണിനെതിരെ 10–12, 10–12, 8–11, 3–11ന് ആണു തോൽവി. സെയ്‌ലിങ്ങിൽ പുരുഷ വിഭാഗം ഡിങ്കിയിൽ ആദ്യ ദിനത്തിൽ വിഷ്ണു ശരവണൻ 25–ാം സ്ഥാനത്താണ്. ആദ്യ റേസിൽ 10–ാം സ്ഥാനത്തും രണ്ടാം റേസിൽ 34–ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്

English Summary:

Nikhat zareen is out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com