മൂക്കിന് ഇടിയേറ്റു പിൻവാങ്ങി ഇറ്റാലിയൻ ബോക്സർ; ഇമാൻ ഖലീഫിനെച്ചൊല്ലി വൻ വിവാദം
Mail This Article
പാരിസ്∙ ഒളിംപിക്സിൽ 66 കിലോ വനിതാ വിഭാഗം ബോക്സിങ്ങിൽ ഇറ്റാലിയൻ താരം ആൻജല കരീനി പിൻവാങ്ങിയ സംഭവത്തിൽ വിവാദം കത്തുന്നു. എതിരാളി അൽജീരിയയുടെ ഇമാൻ ഖലീഫിൽ നിന്ന് മൂക്കിന് ഇടിയേറ്റതിനു പിന്നാലെയാണ് ആൻജല പിൻവാങ്ങിയത്. കഴിഞ്ഞവർഷം രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ (ഐബിഎ) ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇമാൻ ഖലീഫ് ലിംഗനിർണയ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു.
പുരുഷൻമാർക്കുള്ള എക്സ്, വൈ ക്രോമസോമുകൾ ശരീരത്തിലുള്ളതിനാലാണ് ഇത്. എന്നാൽ, ഐബിഎയെ അംഗീകരിക്കാത്ത രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇമാൻ ഖലീഫിന് ഒളിംപിക്സിൽ മത്സരിക്കാൻ അനുമതി നൽകി. മത്സരശേഷം റിങ്ങിൽ മുട്ടുകുത്തി കരഞ്ഞ ആൻജല എതിരാളിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചു. ആന്‍ജലയ്ക്കു സമൂഹമാധ്യമങ്ങളിൽ വൻപിന്തുണയാണു ലഭിക്കുന്നത്. ഇറ്റാലിയൻ താരത്തെ പിന്തുണച്ച് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി, എഴുത്തുകാരി ജെ.കെ. റൗളിങ് എന്നിവർ രംഗത്തെത്തി. ‘‘നിങ്ങളുടെ ആനന്ദത്തിനു വേണ്ടി ഒരു പുരുഷൻ സ്ത്രീയെ പൊതുവേദിയിൽവച്ച് മർദിക്കുന്നു. നിങ്ങൾ ഒകെ ആണോ എന്നു വിശദീകരിക്കുമാ?’’– ജെ.കെ. റൗളിങ് ആരോപിച്ചു.
തോൽവിക്കു ശേഷം റിങ്ങിൽ മുട്ടുകുത്തിയിരുന്നു കരഞ്ഞ ഇറ്റാലിയൻ ബോക്സർ അൽജീരിയൻ താരത്തിനു ഷെയ്ക് ഹാൻഡ് നൽകാതെയാണ് മടങ്ങിയത്. അതേസമയം അല്‍ജീരിയൻ താരമായ ഇമാൻ ഖലീഫ് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടി. മൂന്നു മിനിറ്റുകളിലായി മൂന്നു റൗണ്ടുകളാണു മത്സരത്തിലുണ്ടായിരുന്നത്. എന്നാല്‍ അൽജീരിയൻ താരത്തിന്റെ പഞ്ചുകൾ നേരിടാനാകാതെ 46 സെക്കൻഡിൽ ഇറ്റാലിയൻ താരം മത്സരം അവസാനിപ്പിച്ചു. ആൻജലയുടെ മൂക്കിൽനിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു.
പുരുഷൻമാരുടെ ജനിതക സ്വഭാവമുള്ള അത്‍ലീറ്റുകളെ വനിതാ താരങ്ങളുമായി മത്സരിപ്പിക്കരുതെന്ന് ഇറ്റലി പ്രധാനമന്ത്രി പ്രതികരിച്ചു. ‘‘വനിതാ താരങ്ങൾ അവരുമായി സമത്വമുള്ളവരോടാണു മത്സരിക്കേണ്ടത്. അവരുടെ അവകാശം സംരക്ഷിക്കപ്പെടണം. ഇരുവരും തമ്മിൽ റിങ്ങിൽ നടന്നതു മത്സരം പോലുമല്ലായിരുന്നു’’– ജോർജിയ മെലോനി പ്രതികരിച്ചു.