ഈ നാലാം സ്ഥാനം അത്ര നല്ല സ്ഥാനമല്ല: കണ്ണീരണിഞ്ഞ് മനു ഭാക്കർ, ആശ്വസിപ്പിച്ച് അഭിനവ് ബിന്ദ്ര
Mail This Article
പാരിസ്∙ മത്സരത്തിനിടെയുണ്ടായ അനാവശ്യ പരിഭ്രമമാണ് 25 മീറ്റർ പിസ്റ്റളിൽ മെഡൽ നഷ്ടമാക്കിയതെന്ന് സമ്മതിച്ച് ഷൂട്ടിങ് താരം മനു ഭാക്കർ. പാരിസ് ഒളിംപിക്സിൽ മൂന്നാം മെഡൽ നേടാനുള്ള അവസരം നേരിയ വ്യത്യാസത്തിനു നഷ്ടമാക്കിയ മനു ഭാക്കർ നാലാം സ്ഥാനത്താണ് എത്തിയത്. 10 മീറ്റർ എയർ പിസ്റ്റളിൽ വ്യക്തിഗത വിഭാഗത്തിലും മിക്സഡ് ടീമിനത്തിലുമാണ് മനു ഭാക്കർ വെങ്കലം നേടിയത്.
‘‘മത്സരത്തിനിടെ ചില ഘട്ടങ്ങളിൽ ഞാൻ പരിഭ്രമിച്ചുപോയി. ശാന്തമാകാനും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ, അതുകൊണ്ടും ഒന്നുമായില്ല. ഇത്തവണ ഒളിംപിക്സ് എന്നെ സംബന്ധിച്ച് വളരെ മികച്ചതുതന്നെയായിരുന്നു. പക്ഷേ, ഈ ഘട്ടത്തിൽ എനിക്ക് സന്തോഷിക്കാനാകുന്നില്ല. ഈ നാലാം സ്ഥാനമെന്നു പറയുന്നത് അത്ര നല്ല സ്ഥാനമായി എനിക്കു തോന്നുന്നില്ല’’ – മനു ഭാക്കർ കണ്ണീരോടെ പറഞ്ഞു.
‘‘സത്യസന്ധമായി പറഞ്ഞാൽ ഞാൻ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സജീവമല്ല. ഫോണും അങ്ങനെ നോക്കാറില്ല. അതുകൊണ്ട് പുറത്ത് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ, ഇവിടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ ആത്മാർഥമായി ശ്രമിച്ചു.’ – മനു ഭാക്കർ പറഞ്ഞു.
അതേസമയം, 22 വയസ്സിനുള്ളിൽ അതുല്യമായ നേട്ടമാണ് മനു ഭാക്കർ കൈവരിച്ചിരിക്കുന്നതെന്നും വിഷമിക്കാൻ ഒന്നുമില്ലെന്നും ഒളിംപിക് സ്വർണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്ര എക്സിൽ കുറിച്ചു.
‘‘മനു, ഈ രാജ്യം ഒന്നടങ്കമാണ് താങ്കളുടെ നേട്ടത്തെ അഭിനന്ദിച്ചതും അതിനായി കയ്യടിച്ചതും. മൂന്നാം മെഡൽ നേടായിരുന്നെങ്കിൽ അത് ഉജ്വലമാകുമായിരുന്നു എന്നതു വാസ്തവമാണ്. പക്ഷേ പാരിസിൽ നീ നേടിയതെല്ലാം അതുല്യമാണ്. കഠിനാധ്വാനത്തിനും സമ്പൂർണ സമർപ്പണത്തിനും എന്തെല്ലാം നമുക്കു നേടിത്തരാനാകും എന്നതിന്റെ ഉദാഹരണമാണ് നീ. വെറും 22 വയസ്സിനുള്ളിൽ വലിയൊരു നേട്ടമാണ് നീ സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല, ഇതൊരു തുടക്കം മാത്രമാണ്. ഈ ചരിത്ര നേട്ടത്തിന് അഭിനന്ദനങ്ങൾ.