ഒളിംപിക്സിന്റെ ഒൻപതാം ദിനം ഇന്ത്യയ്ക്ക് സന്തോഷിക്കാൻ ഹോക്കിയിലെ വിജയം മാത്രം; മറ്റിനങ്ങളിൽ സമ്പൂർണ നിരാശ
Mail This Article
പാരിസ്∙ പുരുഷ വിഭാഗം ഹോക്കിയിൽ ബ്രിട്ടനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി സെമിയിൽ കടന്നത് ഒഴിച്ചുനിർത്തിയാൽ, പാരിസ് ഒളിംപിക്സിന്റെ ഒൻപതാം ദിനം ഇന്ത്യയ്ക്ക് കനത്ത നിരാശ. മെഡൽപ്രതീക്ഷകളായിരുന്ന ലക്ഷ്യ സെൻ ബാഡ്മിന്റൻ സിംഗിൾസ് സെമിയിലും ലവ്‌ലിന ബോർഗോഹെയ്ൻ ബോക്സിങ് 75 കിലോഗ്രാം വിഭാഗം ക്വാർട്ടറിലും തോറ്റു. ഡെൻമാർക്ക് താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ വിക്ടർ അക്സെൽസനാണ് ഇന്ത്യൻ താരത്തെ തോൽപ്പിച്ചത്. സ്കോർ: 20-22, 21-14. ഈ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും, ലക്ഷ്യ സെൻ ഇനി വെങ്കല മെഡൽ പോരാട്ടത്തിൽ മത്സരിക്കും. ബോക്സിങ്ങിൽ ലവ്‍ലിന ബോർഗോഹെയ്ന്‍ ചൈനയുടെ ലി ക്വിയാനോടാണു തോറ്റത്. 1–4നാണ് ചൈനീസ് താരത്തിന്റെ വിജയം. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യൻ താരം പാരുൽ ചൗധരി യോഗ്യതാ റൗണ്ടിൽ പുറത്തായി. എട്ടാമതായാണ് പാരുൽ ചൗധരി ഫിനിഷ് ചെയ്തത്.
പുരുഷ ലോങ് ജംപിൽ ഇന്ത്യൻ താരം ജസ്വിൻ ആൽഡ്രിന് ഫൈനലിലെത്താൻ സാധിച്ചില്ല. ജെസ്വിന്റെ ആദ്യ രണ്ട് ശ്രമങ്ങൾ ഫൗളായിരുന്നു. അവസാന ശ്രമത്തിൽ 7.16 മീറ്റർ ദൂരമാണു താരം ചാടിയത്. 8.15 മീറ്ററായിരുന്നു ഫൈനലിനു യോഗ്യത നേടാൻ പിന്നിടേണ്ടിയിരുന്ന ദൂരം. ഷൂട്ടിങ്ങിൽ പുരുഷൻമാരുടെ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ വിജയ്‍വീർ സിധു, അനിഷ് ഭൻവാല എന്നിവർക്ക് ഫൈനലിൽ കടക്കാനായില്ല. ആദ്യ ആറു പേർക്കു മാത്രം ഫൈനലിലേക്കു പ്രവേശനമുള്ള വിജയ്‌വീർ ഒൻപതാമതും അനിഷ് ഭൻവാല 13–ാമതുമായി.വനിതകളുടെ സ്കീറ്റിൽ മഹേശ്വരി ചൗഹാൻ, റൈസ ധില്ലൻ എന്നിവരും ഫൈനൽ കാണാതെ പുറത്തായി.