തോന്നുംപോലെ വസ്ത്രധാരണം, ടീമംഗങ്ങളുടെ ശ്രദ്ധ തെറ്റുന്നു: നീന്തൽ താരം ഒളിംപിക്സ് വില്ലേജിൽനിന്നു പുറത്ത്
Mail This Article
പാരിസ്∙ അച്ചടക്കമില്ലാത്തതിന്റെ പേരിൽ പാരഗ്വായുടെ വനിതാ താരത്തെ ഒളിംപിക്സ് വില്ലേജിൽനിന്നു പുറത്താക്കി. 20 വയസ്സുകാരിയായ നീന്തൽ താരം ലുവാന അലോന്‍സോയ്ക്കാണ് മോശം സ്വഭാവത്തിന്റെ പേരിൽ വില്ലേജിൽ നടപടി നേരിടേണ്ടിവന്നത്. ജൂലൈ 27ന് നടന്ന 100 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ ലുവാനയ്ക്ക് സെമി ഫൈനലിലേക്കു യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. മത്സരത്തിനു ശേഷം ടീമിനെ അറിയിക്കാതെ പാരിസിലെ ഡിസ്നി ലാന്‍ഡ് കാണാന്‍ താരം പോയത് വിവാദമായി. താരം ടീം ക്യാംപിലുണ്ടാകുന്നത് അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പാരഗ്വായ് ഒളിംപിക് കമ്മിറ്റി മേധാവി ലാരിസ ഷാറെർ പ്രസ്താവനയിൽ അറിയിച്ചു.
രാത്രി സമയങ്ങളിൽ അത്‍ലീറ്റ്സ് വില്ലേജിൽ തുടരാൻ താരത്തിനു താൽപര്യമില്ലെന്നും നിർദേശം അനുസരിച്ച് ടീം വിട്ടുപോയതിൽ നന്ദിയുണ്ടെന്നും പാരഗ്വായ് പ്രതിനിധി അറിയിച്ചു. 0.24 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ലുവാന സെമി ഫൈനലിലെത്താതെ പോയത്. ഇതിനു തൊട്ടുപിന്നാലെ കരിയർ അവസാനിപ്പിക്കുന്നതായി താരം പ്രഖ്യാപിക്കുകയും ചെയ്തു. വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷവും ലുവാന ഒളിംപിക്സ് വില്ലേജില്‍ തുടർന്നിരുന്നു. അതിനിടെയാണ് താരത്തിനു നടപടി നേരിടേണ്ടിവന്നത്.
താരത്തിന്റെ എന്തു തരം സ്വഭാവമാണു നടപടിക്കു കാരണമായതെന്നു വ്യക്തമല്ല. ഇൻസ്റ്റഗ്രാമിൽ 500,000 ഫോളോവേഴ്സുള്ള ലുവാന യുഎസിലെത്തിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗെയിംസ് വില്ലേജിൽവച്ച് പാരഗ്വായ് താരങ്ങൾക്കു നൽകിയ വസ്ത്രം ധരിക്കാൻ ലുവാന തയാറായിരുന്നില്ല. സ്വന്തം ഇഷ്ടം പോലെ വസ്ത്രങ്ങൾ ധരിച്ച താരം, മറ്റു രാജ്യങ്ങളിൽനിന്നെത്തിയ താരങ്ങളുമായി അടുത്ത് ഇടപഴകിയതും പ്രശ്നമായി.
പാരഗ്വായ് ടീമംഗങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിലാണ് ലുവാനയുടെ പെരുമാറ്റമെന്നും ആരോപണമുയർന്നിരുന്നു. ടീം ചീഫിന്റെ അനുവാദമില്ലാതെയാണ് ലുവാന രാത്രി ഒളിംപിക്സ് വില്ലേജിൽനിന്ന് പുറത്തിറങ്ങിയത്. രാത്രി പാരിസ് നഗരത്തിലെ ഹോട്ടലിൽ താമസിച്ച പാരഗ്വായ് താരം റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ചു. ഇതിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമത്തിൽ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തു. യുഎസിലെ ടെക്സസ് സർവകലാശാലയിലാണ് ലുവാന പഠിക്കുന്നത്.