ADVERTISEMENT

പാരിസ് ∙ ലോങ് വിസിൽ മുഴങ്ങിയപ്പോൾ നിരാശയോടെ ടർഫിനെ പുൽകി ഇന്ത്യൻ താരങ്ങൾ. കളത്തിനു പുറത്ത് സങ്കടം കടിച്ചമർത്തി മലയാളി ഗോൾകീപ്പർ പി.ആർ.ശ്രീജേഷ്. ഗാലറിയിൽ ഞെട്ടിത്തരിച്ച് ഇന്ത്യൻ കാണികൾ. ഒടുവിൽ, കാണികളോടു കൈകൂപ്പി, കോർട്ടിനെ പ്രദക്ഷിണംവച്ച് ടീമിന്റെ മടക്കം. ഒളിംപിക്സ് ഹോക്കി സെമിയിൽ ഇന്ത്യയ്ക്കു ഹൃദയഭേദകമായ തോൽവി. ടോക്കിയോയിൽ മൂന്നാംസ്ഥാന മത്സരത്തിൽ തങ്ങളെ തോൽപിച്ച ഇന്ത്യയോടു ജർമനിയുടെ മധുര പ്രതികാരം.  ഇന്ത്യയെ 3–2ന് മറികടന്ന് ജർമനി ഫൈനലിൽ.‍ ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി മത്സരിക്കാം. ടോക്കിയോയിൽ നേടിയ വെങ്കലം നിലനിർത്താൻ ഇന്ത്യൻ പോരാട്ടം നാളെ ഉച്ചയ്ക്ക് 2ന് (ഇന്ത്യൻ സമയം 5.30) സ്പെയിനെതിരെ.

കിട്ടിയ അവസരങ്ങൾ മുതലാക്കുന്നതിൽ ഇന്ത്യൻ നിര പരാജയപ്പെട്ടപ്പോൾ തക്ക സമയത്ത് ആഞ്ഞടിച്ച് ജർമൻ പീരങ്കിപ്പട ഇന്ത്യയെ ചവിട്ടിമെതിച്ചു. മത്സരത്തിലാകെ ഇന്ത്യയ്ക്കു 12 പെനൽറ്റി കോർണറുകൾ കിട്ടിയെങ്കിലും ഗോളിലേക്കെത്തിച്ചതു രണ്ടെണ്ണം മാത്രം. തുറന്ന അവസരങ്ങൾ പാഴാക്കുന്നതിൽ മുൻനിര മത്സരിച്ചപ്പോൾ ടീം ഇന്ത്യ ജയം കൈവിട്ടു.

WRESTLING-OLY-PARIS-2024
രണ്ടാം ഗോൾ നേടിയപ്പോൾ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം. ചിത്രം∙ മനോജ് ചേമഞ്ചേരി, മനോരമ

മത്സരം തുടങ്ങിയതു മുതൽ ഇന്ത്യ ഇരച്ചുകയറി. ആദ്യ ക്വാർട്ടറിൽ ഇന്ത്യ നേടിയത് 7 പെനൽറ്റി കോർണറുകളാണ്. 7–ാം മിനിറ്റിൽ കിട്ടിയ കോർണറിൽനിന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ലക്ഷ്യം കണ്ടു. ഹർമൻപ്രീതിന്റെ ഷോട്ട് ജർമൻ താരത്തിന്റെ സ്റ്റിക്കിൽ കൊണ്ട് ഉയർന്നുപൊങ്ങിയത്, വീണുകിടന്ന ജർമൻ ഗോളിയുടെ മുകളിലൂടെ പോസ്റ്റിനുള്ളിലേക്ക്. ഇന്ത്യ മുന്നിൽ (1–0).

WRESTLING-OLY-PARIS-2024
ആദ്യ ഗോൾ നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. ചിത്രം∙ മനോജ് ചേമഞ്ചേരി

രണ്ടാം ക്വാർട്ടറിൽ ജർമനി ഒപ്പമെത്തി. 18–ാം മിനിറ്റിൽ ജർമനിക്കു കളിയിലെ ആദ്യ പെനൽറ്റി കോർണർ. കോർണറിൽനിന്നു ഗോൺസാലോ പെയ്‌ലറ്റ് ജർമൻ പടയ്ക്കു സമനില നൽകി (1–1).  4 മിനിറ്റ് കഴിഞ്ഞപ്പോൾ ജർമനിക്കു 2–ാം പെനൽറ്റി കോർണർ. പെയ്‌ലറ്റിന്റെ ഗോളിലേക്കുള്ള ഷോട്ട് പോസ്റ്റിനു മുന്നിൽ നിന്ന ഇന്ത്യൻ പ്രതിരോധതാരം ജർമൻപ്രീത് സിങ്ങിന്റെ കാലിൽതട്ടി പുറത്തേക്ക്. ജർമനിയുടെ റിവ്യൂ.  അംപയർ പെനൽറ്റി സ്ട്രോക് വിധിച്ചു. സ്ട്രോക്കെടുത്ത ക്രിസ്റ്റഫർ റ്യുയർ ഗോളി ശ്രീജേഷിനെ വെട്ടിച്ച് ഗോളടിച്ചു. ജർമനി മുന്നിൽ (2–1)

ind-ger-1
ഇന്ത്യൻ താരങ്ങൾ മത്സരത്തിനു ശേഷം. ചിത്രം∙ മനോജ് ചേമഞ്ചേരി, മനോരമ

36–ാം മിനിറ്റിൽ കിട്ടിയ കോർണറിൽനിന്നു സുഖ്ജീത് സിങ് ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ ഷോട്ട് സുഖ്ജീത് മനോഹരമായി പോസ്റ്റിലേക്കു തെന്നിച്ചുവിട്ടു. ഇന്ത്യ ഒപ്പമെത്തി (2–2).  54–ാം മിനിറ്റിൽ ജർമൻ മുന്നേറ്റം. ഷൂട്ടിങ് സർക്കിളിന്റെ ഉള്ളിലേക്കു പന്തുമായി കയറി പോസ്റ്റ് ലക്ഷ്യമാക്കി ഗോൺസാലോ പെയ്‌ലറ്റിന്റെ ഉജ്വല ഷോട്ട്. റോക്കറ്റ് ഷോട്ട് മാർക്കോ മിൽറ്റ്കോ ഗോളിലേക്കു തിരിച്ചുവിട്ടു. ജർമനി മുന്നിൽ (3–2). 

English Summary:

Paris Olympics Hockey India vs Germany Semi Final Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com