44 വർഷത്തെ കാത്തിരിപ്പ് 4 വർഷം കൂടി നീളുന്നു, അന്ന് കളിക്കാൻ ശ്രീജേഷുമില്ല; കണ്ണീരണിഞ്ഞ് താരങ്ങൾ– വിഡിയോ
Mail This Article
പാരിസ്∙ ഒളിംപിക്സ് ഹോക്കിയിൽ ഒരിക്കൽക്കൂടി ഫൈനൽ കളിക്കാനുള്ള മോഹവുമായി ഇന്ത്യ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷം 44. പാരിസ് ഒളിംപിക്സ് സെമിയിൽ ഇന്നലെ ജർമനിയോടു തോറ്റതോടെ ആ കാത്തിരിപ്പിന്റെ ദൈർഘ്യം ഏറ്റവും കുറഞ്ഞത് നാലു വർഷമെങ്കിലും നീളും. അതായത് അര നൂറ്റാണ്ടിലേക്ക് പിന്നെയുള്ളത് 2 വർഷത്തിന്റെ മാത്രം അകലം! ഒളിംപിക്സ് ഹോക്കിയിൽ എട്ടു സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവും സ്വന്തമായുള്ള ഒരു ടീമിനാണ്, വീണ്ടുമൊരു ഫൈനൽ പ്രവേശത്തിനായി ഇത്രയും നീണ്ട കാലം കാത്തിരിക്കേണ്ടി വരുന്നത്.
ഇത്തവണ സെമിഫൈനലിൽ ജർമനിക്കെതിരെ സമനില ഗോളിനായുള്ള അവസാന നിമിഷത്തെ ശ്രമവും പരാജയപ്പെട്ട് തോൽവിയിലേക്കു വഴുതുമ്പോൾ, ഇന്ത്യൻ താരങ്ങൾ കണ്ണീർ വാർത്തതിനു പിന്നിൽ ഈ കാത്തിരിപ്പിന്റെ വേദന കൂടിയുണ്ട്. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് ഉൾപ്പെടെയുള്ളവർ മത്സരശേഷം വിതുമ്പലടക്കാൻ പാടുപെടുമ്പോൾ, ടോക്കിയോ ഒളിംപിക്സിൽ വെങ്കല മെഡൽ നിഷേധിച്ച ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചതിന്റെ ആവേശത്തിലായിരുന്നു ജർമനി. ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അവർ ജയിച്ചുകയറിയത്. നാളെ നടക്കുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യ സ്പെയിനെ നേരിടും.
പി.ആർ. ശ്രീജേഷ് ഉൾപ്പെടെയുള്ളവരെ സംബന്ധിച്ച്, ഒളിംപിക്സ് സ്വർണമെന്ന കരിയറിലെ സുവർണമോഹമാണ് ഈ തോൽവിയോടെ കൈവിട്ടു പോയത്. ഒളിംപിക്സിന്റെ തുടക്കത്തിൽത്തന്നെ വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷിന്, ഇനിയൊരു ഒളിംപിക്സിനു കൂടി ബാല്യമില്ലെന്ന് വ്യക്തം. ജർമൻ വിജയത്തിനു പിന്നാലെ സൈഡ് ലൈനിനരികിൽ കണ്ണിരോടെ നിൽക്കുമ്പോൾ, ആ സ്വപ്നനേട്ടം കയ്യിൽനിന്ന് വഴുതിയതിന്റെ വേദനയും ശ്രീജേഷിനെ പൊതിഞ്ഞിട്ടുണ്ടാകും.
ഒളിംപിക്സ് ഹോക്കിയിൽ എട്ട് സ്വർണവും, ഒരു വെള്ളിയും മൂന്നു വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബ്രിട്ടനെ ഷൂട്ടൗട്ടിൽ 4–2ന് തോൽപിച്ചായിരുന്നു ഇന്ത്യ സെമിയിലേക്കു കുതിച്ചത്. 40 മിനിറ്റോളം 10 പേരുമായി കളിച്ചാണ് ഇന്ത്യ ക്വാർട്ടർ മത്സരം പിടിച്ചെടുത്തത്. അന്ന് ഗോൾപോസ്റ്റിനു മുന്നിൽ ശ്രീജേഷിന്റെ പ്രകടനം ഏറെ നിർണായകമായിരുന്നു. ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാക്കളാണ് ഇന്ത്യ. 1980 ലെ മോസ്കോ ഒളിംപിക്സിലാണ് ഇന്ത്യ അവസാനമായി ഫൈനല്‍ കളിച്ചത്. അന്ന് സ്പെയിനെ 4–3ന് തോൽപിച്ച് ഇന്ത്യ സ്വർണം നേടിയിരുന്നു.