മീരാഭായ് ചാനു നാലാം സ്ഥാനത്ത്; സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലെയ്ക്ക് നിരാശ
Mail This Article
പാരിസ്∙ 49 കിലോ ഗ്രാം വനിതാ വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ഇന്ത്യൻ താരം മീരാഭായ് ചാനുവിന് മെഡൽ ഇല്ല. ഫൈനലിൽ നാലാം സ്ഥാനത്താണ് മീരാഭായ് ചാനു ഫിനിഷ് ചെയ്തത്. ഒളിംപിക് റെക്കോർഡോടെ ചൈനയുടെ ഹൗ സിഹുയിക്കാണ് സ്വർണം. റുമാനിയൻ താരം മിഹേല വലെന്റിന വെള്ളിയും തായ്‍ലൻഡ് താരം സുറോദ്ചന ഖംബാവോ വെങ്കലവും നേടി. സ്നാച്ചിലെ മൂന്നാം ശ്രമത്തിൽ 88 കിലോ ഭാരം ഉയർത്തി മീരാഭായ് ചാനു മൂന്നാം സ്ഥാനത്തേക്കു കയറിയിരുന്നു. എന്നാൽ ക്ലീൻ ആൻഡ് ജെർക്കിൽ പിന്നോട്ടുപോയി. ക്ലീൻ ആൻഡ് ജെർക്കിൽ മൂന്നാം ശ്രമത്തിൽ 114 കിലോ ഉയർത്താന്‍ താരത്തിനു സാധിച്ചില്ല.
2020 ടോക്കിയോ ഒളിംപിക്സിൽ മീരാഭായ് ചാനു ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു. പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്‍ലെയ്ക്കും ആദ്യ മൂന്നിൽ എത്താൻ സാധിച്ചില്ല. 8:14.18 മിനിറ്റിൽ 11–ാം സ്ഥാനത്താണ് സാബ്‍ലെ ഫിനിഷ് ചെയ്തത്. പുരുഷ ട്രിപ്പിൾ ജംപിൽ ഇന്ത്യൻ താരങ്ങളായ അബ്ദുല്ല അബൂബക്കറും പ്രവീൺ ചിത്രവേലും യോഗ്യതാ റൗണ്ടിൽ പുറത്തായി. അബ്ദുല്ല 21–ാം സ്ഥാനത്തും ചിത്രവേൽ 27–ാമതുമാണ് ഫിനിഷ് ചെയ്തത്.
ജാവലിൻ ത്രോ വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം അന്നു റാണി പുറത്തായി. ഗ്രൂപ്പ് എയിൽ 15–ാം സ്ഥാനത്താണ് അന്നു റാണി ഫിനിഷ് ചെയ്തത്. പുരുഷൻമാരുടെ ഹൈജംപിൽ ഇന്ത്യൻ താരം സർവേഷ് കുഷാരെയും ഫൈനലിലെത്തിയില്ല. യോഗ്യതാ റൗണ്ടിലെ മൂന്നു ശ്രമങ്ങളിലും 2.20 മീറ്റർ ഉയരം പിന്നിടാൻ സർവേഷിനു സാധിച്ചില്ല. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജിക്ക് ഫൈനൽ യോഗ്യത നേടാൻ സാധിച്ചില്ല. ഹീറ്റ്സിൽ ഏഴാം സ്ഥാനത്താണ് ജ്യോതി ഫിനിഷ് ചെയ്തത്. 13.16 സെക്കൻഡാണ് ഇന്ത്യൻ താരം ഫിനിഷ് ചെയ്യാനെടുത്ത സമയം. രണ്ടാം അവസരത്തിൽ ജ്യോതി റെപ്പഷാജ് റൗണ്ടിൽ മത്സരിക്കും.