ADVERTISEMENT

ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷൻ അധികാരികളുടെ നീതികേടിനെതിരെ തെരുവിലിറങ്ങി സമരം ചെയ്ത ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഒളിംപിക്സിലെ ഉജ്വല പ്രകടനം കേന്ദ്ര സർക്കാർ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള മറുപടിയായി വ്യാഖ്യാനിക്കപ്പെടുന്നതിനിടെയാണ് ഭാരപരിശോധനയിൽ പരാജയപ്പെട്ട് താരം പുറത്തു പോകുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വിനേഷ് ഫോഗട്ടിന്റെ വിജയം കേന്ദ്ര സർക്കാരിനും അധികാരവ്യവസ്ഥയ്ക്കും എതിരായ നേട്ടമായി വ്യാഖ്യാനിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പുറത്താകൽ. 

ന്യൂഡൽഹിയിലെ ജന്തർ മന്തറിലെ തെരുവുകളിൽ അനീതിക്കെതിരെ പോരാടിയ വീര വനിത പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കു വേണ്ടി ചരിത്രം കുറിച്ചത് ഈ രാജ്യം ഒന്നടങ്കമാണ് ആഘോഷിച്ചത്. സമരപാതയിൽ പ്രതിസന്ധികൾക്കു മുന്നിൽ പതറാതെ പൊരുതിയ അതേ വീര്യത്തോടെ വിനേഷ് ഫോഗട്ട് ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയതിനെ കാവ്യനീതിയായി കണ്ടവരുണ്ട്. ഒരു വർഷം മുൻപ് ഗുസ്തി ഫെഡ‍റേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശരൺ സിങ് ഉൾപ്പെടെയുള്ളവർ വനിതാ താരങ്ങളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് സമരരംഗത്തുണ്ടായിരുന്ന താരം നേരിട്ട പരിഹാസത്തിനും ഒറ്റപ്പെടലിനും കയ്യും കണക്കുമില്ല. ഇതിനു പിന്നാലെ പാരിസ് ഒളിംപിക്സിൽ സ്വപ്നനേട്ടം കൈവരിച്ച വിനേഷ് ഫോഗട്ടിനെ ആരാധകർ ഒന്നടങ്കമാണ് ഏറ്റെടുത്തത്.

വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ ആവേശം നിറഞ്ഞ സെമിയിൽ ക്യൂബയുടെ യുസ്നെയ്‌ലിസ് ഗുസ്മൻ ലോപസിനെ 5–0ന് വിനേഷ് മലർത്തിയടിച്ചാണ് താരം ഫൈനലിൽ കടന്നത്. നിലവിലുള്ള സ്വർണ ജേതാവ് ജപ്പാൻ താരം യുയി സുസാക്കിയടക്കം വൻതാരങ്ങളെ ഒന്നിനു പിറകെ കീഴടക്കി ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിൽ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി വിനേഷ് ചരിത്രം സൃഷ്ടിച്ചു. ഇന്നു രാത്രി നടക്കുന്ന ഫൈനലിൽ അമേരിക്കയുടെ സാറ ആൻ ഹിൽഡർബ്രാൻറ്റിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്.

ജപ്പാൻ താരം യുയി സുസാക്കിയെ പ്രീക്വാർട്ടറിലും യുക്രെയ്നിന്റെ ഒക്സാന ലിവാച്ചിനെ ക്വാർട്ടറിലും തകർത്തായിരുന്നു വിനേഷിന്റെ മുന്നേറ്റം. മുൻ യൂറോപ്യൻ ചാംപ്യനും 2018 ലോക ചാംപ്യൻഷിപ് വെങ്കല ജേതാവുമായ ലിവാച്ചിനെതിരെ 7–5നായിരുന്നു വിനേഷിന്റെ വിജയം. 2010നു ശേഷം 3 മത്സരങ്ങളിൽ മാത്രം തോൽവിയറിഞ്ഞിട്ടുള്ള സുസാക്കിയെ 3–2ന് ആണ് വിനേഷ് പ്രീക്വാർട്ടറിൽ അട്ടിമറിച്ചത്. 

നേരത്തേ, കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണവും 8 ഏഷ്യൻ ചാംപ്യൻഷിപ് മെഡലുകളും നേടിയിട്ടുള്ള വിനേഷ്, റിയോ ഡി ജനീറോ, ടോക്കിയോ ഒളിംപിക്സുകളിൽ മെഡൽ നേടാതെ പുറത്തായിരുന്നു.

English Summary:

Wrestler Vinesh Phogat Disqualified, Medal Heartbreak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com