‘ഇത് വിനേഷ് ഫോഗട്ടിന്റെ ആദ്യ ഒളിംപിക്സല്ല, അവരുടെ ഭാഗത്തും തെറ്റുണ്ട്; മെഡൽ നഷ്ടത്തിൽ വിനേഷിനും ഉത്തരവാദിത്തം’
Mail This Article
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിൽ കടന്ന് മെഡൽ ഉറപ്പാക്കിയെങ്കിലും, പിന്നീട് ഭാരപരിശോധനയിൽ പരാജയപ്പെട്ട് മെഡൽ നഷ്ടമായ സംഭവത്തിൽ വിനേഷ് ഫോഗട്ടിനും ഉത്തരവാദിത്തമുണ്ടെന്ന് ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ. ഇത് വിനേഷ് ഫോഗട്ടിന്റെ ആദ്യ ഒളിംപിക്സ് അല്ലെന്ന് സൈന നെഹ്‌വാൾ ചൂണ്ടിക്കാട്ടി. ഭാരം നിശ്ചിത പരിധിയിൽ നിർത്തുന്ന കാര്യത്തിൽ വിനേഷ് കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടതായിരുന്നുവെന്നും സൈന പറഞ്ഞു.
‘‘കഴിഞ്ഞ മൂന്നു ദിവസമായി വിനേഷ് ഫോഗട്ടിനുവേണ്ടി ആർപ്പു വിളിക്കുന്നയാളാണ് ഞാൻ. എല്ലാ കായിക താരങ്ങളും ഈ നിമിഷത്തിനായാണ് കാത്തിരിക്കുന്നത്. ഈ നിമിഷം വിനേഷ് അനുഭവിക്കുന്ന വേദനയും നിരാശയും എനിക്കു മനസ്സിലാകും. ഒരു കായിക താരമെന്ന നിലയിൽ ആ വികാരം പറഞ്ഞുമനസിലാക്കാൻ വാക്കുകളില്ല. ഒരുപക്ഷേ ശരീരഭാരം പെട്ടെന്ന് കൂടിയിട്ടുണ്ടാകാം. വിനേഷ് ഫോഗട്ട് ഒരു പോരാളിയാണ്. എക്കാലവും മഹത്തരമായ രീതിയിൽ അവർ നടത്തിയിട്ടുള്ള തിരിച്ചുവരവുകൾ നമുക്കറിയാം. അടുത്ത തവണ ഇന്ത്യയ്ക്കായി ഒരു മെഡൽ ഉറപ്പാക്കാൻ വിനേഷിന് ഉറപ്പായും സാധിക്കും.
‘‘ഒളിംപിക്സ് പോലെ ഏറ്റവും ഉയർന്ന തലത്തിൽ മത്സരിക്കുന്ന താരങ്ങൾക്ക് ഇത്തരം പിഴവുകൾ സംഭവിക്കാറില്ല എന്നതാണ് വാസ്തവം. അവർ ഭാരപരിശോധയിൽ എങ്ങനെ പരാജയപ്പെട്ടു എന്നത് ഒരു ചോദ്യമാണ്. പാരിസിൽ വിനേഷിനെ സഹായിക്കാൻ വലിയൊരു സംഘം തന്നെ ഒപ്പമുണ്ട്. പരിശീലകർ, ഫിസിയോ, ട്രെയിനേഴ്സ് തുടങ്ങിയവർ ഉൾപ്പെടുന്നതാണ് സംഘം. ഇവരെല്ലാം ഇപ്പോൾ കടുത്ത വിഷമത്തിലായിരിക്കും. ഗുസ്തിയിലെ നിയമങ്ങളെക്കുറിച്ച് എനിക്കത്ര പിടിയില്ല. എന്തായാലും ഇത് വളരെ വിഷമിപ്പിക്കുന്ന സംഭവമാണ്.
‘‘ഇത് വിനേഷ് ഫോഗട്ടിന്റെ ആദ്യ ഒളിംപിക്സ് അല്ല. മൂന്നാം തവണയാണ് അവർ ഒളിംപിക്സിൽ മത്സരിക്കുന്നത്. കായികതാരമെന്ന നിലയിൽ മത്സരിക്കുന്ന ഇനത്തിന്റെ നിയമവശങ്ങൾ അവർ അറിയേണ്ടതായിരുന്നു. ഈ പിഴവ് എങ്ങനെ സംഭവിച്ചുവെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഒളിംപിക്സ് പോലൊരു വേദിയിൽ മറ്റൊരു ഗുസ്തി താരത്തിനും ഇങ്ങനെ സംഭവിച്ചതായി ഞാൻ കേട്ടിട്ടില്ല.
‘‘വളരെയേറെ പരിചസമ്പത്തുള്ള താരമാണ് വിനേഷ്. അവരുടെ ഭാഗത്തും പിഴവു സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. അതുകൊണ്ട് മെഡൽ നഷ്ടത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. ഇത്തരമൊരു സുപ്രധാന മത്സരത്തിനു മുൻപ്, ഭാരക്കൂടുതൽ നിമിത്തം അയോഗ്യയാക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ ജേതാവാണ് വിനേഷ്. ഇത്തരമൊരു മത്സരത്തിനു മുൻപ് ശരീരഭാരം ക്രമപ്പെടുത്തേണ്ടതുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പിന്നെ എങ്ങനെയാണ് ഈ പിഴവു സംഭവിച്ചത്? വിനേഷിനും അവരുടെ പരിശീലകർക്കും മാത്രമേ അറിയൂ. ഒരു ഉറച്ച മെഡൽ നഷ്ടമായതിൽ എനിക്കു നിരാശയുണ്ട്’ – സൈന പറഞ്ഞു.