വെള്ളി നേടിയത് നീരജെങ്കിലും പാരിസിൽ ഒന്നാമനും രണ്ടാമനും അർഷാദ് തന്നെ; മികച്ച 5 ത്രോയിൽ മൂന്നും ആ പേരിൽ – വിഡിയോ
Mail This Article
പാരിസ്∙ നീരജ് ചോപ്രയുടെ ജാവലിനിലൂടെ പാരിസ് ഒളിംപിക്സിലെ ആദ്യ സ്വർണ മെഡൽ സ്വപ്നം കണ്ട ഇന്ത്യൻ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച്, ജാവലിൻ ത്രോ വേദിയിൽ അസാമാന്യ പ്രകടനവുമായി പാക്കിസ്ഥാൻ താരം അർഷാദ് നദീം. എതിരാളികളെയും കായിക ലോകത്തെ ഒന്നാകെയും ഞെട്ടിച്ച് ജാവലിൻ ത്രോ വേദിയിൽ പാക്ക് താരം നിറഞ്ഞാടിയ ദിനമായിരുന്നു ഇന്ന്. പാരിസ് ഒളിംപിക്സിൽ പിറന്ന ഏറ്റവും മികച്ച അഞ്ച് ത്രോകളെടുത്താൽ, അതിൽ മൂന്നും പാക്കിസ്ഥാൻ താരത്തിന്റെ പേരിലാണ്. പാരിസിൽ രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡൽ നേടിയത് നീരജ് ചോപ്രയാണെങ്കിലും, പാരിസിലെ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരം ഇന്ത്യൻ താരത്തിന്റെ പേരിലല്ല! 92.97 മീറ്ററുമായി സ്വർണമുറപ്പിച്ച പാക്ക് താരം അർഷാദ് നദീം, അവസാന ശ്രമത്തിൽ കണ്ടെത്തിയ 91.79 മീറ്ററാണ് നീരജിന്റെ വെള്ളിമെഡൽ ദൂരത്തിനു മുന്നിലായി രണ്ടാമത്! പാരിസിൽ അർഷാദ് നദീം എറിഞ്ഞെടുത്ത സ്വർണമെഡലിന്, ഒളിംപിക് റെക്കോർഡിന്റെ തിളക്കവുമുണ്ട്.
നീരജ് ചോപ്രയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കരിയറിലെ മോശം ദിനമൊന്നുമായിരുന്നില്ല ഇത്. യോഗ്യതാ റൗണ്ടിൽ 89.34 മീറ്ററും ഫൈനലിൽ രണ്ടാം ശ്രമത്തിൽത്തന്നെ 89.45 മീറ്ററും കണ്ടെത്തിയ നീരജിന് ഈ ഒളിംപിക്സ് രാശിയുള്ള വേദി തന്നെയായിരുന്നു. പക്ഷേ പാക്ക് താരം അർഷാദ് നദീമിനെ സംബന്ധിച്ച്, ഒരു കായിക താരത്തിന്റെ കരിയറിൽ സംഭവിക്കുന്ന ഏറ്റവും മികച്ച പ്രകടനം ഉണ്ടായ സുവർണ ദിനമായി ഫൈനൽ ദിനം മാറിയതോടെയാണ് നീരജ് പിന്നാക്കം പോയത്. അത് നീരജിനു പിഴവെന്നതിനേക്കാൾ, പാക്ക് താരത്തിനു ലഭിച്ച അനുഗ്രഹമായിരുന്നു.
പാരിസിലെ ഏറ്റവും മികച്ച ആദ്യ രണ്ടു ദൂരങ്ങൾ മാത്രമല്ല, നീരജിനു വെള്ളിമെഡൽ സമ്മാനിച്ച 89.45 മീറ്റർ ദൂരത്തിനു പിന്നിൽ നാലാം സ്ഥാനത്തു വന്ന ത്രോയും അർഷാദ് നദീമിന്റെ പേരിൽത്തന്നെയാണ്! 92.97 മീറ്ററുമായി കായികലോകത്തെ ഞെട്ടിച്ചതിനു പിന്നാലെ മൂന്നാം ശ്രമത്തിൽ അർഷാദ് കണ്ടെത്തിയ 88.72 മീറ്ററാണ് പട്ടികയിൽ നാലാമത്. ഇതിനും പിന്നിൽ 88.54 മീറ്റർ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആൻഡേഴ്ൻ പീറ്റേഴ്സ് വെങ്കലവും നേടി.
യോഗ്യതാ റൗണ്ടിൽ 89.34 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് ഒന്നാമതെത്തിയതോടെ നീരജ് പാരിസിലും സ്വർണം നിലനിർത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഒന്നടങ്കം സ്തബ്ധരാക്കിയാണ്, തന്റെ രണ്ടാം ശ്രമത്തിൽ അർഷാദ് നദീം റെക്കോർഡ് ദൂരത്തേക്ക് ജാവലിൻ പായിച്ചത്. ഒരുവേള അർഷാദിനു തന്നെ ആ ത്രോ ഒരു അദ്ഭുതമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം തെളിയിച്ചു. തൊട്ടുപിന്നാലെ തന്റെ രണ്ടാം ശ്രമത്തിൽ 89.45 മീറ്റർ ദൂരം കണ്ടെത്തി നീരജ് തിരിച്ചടിച്ചതോടെ ഇന്ത്യ–പാക്ക് താരങ്ങൾ തമ്മിൽ കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിച്ചത്. പാക്ക് താരത്തെ പിന്തള്ളാനുള്ള തീവ്രശ്രമത്തിൽ തുടർന്നുള്ള എല്ലാ ശ്രമങ്ങളും ഫൗളിൽ കലാശിച്ചതോടെയാണ് നീരജ് പാരിസിൽ വെള്ളിയിൽ ഒതുങ്ങിയത്.
ഫലത്തിൽ, ഫൈനലിൽ നീരജിന്റെ ഒരേയൊരു ത്രോ മാത്രമാണ് ഫൗളാകാതെ പോയത്. 89.45 മീറ്റർ ദൂരം താണ്ടിയ ആ ഒറ്റ ത്രോയുടെ ബലത്തിലാണ് പാരിസിൽ നീരജ് വെള്ളി നേടിയതും. ടോക്കിയോ ഒളിംപിക്സിൽ 87.58 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് ചോപ്ര സ്വർണം നേടിയതെങ്കിൽ, പാരിസിൽ അതിലും കൂടുതൽ ദൂരം കണ്ടെത്തിയ രണ്ടു പേർക്ക് മെഡൽപ്പട്ടികയിൽ പോലും ഇടമില്ല. അത്രയ്ക്കായിരുന്നു പോരാട്ടത്തിന്റെ കാഠിന്യം!
ജാവലിൻ ത്രോയുടെ ഫൈനൽ ആരംഭിക്കുമ്പോൾ ഇന്ത്യയുടെ നീരജ് ചോപ്ര, ജർമനിയുടെ ജൂലിയൻ വെബർ, ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ്, ലോക ഒന്നാം നമ്പർ താരം യാക്കൂബ് വാദ്‌ലിജ് തുടങ്ങിയവർക്ക് ഒപ്പമോ പിന്നിലോ മാത്രം എണ്ണപ്പെട്ടിരുന്ന പേരാണ് അർഷാദ് നദീമിന്റേത്. നീരജ് ചോപ്രയേപ്പോലെ ഫൗളായിപ്പോയ ത്രോയോടെയാണ് അർഷാദും പോരാട്ടം തുടങ്ങിയത്. അത് വരാനിരിക്കുന്ന പൂരത്തിന്റെ സാംപിളായിരുന്നുവെന്ന് ആരു കണ്ടു. രണ്ടാം ത്രോയിൽ കായികലോകത്തെ സ്തബ്ധരാക്കിയ ദൂരം കണ്ടെത്തിയ അർഷാദ് നദീം, മൂന്നു പതിറ്റാണ്ടിനുശേഷം ഒളിംപിക്സിൽ പാക്കിസ്ഥാന് ആദ്യ മെഡലും സമ്മാനിച്ചു. അതും തങ്കത്തിളക്കമുള്ളൊരു സുവർണ സമ്മാനം!