ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകനായേക്കും; മെഡൽ നേട്ടം ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സമർപ്പിച്ച് താരം
Mail This Article
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിലെ വെങ്കലമെഡൽ നേട്ടത്തോടെ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ച മലയാളി താരം പി.ആർ. ശ്രീജേഷ് പരിശീലക സ്ഥാനത്തേക്ക്. ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകനാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടും. വിരമിക്കൽ തീരുമാനത്തിൽ പുനർവിചിന്തനത്തിനു സാധ്യതയില്ലെന്ന് ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. ഈ മെഡൽനേട്ടം വയനാട് ഉരുൾപൊട്ടലിന്റെ ദുരിതമനുഭവിക്കുന്നവർക്ക് സമർപ്പിക്കുന്നതായും ശ്രീജേഷ് പ്രതികരിച്ചു.
വെങ്കല മെഡൽ നേട്ടത്തിലൂടെ തനിക്ക് സ്വപ്നതുല്യമായ യാത്രയയപ്പാണ് ലഭിച്ചതെന്നും ശ്രീജേഷ് മനോരമ ന്യൂസിനോടു പ്രതികരിച്ചു. വിരമിക്കൽ തീരുമാനത്തിൽ പുനർവിചിന്തനത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, ഇപ്പോൾ അതൊന്നും ആലോചനയില്ലെന്നായിരുന്നു മറുപടി. എന്തുകൊണ്ട് വിരമിക്കുന്നില്ല എന്നതിനു പകരം, എന്തുകൊണ്ട് വിരമിക്കുന്നു എന്ന ചോദ്യവുമായി മടങ്ങുന്നതാണ് ഉചിതമെന്ന് ശ്രീജേഷ് അഭിപ്രായപ്പെട്ടു. ഇതായിരിക്കാം ഏറ്റവും ഉചിതമായ സമയമെന്നും ശ്രീജേഷ് പറഞ്ഞു.
‘‘ഹോക്കി കേരളത്തിന്റെ മേഖലയല്ല എന്നാണ് പൊതുവെ പറയുന്നത്. പക്ഷേ, കേരളത്തിലേക്കു വന്ന മൂന്ന് ഒളിംപിക്സ് മെഡലുകളും ഹോക്കിയിൽ നിന്നാണ്. കേരളം ഹോക്കി ഏറ്റെടുക്കേണ്ട സമയമായി. സ്കൂളുകളിൽ ഹോക്കി പരിശീലിപ്പിക്കുക, മികച്ച അക്കാദമികൾ തുടങ്ങുക, അങ്ങനെ കുട്ടികളെ ഹോക്കിയിലേക്കു കൊണ്ടുവരിക, മികച്ച ടീം രൂപപ്പെടുത്തുക. കുട്ടികൾക്ക് ഒരു ലക്ഷ്യം വേണമെന്നുണ്ടെങ്കിൽ ഞാനുണ്ട് അവിടെ, രണ്ട് ഒളിംപിക് മെഡലുകളുമായി. അതിൽ കൂടുതൽ കേരളത്തിനായി എനിക്ക് എന്തു ചെയ്യാനാകും?’ – ശ്രീജേഷ് ചോദിച്ചു.