അൽവിദ, ഗുസ്തി! ; മെഡൽ നഷ്ടത്തിനു പിന്നാലെ വിനേഷ് ഫോഗട്ട് വിരമിച്ചു
Mail This Article
പാരിസ് ∙ സുവർണനേട്ടത്തിന്റെ പടിവാതിൽക്കൽ ഒളിംപിക് മെഡലെന്ന സ്വപ്നം തകർന്നതിനു പിന്നാലെ വിനേഷ് ഫോഗട്ട് ആ തീരുമാനമെടുത്തു; ഗോദയിലേക്ക് ഇനിയില്ല. ഭാരപരിശോധനയിൽ 100 ഗ്രാം അധികമുണ്ടെന്നു കണ്ടെത്തിയതിനാൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ ഫൈനലിൽ മത്സരിക്കാനാകാതെ അയോഗ്യയാക്കപ്പെട്ടതിനെത്തുടർന്നാണ് രാജ്യാന്തര ഗുസ്തിയിൽനിന്നു വിരമിക്കാനുള്ള തീരുമാനം.
മത്സരരംഗത്തു തുടരാനുള്ള കരുത്ത് ഇനിയില്ലെന്നും എല്ലാവരും തന്നോടു ക്ഷമിക്കണമെന്നും വിനേഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തന്റെ മാതാവ് പ്രേംലതയെ അഭിസംബോധന ചെയ്ത് വിനേഷ് ഇങ്ങനെ പറഞ്ഞു: ‘‘അമ്മേ, ഗുസ്തി ജയിച്ചിരിക്കുന്നു. ഞാൻ തോറ്റു. എന്നോടു പൊറുക്കണം. അമ്മയുടെ സ്വപ്നങ്ങളും എന്റെ കരുത്തും എല്ലാം തകർന്നു പോയിരിക്കുന്നു. 2001 മുതൽ 2024 വരെ എല്ലാമായിരുന്ന കായികജീവിതത്തിനു വിട; അൽവിദ ഗുസ്തി! ഞാൻ എല്ലാവരോടും കടപ്പെട്ടിരിക്കും’’.
ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കിയതിനെതിരെ ലോക കായിക കോടതിയിൽ അപ്പീൽ നൽകിയതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന തീരുമാനം വിനേഷ് പ്രഖ്യാപിച്ചത്. ഫൈനൽ വരെയെത്തിയ തനിക്ക് സംയുക്ത വെള്ളി സമ്മാനിക്കണമെന്ന് അഭ്യർഥിച്ചാണ് അപ്പീൽ. എന്നാൽ, നിലവിലുള്ള ഭാരപരിശോധനാ നിയമങ്ങളിൽ ഇപ്പോൾ മാറ്റം വരുത്തില്ലെന്നു രാജ്യാന്തര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിങ് അറിയിച്ചിട്ടുണ്ട്.
50 കിലോഗ്രാം ഇനത്തിൽ ആദ്യദിവസം പരിശോധന വിജയിച്ച വിനേഷിന്റെ മത്സരഫലങ്ങൾ റദ്ദാക്കരുതെന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ നിർദേശത്തിനു മറുപടിയായാണ് ഈ പ്രതികരണം. ഇക്കാര്യം ഉചിതമായ വേദിയിൽ പിന്നീട് പരിശോധിക്കുമെന്നും എന്നാൽ മുൻകാല പ്രാബല്യമുണ്ടാകില്ലെന്നും യുണൈറ്റഡ് വേൾഡ് റെസ്‍ലിങ് വ്യക്തമാക്കി. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി.ടി.ഉഷ യുണൈറ്റഡ് വേൾഡ് റെസ്‌ലിങ് പ്രസിഡന്റ് നെനാദ് ലാലോവിച്ചുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സെമിയിൽ വിനേഷിനോട് പരാജയപ്പെട്ട ക്യൂബൻ താരം യുസ്നെയ്‌ലിസ് ഗുസ്മൻ ലോപ്പസാണ് വിനേഷിനു പകരം ഫൈനലിൽ യുഎസിന്റെ സാറ ആൻ ഹിൽഡർബ്രാൻറ്റിനെതിരെ മത്സരിച്ചത്. ഹിൽഡർബ്രാൻറ്റ് സ്വർണവും യുസ്നെയ്‌ലിസ് വെള്ളിയും നേടി. പ്രീക്വാർട്ടറിൽ വിനേഷിനോട് പരാജയപ്പെട്ടിരുന്ന യുയി സുസാക്കി, റെപ്പഷാജ് റൗണ്ട് ജയിച്ച് വെങ്കലം നേടി.
വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ വിനേഷ് ഒളിംപിക് വില്ലേജിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫൈനലിനും മുൻപ് ഭാരം കുറയ്ക്കാനായി ഭക്ഷണവും വെള്ളവുമെല്ലാം ഉപേക്ഷിച്ചു നടത്തിയ കഠിന പരിശ്രമത്തിനൊടുവിൽ കടുത്ത നിർജലീകരണം ബാധിച്ച് ക്ഷീണിതയായിരുന്നു വിനേഷ്.
റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ മേധാവി ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ മുഖമായിരുന്ന വിനേഷ് നേരത്തേ 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരിച്ചിരുന്നത്. ഈ വിഭാഗത്തിലെ ഒളിംപിക്സ് ക്വോട്ട അന്റിം പംഘാൽ നേടിയതോടെയാണ് വിനേഷ് 50 കിലോഗ്രാമിലേക്കു മാറിയത്.
വിനേഷ് തീരുമാനം മാറ്റുമെന്ന് പ്രതീക്ഷ: ബബിത ഫോഗട്ട്
ന്യൂഡൽഹി∙ ഗുസ്തിയിൽനിന്നു വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് വിനേഷ് ഫോഗട്ട് 2028 ഒളിംപിക്സിൽ മത്സരിക്കുമെന്നാണു പ്രതീക്ഷയെന്ന് താരത്തിന്റെ പിതൃസഹോദരപുത്രിയും കോമൺവെൽത്ത് ഗെയിംസ് സ്വർണ ജേതാവുമായ ബബിത ഫോഗട്ട്. ഭാരപരിശോധനയിൽ പരാജയപ്പെട്ടതു മൂലം 2012 ഏഷ്യൻ ചാംപ്യൻഷിപ്പിൽ തനിക്കു മത്സരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നു ബബിത പറഞ്ഞു.
ഗുസ്തിയിൽ ഇത്തരം ഉദാഹരണങ്ങൾ ഒട്ടേറെയുണ്ട്. വിനേഷ് തിരിച്ചെത്തിയാൽ വിരമിക്കൽ തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടാൻ തന്റെ പിതാവും വിനേഷിന്റെ ആദ്യപരിശീലകനുമായ മഹാവീർ ഫോഗട്ട് തീരുമാനിച്ചിട്ടുണ്ടെന്നും ബബിത പറഞ്ഞു.വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്ന് ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മേധാവി സഞ്ജയ് സിങ്ങും വിനേഷിനോട് അഭ്യർഥിച്ചു.
മെഡൽ കൈവിട്ട് ചാനുവും; നാലാമത്
പാരിസ് ∙ കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ വെള്ളി നേടാൻ മീരാബായ് ചാനു ഉയർത്തിയത് 202 കിലോഗ്രാം ആണ്. ഇത്തവണ പാരിസിൽ ചാനുവിന് ഉയർത്താനായത് 199 കിലോഗ്രാം. ഏഷ്യൻ ഗെയിംസിൽ പരുക്കേറ്റതിനു ശേഷം പല മത്സരങ്ങളിൽനിന്നു വിട്ടുനിന്നത് ചാനുവിന്റെ പ്രകടനത്തെ ബാധിച്ചപ്പോൾ ഇന്ത്യയ്ക്കു നഷ്ടമായതു മറ്റൊരു മെഡൽ.
ചാനുവിനെക്കാൾ ഒരു കിലോഗ്രാം കൂടുതൽ (200) ഉയർത്തിയ തായ്‌ലൻഡിന്റെ സുരോദ്ചന ഖാംബവോയ്ക്കാണ് വെങ്കലം. സ്നാച്ചിൽ 88 കിലോഗ്രാം ഉയർത്തി ചാനുവും ഖാംബവോയും തുല്യത പാലിച്ചപ്പോൾ ക്ലീൻ ആൻഡ് ജെർക്കിൽ തായ്‌ലൻഡ് താരം 112 കിലോഗ്രാം ഉയർത്തി. തന്റെ രണ്ടാം ശ്രമത്തിൽ 111 കിലോഗ്രാം ഉയർത്തിയ ചാനു മൂന്നാം ശ്രമത്തിൽ 114 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ടോക്കിയോയിൽ സ്വർണം നേടിയ ചൈനയുടെ ഹൂ ഷിഹുയിക്കു തന്നെയാണ് ഇത്തവണയും സ്വർണം. ആകെ 206 കിലോഗ്രാം (സ്നാച്ചിൽ 89, ക്ലീൻ ആൻഡ് ജെർക്കിൽ 117) ആണ് ഷിഹുയി ഉയർത്തിയത്. ക്ലീൻ ആൻഡ് ജെർക്കിൽ ഉയർത്തിയ 117 കിലോഗ്രാം ഒളിംപിക് റെക്കോർഡാണ്. ആകെ 205 കിലോഗ്രാം (സ്നാച്ചിൽ 93, ക്ലീൻ ആൻഡ് ജെർക്കിൽ 112) ഉയർത്തിയ റുമാനിയയുടെ മിഹെയ്‌ല കാംബെയ് വെള്ളി നേടി.