‘ഭായി–ഭായി’ ബന്ധം കൂടുതൽ ഊഷ്മളമാക്കി നീരജും അർഷാദും; ‘യുദ്ധം’ തോറ്റു; സൗഹൃദം ജയിച്ചു!
Mail This Article
അതിമാനുഷികമെന്നു തോന്നിപ്പോയ ഒറ്റ ത്രോയിലൂടെ ഇന്ത്യയുടെ സുവർണസ്വപ്നം തകർത്ത എതിരാളി, മണിക്കൂറുകളുടെ ഇടവേളയിൽ ‘അയൽവീട്ടിലെ പയ്യനാ’യി മാറിയ മനോഹര ദൃശ്യമായിരുന്നു വ്യാഴാഴ്ച് രാത്രി സ്റ്റാഡ് ദ് ഫ്രാൻസിൽ. പുരുഷ ജാവലിൻ ത്രോ ഫൈനലിൽ പാക്കിസ്ഥാന്റെ അർഷാദ് നദീമിന്റെ പ്രകടനവും അതു മറികടക്കാനുള്ള നീരജ് ചോപ്രയുടെ ശ്രമങ്ങളും ക്രിക്കറ്റിലും ഹോക്കിയിലുമൊക്കെയുള്ള ഇന്ത്യ – പാക്കിസ്ഥാൻ പതിവ് പോരാട്ടവഴികളെ അൽപനേരം ഓർമിപ്പിച്ചു. എന്നാൽ, ‘യുദ്ധ’മാകേണ്ടിയിരുന്ന ഏറ്റുമുട്ടൽ സൗഹൃദമത്സരത്തിന്റെ തലത്തിലേക്ക് ഉയർത്തിയതു നീരജും അർഷാദും തന്നെയാണ്.
ഫൈനലിൽ ഇരുവരുടെയും ആദ്യശ്രമങ്ങൾ ഫൗളായിരുന്നു. രണ്ടാം ശ്രമത്തിൽ ആയാസരഹിതമായ റണ്ണപ്പിലൂടെ അർഷാദ് ഒളിംപിക് റെക്കോർഡ് ദൂരത്തിലേക്കു (92.97 മീറ്റർ) ജാവലിൻ പറപ്പിച്ചു. അതിനുശേഷം എറിയേണ്ടിയിരുന്ന നീരജ് അൽപമൊന്ന് ആശങ്കയിലായോ? ഇല്ല. നീരജിന്റേതും ഒന്നാന്തരം ത്രോ തന്നെ. 89.45 മീറ്ററിലൂടെ വെള്ളി ഉറപ്പിച്ച പ്രകടനം. പക്ഷേ, അർഷാദിന്റെ ദൂരം മറികടക്കാനുള്ള ശ്രമത്തിൽ നീരജ് പിന്നീടുള്ള ഓരോ ത്രോയിലും ആഞ്ഞുപിടിച്ചെങ്കിലും എല്ലാം ഫൗളായി. ഒടുവിൽ, അർഷാദിനു സ്വർണം. നീരജിനു വെള്ളി.
പിന്നീടു മിക്സ്ഡ് സോണിലും തുടർന്നുവന്ന പത്രസമ്മേളനത്തിലും ഇരുവരുടെയും വാക്കുകൾ വിദ്വേഷത്തിന്റെ ഏതു കനൽക്കട്ടയും ഊതിക്കെടുത്തുന്നതായിരുന്നു.
നീരജ് പറഞ്ഞു: ‘ഇതുവരെ ഒന്നിച്ചു മത്സരിച്ചപ്പോഴെല്ലാം എന്നോടു തോൽക്കാനായിരുന്നു അർഷാദ് ഭായിയുടെ വിധി. എന്നാൽ, ഏറ്റവും വലിയ വേദിയിൽ മികച്ച പ്രകടനം നടത്തി അർഷാദ് എന്നെ തോൽപിച്ചു. വെൽഡൺ ഭായ്.’ കൈകൂപ്പി ‘താങ്ക്‌യൂ, താങ്ക്‌യൂ’ എന്നുപറഞ്ഞാണ് അർഷാദ് പ്രതികരിച്ചത്. ‘എന്റെ ദിവസം ശരിയായില്ല. ഒന്നൊഴികെ എല്ലാ ശ്രമങ്ങളും ഫൗളായിപ്പോയി’ – നീരജ് തുടർന്നു. കടന്നുവന്ന വഴികളെപ്പറ്റി അർഷാദ് പറഞ്ഞപ്പോൾ നീരജ് ഉൾപ്പെടെ കാതോർത്തു.
നല്ലൊരു ജാവലിൻ വാങ്ങാൻപോലും പ്രയാസമുണ്ടെന്നു മുൻപൊരിക്കൽ അർഷാദ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചപ്പോൾ സഹായം വാഗ്ദാനം ചെയ്തു രംഗത്തിറങ്ങിയതു നീരജാണ്. ഇന്നലെ അർഷാദിന്റെ ജീവിതകഥ കേട്ടപ്പോൾ നീരജിന്റെ മുഖം വാടി; താൻ എത്ര സൗഭാഗ്യവാൻ എന്നോർത്തായിരിക്കുമോ അത്.
പത്രസമ്മേളന വേദിയിൽ ഹിന്ദി ചോദ്യങ്ങളുടെ പ്രളയമായിരുന്നു. ‘മത്സരിക്കുന്നതിനെക്കാൾ പ്രയാസമാണ് ഇംഗ്ലിഷിൽ സംസാരിക്കുന്നത്’ എന്നു നീരജ് സമ്മതിക്കുകകൂടി ചെയ്തതോടെയാണു ചോദ്യങ്ങൾ ഹിന്ദിയിലായത്.
ക്രിക്കറ്റിൽ ഏറ്റുമുട്ടുമ്പോൾ ‘യുദ്ധക്കള’മായി മാറുന്ന തെരുവുകളുടെ ആരവത്തിൽനിന്ന് ഏറെ അകലെയായിരുന്നു സ്റ്റാഡ് ദ് ഫ്രാൻസിലെ അത്‌ലറ്റിക് ഫീൽഡ്. പോരാട്ടങ്ങളുടെമേൽ സൗഹൃദം ചിറകുവിടർത്തുമ്പോൾ, പോരാളികൾ പുഞ്ചിരി കൈമാറി ഒന്നിച്ചു ചുവടുവയ്ക്കുമ്പോൾ, ഒളിംപിക്സ് അതിന്റെ ലക്ഷ്യം കൈവരിക്കുന്നു... കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, ശക്തിയോടെ, ഒന്നിച്ച് മുന്നേറാം എന്ന ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ.