ചൈനയെ പിന്തള്ളി യുഎസ് കുതിപ്പ്, മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത്; സ്വർണത്തിൽ ഒപ്പത്തിനൊപ്പം
Mail This Article
പാരിസ്∙ ഒളിംപിക്സ് മെഡൽ വേട്ടയിൽ അവസാന ദിവസത്തിലെ ത്രില്ലർ പോരാട്ടത്തിനൊടുവിൽ ചൈനയെ പിന്തള്ളി യുഎസ് ഒന്നാം സ്ഥാനത്തെത്തി. അവസാനം നടന്ന വനിതാ ബാസ്കറ്റ് ബോളിൽ ഫ്രാൻസിനെ ഒരു പോയിന്റു വ്യത്യാസത്തിൽ മറികടന്ന് യുഎസ് സ്വർണം നേടി. ഇതോടെ യുഎസിനും ചൈനയ്ക്കും 40 സ്വർണം വീതമായി.
44 വെള്ളിയും 42 വെങ്കലവും കൂടിച്ചേര്‍ത്ത് യുഎസിന് 126 മെഡലുകളുണ്ട്. 27 വെള്ളിയും 24 വെങ്കലവുമുള്ള ചൈനയ്ക്ക് 91 മെഡലുകളാണുള്ളത്. ഇതോടെ ഒളിംപിക്സിലെ ഒന്നാം സ്ഥാനം യുഎസ് നിലനിർത്തുകയായിരുന്നു. മൂന്നാം സ്ഥാനത്തുള്ള ജപ്പാന് 20 സ്വർണം ഉൾപ്പടെ 45 മെഡലുകളാണുള്ളത്. 18 സ്വർണവുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്തും 16 സ്വർണവുമായി ആതിഥേയരായ ഫ്രാൻസ് അഞ്ചാമതും നിൽക്കുന്നു.
37 സ്വർണവുമായി ശനിയാഴ്ച രാത്രി വരെ ചൈനയ്ക്കായിരുന്നു മെഡൽ പട്ടികയിൽ ആധിപത്യം. എന്നാൽ അവസാന ദിവസത്തെ പ്രകടനത്തിലൂടെ യുഎസ് ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവുമുള്ള ഇന്ത്യ ആറു മെഡലുകളുമായി 71–ാം സ്ഥാനത്താണ്.