പൊന്നു പങ്കിടാതെ പാരിസ് !
Mail This Article
പാരിസ് ∙ ടോക്കിയോ ഒളിംപിക്സിലൂടെ കായിക ലോകത്തെ വിസ്മയിപ്പിച്ച മെഡൽ പങ്കുവയ്ക്കലിന്റെ സുവർണ മാതൃക പാരിസിൽ ആവർത്തിക്കപ്പെട്ടില്ല. ഖത്തറിന്റെ മുതാസ് ഇസ ബർഷിമും ഇറ്റലിയുടെ ജിയാൻ മാർക്കോ തംബേരിയും ഒളിംപിക്സ് ഹൈജംപ് സ്വർണം പങ്കിട്ട് സംയുക്ത ജേതാക്കളായതിന്റെ മൂന്നാം വാർഷികത്തിൽ പാരിസിലെ ഹൈജംപ് പിറ്റും മറ്റൊരു അപൂർവ നിമിഷത്തിന് അരികിലെത്തിയിരുന്നു. 2.36 മീറ്റർ പിന്നിട്ട് ഒന്നാംസ്ഥാനത്ത് തുല്യത പാലിച്ച ന്യൂസീലൻഡ് താരം ഹാമിഷ് കെറും യുഎസ് താരം ഷെൽബി മക്കീവനും സ്വർണം പങ്കിടാൻ ഒരുക്കമല്ലെന്ന് സംഘാടകരെ അറിയിച്ചു. തുടർന്ന് നടന്ന ജംപ് ഓഫിലൂടെ ഹാമിഷ് കെർ സ്വർണം നേടി.
സ്വർണ ജേതാവിനെ കണ്ടെത്താനുള്ള ആവേശകരമായ ജംപ് ഓഫിൽ 2.38 മീറ്റർ കടമ്പ പിന്നിടാൻ ഇരുവർക്കുമായില്ല. തുടർന്ന് ബാർ 2.36 മീറ്ററിലേക്ക് താഴ്ത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ 2.34 മീറ്ററിലേക്ക് താഴ്ത്തി. മക്കീവന്റെ ആദ്യ ശ്രമം പിഴച്ചു. ആദ്യ ഊഴത്തിൽതന്നെ ഈ ഉയരം മറികടന്ന് ഹാമിഷ് കെർ സ്വർണമുറപ്പിച്ചു. ടോക്കിയോയിൽ സ്വർണം പങ്കിട്ട ഖത്തറിന്റെ മുതാസ് ഇസ ബർഷിം 2.34 മീറ്റർ ചാടി വെങ്കലം നേടിയപ്പോൾ തംബേരി ഫൈനലിൽ അവസാന സ്ഥാനത്തായി. ആരോഗ്യ പ്രശ്നങ്ങളെ വകവയ്ക്കാതെ മത്സരത്തിനിറങ്ങിയ തംബേരിയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.
ഒളിംപിക്സ് ഹൈജംപിൽ കൂടുതൽ മെഡൽ നേടുന്ന താരമെന്ന റെക്കോർഡ് മുതാസ് ഇസ ബർഷിമിന് സ്വന്തമായി. ബർഷിമിന്റെ നാലാം മെഡലായിരുന്നു ഇന്നലത്തേത്. ഒരു സ്വർണം (2021), 2 വെള്ളി (2012, 2016), ഒരു വെങ്കലം (2024) എന്നിങ്ങനെയാണ് മെഡൽനേട്ടങ്ങൾ.