അത്‍ലീറ്റുകളെ എപ്പോഴും പിന്തുണയ്ക്കൂ, കുട്ടികളെ കായിക മേഖലയിലെത്താൻ പ്രോത്സാഹിപ്പിക്കൂ: നിത അംബാനി
Mail This Article
മുംബൈ∙ പാരിസ് ഒളിംപിക്സിലെ മെഡൽ ജേതാക്കളെ അനുമോദിച്ച് ഐഒസി അംഗവും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയുമായ നിത അംബാനി. ജാവലിൻ ത്രോയിൽ വെള്ളി നേടി നീരജ് ചോപ്ര, വെങ്കലം വിജയിച്ച ഇന്ത്യൻ ഹോക്കി താരങ്ങളായ പി.ആർ. ശ്രീജേഷ്, അമിത് രോഹിൻദാസ്, ഗുസ്തി താരം അമൻ സെഹ്‍റാവത്ത് എന്നിവരെയാണ് നിത അംബാനി ആദരിച്ചത്. മനുഷ്യന്റെ ചരിത്രത്തില്‍ സ്പോര്‍ട്സിനേക്കാൾ വലിയ മാന്ത്രിക ശക്തി ഇല്ലെന്ന് നിത അംബാനി പരിപാടിയിൽ പറഞ്ഞു.
‘‘അത് നമ്മളെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ഐക്യപ്പെടുത്തുകയും ചെയ്യുന്നു. കായിക മേഖലയുടെ ഈ കരുത്തിനെയാണു നമ്മൾ ആഘോഷിക്കുന്നത്. പൈതൃകം എന്നത് ഒരു രാത്രി കൊണ്ട് ഉണ്ടാകുന്നതല്ല. അതു രൂപപ്പെടുത്തുന്നതിൽ നമുക്കെല്ലാം പങ്കുവഹിക്കാൻ സാധിക്കും. സർക്കാർ, സ്വകാര്യ മേഖലയിൽ മാത്രമല്ല, കായിക രംഗത്ത് രാജ്യത്തെ ഉയരങ്ങളിലെത്തിക്കാൻ നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്. കായിക മേഖലയിലേക്കു തിരിയാൻ കുട്ടികളെ രക്ഷിതാക്കൾ പ്രോത്സാഹിപ്പിക്കണം. ഒളിംപിക്സ് വരുമ്പോൾ മാത്രമല്ല, അല്ലാത്തപ്പോഴും അത്‍ലീറ്റുകളെ ആരാധകർ പിന്തുണയ്ക്കണം.’’
‘‘പാരിസിൽ വിജയിച്ചവർ മെഡലുകൾ മാത്രമല്ല നേടിയത്. ഞങ്ങളുടെ ഹൃദയങ്ങൾ കൂടിയാണ്. ചരിത്രത്തിലേക്ക് നിങ്ങളുടെ പേരുകൾ എഴുതിവയ്ക്കപ്പെട്ടിരിക്കുന്നു. 40 വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ ഹോക്കി ടീം അവരുടെ മഹത്വം വീണ്ടെടുത്തിരിക്കുന്നു. ആദ്യം ടോക്കിയോയിൽ, ഇപ്പോൾ പാരിസിൽ.’’– നിത അംബാനി വ്യക്തമാക്കി.