ഇന്ത്യൻ ഹോക്കി ടീമിന് ഉജ്വല വരവേൽപ്, ശ്രീജേഷും സംഘവും ഡൽഹിയിൽ തിരിച്ചെത്തി
Mail This Article
പാരിസ്∙ ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരങ്ങൾ ഡൽഹിയിലെ മടങ്ങിയെത്തി. പാരിസിൽനിന്ന് ഇന്നു രാവിലെയാണ് മലയാളി താരം പി.ആർ. ശ്രീജേഷ് ഉൾപ്പടെയുള്ള സംഘം ഡൽഹിയില്‍ വിമാനമിറങ്ങിയത്. ഡൽഹി വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് ഇന്ത്യൻ സംഘത്തിനു ലഭിച്ചത്. ബുധനാഴ്ച ഇന്ത്യൻ താരങ്ങൾക്ക് ഹോക്കി ഫെഡറേഷന്റെ ഔദ്യോഗിക സ്വീകരണമുണ്ട്.
താരങ്ങളുടെ കുടുംബങ്ങളും ഹോക്കി ടീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഹോക്കിയിലെ വിജയം രാജ്യം ആഘോഷിക്കുകയാണെന്ന് ഇന്ത്യന്‍ താരം സുമിത് വാൽമികി മാധ്യമങ്ങളോടു പറഞ്ഞു. ‘‘ഇന്ത്യയുടെ സ്നേഹം ഇപ്പോൾ ഞങ്ങൾ അറിയുന്നുണ്ട്. ഞങ്ങള്‍ക്ക് ഇനിയും നന്നായി കളിക്കാൻ സാധിക്കും. ഒളിംപിക്സിൽ തകർപ്പൻ പ്രകടനമാണു പി.ആർ. ശ്രീജേഷ് നടത്തിയത്. അദ്ദേഹം കാരണമാണു ഞങ്ങൾ വെങ്കലം വിജയിച്ചത്.’’– സുമിത് വാൽമികി വ്യക്തമാക്കി.
ഇന്ത്യൻ ഹോക്കി ടീമിലെ ചില താരങ്ങൾ കഴിഞ്ഞ ശനിയാഴ്ച തന്നെ നാട്ടിലെത്തിയിരുന്നു. ഒളിംപിക്സ് സമാപന പരിപാടിക്കായി പാരിസിൽ തുടർന്നതോടെയാണ് പി.ആർ. ശ്രീജേഷ് ഉൾപ്പടെയുള്ളവരുടെ വരവ് വൈകിയത്. സമാപന പരിപാടിയിൽ ഇന്ത്യൻ പതാകയേന്തിയത് പി.ആർ. ശ്രീജേഷും മനു ഭാകറുമായിരുന്നു. വെങ്കല മെഡലിനായുള്ള മത്സരത്തിൽ സ്പെയിനെ 2–1നാണ് ഇന്ത്യ തോൽപിച്ചത്.