‘കഠിന പരിശ്രമത്തിനിടെ വിനേഷ് തളർന്നു വീണു, ആ രാത്രി അവർ മരിച്ചുപോകുമെന്ന് ഭയന്നു’
Mail This Article
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിലെ അഞ്ചരമണിക്കൂർ നീണ്ട അതിതീവ്രമായ ഭാരം കുറയ്ക്കൽ ശ്രമങ്ങൾക്കൊടുവിൽ വിനേഷ് ഫോഗട്ട് മരിച്ചുപോകുമെന്നു ഭയപ്പെട്ടിരുന്നതായി ഹംഗേറിയൻ പരിശീലകൻ വോളർ അക്കോസ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണു അകോസ് ഇക്കാര്യം കുറിച്ചത്. ഹംഗേറിയൻ ഭാഷയിൽ പോസ്റ്റ് ചെയ്ത പോസ്റ്റ് പിന്നാലെ അദ്ദേഹം ഡിലീറ്റ് ചെയ്തു. ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ട് പരാജയപ്പെട്ടതിനു പിന്നാലെ പരിശീലകൻ ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
വനിതാ ഗുസ്തി 50 കിലോഗ്രാം ഫൈനലിനു തലേന്ന് ഭാരം കുറയ്ക്കാനുള്ള കഠിന ശ്രമത്തിനിടെ വിനേഷ് തളർന്നു വീഴുക പോലുമുണ്ടായെന്നും അകോസ് പറഞ്ഞു. സെമിഫൈനലിനു ശേഷം വിനേഷിന് 2.7 കിലോഗ്രാം ഭാരം കൂടുതലുണ്ടായിരുന്നു. ശേഷം ഒരു മണിക്കൂറും 20 മിനിറ്റും വ്യായാമം ചെയ്തു. പക്ഷേ, ഒന്നരക്കിലോ പിന്നെയും നിലനിന്നു. പിന്നീട് 50 മിനിറ്റോളം സോന ബാത്ത് നടത്തിയെങ്കിലും ഒരു തുള്ളിപോലും വിയർപ്പു ശരീരത്തിൽ നിന്നു പൊടിഞ്ഞില്ല. അർധരാത്രി മുതൽ രാവിലെ 5.30 വരെ പല തരത്തിൽ വ്യായാമങ്ങൾ നടത്തി. മുക്കാൽ മണിക്കൂർ കൂടുമ്പോൾ രണ്ടോ മൂന്നോ മിനിറ്റുകൾ മാത്രം വിശ്രമമെടുത്തായിരുന്നു ഈ ശ്രമം’– അകോസ് കുറിച്ചു. മത്സരദിവസം രാവിലെ നടന്ന ഭാരപരിശോധനയിൽ 100 ഗ്രാം കൂടിയതിന്റെ പേരിലാണ് വിനേഷിന് അയോഗ്യത വന്നത്.
അതേ സമയം ഒളിംപിക്സിൽ നിന്നു ഭാരവ്യത്യാസത്തിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടിരുന്നില്ലെങ്കിൽ 2032 വരെ താൻ കരിയർ തുടർന്നേനെയെന്നു വിനേഷ് ഫോഗട്ട് പറഞ്ഞു. അയോഗ്യത വന്നതോടെ മെഡലും നിഷേധിക്കപ്പെട്ട വിനേഷിന്റെ അപ്പീൽ രാജ്യാന്തര കായിക കോടതിയും തള്ളിയിരുന്നു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണു മറിച്ചൊരു സാഹചര്യമായിരുന്നെങ്കിൽ താൻ മത്സരരംഗത്ത് തുടരുമായിരുന്നു എന്ന് വിനേഷ് വ്യക്തമാക്കിയത്.